2019 April 19 Friday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

രാജ്യദ്രോഹകുറ്റം: കനയ്യകുമാറിനെതിരായ കുറ്റപത്രം ഡല്‍ഹി ഹൈക്കോടതി സ്വീകരിച്ചില്ല

ന്യൂഡല്‍ഹി: മുന്‍ജവഹര്‍ ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറടക്കമുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി ഡല്‍ഹി പൊലിസ് സമര്‍പ്പിച്ച കുറ്റപത്രം പാട്യാല കോടതി അംഗീകരിച്ചില്ല. കുറ്റപത്രത്തിന് ഡല്‍ഹി നിയമ വകുപ്പിന്റെ അനുമതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം സ്വീകരിക്കാതിരുന്നത്.

കേസിലെ വാദത്തിനിടെ കോടതി പൊലിസിനെതിരെ വിമര്‍ശനമുന്നയിച്ചു. അനുമതിയില്ലാതെ എന്തിനാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് കോടതി ചോദിച്ചു. പത്ത് ദിവസത്തിനകം സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങണമെന്ന് ഡല്‍ഹി പൊലിസ് കോടതിയില്‍ ബോധിപ്പിച്ചു.

ഡല്‍ഹി ജെ.എന്‍.യുവില്‍ നടന്ന വിദ്യാര്‍ഥി റാലിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍ കനയ്യ കുമാര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് ഡല്‍ഹി പൊലിസ് കുറ്റപത്രം തയ്യാറാക്കിയത്. രാജ്യ ദ്രോഹത്തിന് (IPC 124 A ), പുറമെ കലാപം ഉണ്ടാക്കല്‍ (147), അനധികൃതമായി സംഘം ചേരല്‍ (149) എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

കനയ്യ കുമാര്‍ ആണ് പ്രകടനത്തിനും, മുദ്രാവാക്യം വിളിക്കും നേതൃത്വം നല്‍കിയത് എന്ന് പൊലിസ് കുറ്റപത്രത്തില്‍ ആരോപിച്ചിട്ടുണ്ട്. കനയ്യ കുമാറിന് പുറമെ സയ്യദ് ഉമര്‍ ഖാലിദ്, അനിര്‍ബാന്‍ ഭട്ടാചാര്യ എന്നിവരും കാശ്മീരി സ്വദേശികള്‍ ആയ അക്വിബ് ഹുസൈന്‍, മുജീബ് ഹുസ്സൈന്‍, മുനീബ് ഹുസൈന്‍, ഉമര്‍ ഗുള്‍, റയീസ് റസൂല്‍, ബാഷാരത് അലി, ഖാലിദ് ബഷീര്‍ ഭട്ട് എന്നിവരുമാണ് കേസിലെ മറ്റ് പ്രതികള്‍.

 


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.