2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കൗണ്ട് ഡൗണ്‍ തുടങ്ങി; ഉച്ചയ്ക്ക് 2.43ന് ചന്ദ്രയാന്‍- 2 പറന്നുയരും

 

ബെംഗളൂരു: ഒരാഴ്ച നീണ്ട കാത്തിരിപ്പിനും അനിശ്ചിതത്വത്തിനുമൊടുവില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി വിക്ഷേപനത്തിന് തയാറായി ചന്ദ്രയാന്‍- 2. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാവാകാശ നിലയത്തിലെ രണ്ടാംവിക്ഷേപണത്തറയില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് 2.43ന് ചന്ദ്രയാന്‍-2 ഐ.എസ്.ആര്‍.ഒയുടെ ‘ഫാറ്റ്‌ബോയ്’ ജി.എസ്.എല്‍.വി മാര്‍ക്ക്-3 (എം.കെ-1) കുതിച്ചുയരും. വിക്ഷേപണത്തിന് മുന്നോടിയായി 20 മണിക്കൂര്‍ മുന്‍പാണ് കൗണ്ട്ഡൗണ്‍ തുടങ്ങാറുള്ളത്. ഇതുപ്രകാരം ഇന്നലെ വൈകീട്ട് 6.43ന് കൗണ്ട്ഡൗണ്‍ തുടങ്ങി. കൗണ്‍ഡൗണ്‍ സമയത്തും റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന പ്രവര്‍ത്തിയും അവസാനഘട്ട പരിശോധനകളും നടക്കുന്നുണ്ട്.

വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്‌സല്‍ ശനിയാഴ്ച രാത്രി പൂര്‍ത്തിയായിരുന്നു. ഇതിന് പിന്നാലെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ഒരു തവണ കൂടി ഉറപ്പാക്കിയ ശേഷമാണ് ഞായറാഴ്ച വൈകിട്ട് 6.43ന് കൗണ്ട് ഡൗണ്‍ തുടങ്ങിയത്. ഐ.എസ്.ആര്‍.ഒയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണമായ ദൗത്യമാണ് ചന്ദ്രയാന്‍2. ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍1 വിജയകരമായി വിക്ഷേപിച്ചതിന്റെ തുടര്‍ച്ചയാണ് ചന്ദ്രയാന്‍ 2.

 

റോക്കറ്റിലെ സാങ്കേതിക തകരാറിനെതുടര്‍ന്ന് ജൂലൈ 15ന് പുലര്‍ച്ചെ 2.51ന് പുറപ്പെടേണ്ടതായിരുന്നു. എന്നാല്‍, വിക്ഷേപണത്തിന് കഷ്ടിച്ച് ഒരുമണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെ ദൗത്യം നിര്‍ത്തിവയ്ക്കുകയായിരുന്നു.

വിക്ഷേപണ തീയതി വൈകിയെങ്കിലും മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ സെപ്റ്റംബര്‍ ആറിന് തന്നെ ചാന്ദ്രയാന്‍- 2 ചന്ദ്രനില്‍ ഇറക്കാനാണ് ഐ.എസ്.ആര്‍.ഒയുടെ തീരുമാനം. നേരത്തെ 28 ദിവസം വലം വച്ച ശേഷം ലാന്ററിനെ ചന്ദ്രനില്‍ ഇറക്കാനായിരുന്നു തീരുമാനം. പുതിയ പദ്ധതി അനുസരിച്ച് ചന്ദ്രനെ ചുറ്റുന്നത് 13 ദിവസം ആയി കുറച്ചു. അതേസമയം ആദ്യപദ്ധതിപ്രകാരം 17 ദിവസം ഭൂമിയെ ചുറ്റി വേണമായിരുന്നു പേടകം ചന്ദ്രനിലേക്കുള്ള യാത്ര തിരിക്കേണ്ടത്. ഇത് പുതിയ പ്ലാന്‍ പ്രകാരം 23 ദിവസമായി കൂടി. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള യാത്രയുടെ സമയം അഞ്ച് ദിവസമായിരുന്നത് പുതിയ പദ്ധതി പ്രകാരം ഏഴ് ദിവസം ആക്കിയും തിരുത്തി.

3290 കിലോ ഭാരമുള്ള പേടകത്തെ ലക്ഷ്യത്തില്‍ എത്തിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത് ജി.എസ്.എല്‍.വി മാര്‍ക്ക് ത്രി റോക്കറ്റ് ആണ്. 384,400 കിലോമീറ്റര്‍ സഞ്ചരിച്ച് ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ എത്താന്‍ പേടകത്തിന് 53 ദിവസം വേണം. ചന്ദ്രന്റെ രാസഘടനയെ കുറിച്ചുള്ള വിശദമായ പഠനമാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തിയത് ഇന്ത്യയുടെ ചാന്ദ്രയാന്‍ ഒന്ന് പേടകമായിരുന്നു. 978 കോടി രൂപയാണ് ചെലവ്.

Chandrayaan-2 launch, Countdown for rocket take-off going smoothly


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.