2020 May 27 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

#FactCheck: വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കില്‍ ചാലഞ്ച് വോട്ടോ?, 14 ശതമാനം ടെണ്ടര്‍ വോട്ട് വീണാല്‍ റീ പോളിങ്ങോ?

വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേരില്ലെന്നു കണ്ടാല്‍ ചാലഞ്ച് വോട്ട് ചെയ്യാമെന്ന രീതിയില്‍ ഈയിടെയായി വാട്‌സ്ആപ്പിലൂടെ വ്യാപകമായി ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. പലരുടെയും പേരിലാണ് വ്യാജമായ ഈ സന്ദേശം പരപരക്കുന്നത്.

ഇതാണ് മെസേജ് (തിരുത്തിയിട്ടില്ല)

നിങ്ങള്‍ പോളിം ബൂത്തില്‍ എത്തിയപ്പോള്‍ നിങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലെന്ന് മനസ്സിലാക്കിയാല്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ വോട്ടേഴ്‌സ് ഐഡി കാണിച്ച് വിഭാഗം 49 എ പ്രകാരം ‘ challenge vote’ ചോദിച്ച് വോട്ട് രേഖപ്പെടുത്തുക.

ആരെങ്കിലും നിങ്ങളുടെ വോട്ട് ഇതിനകം നടത്തിയിട്ടുണ്ടെന്ന് നിങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍, ‘ടെന്‍ഡര്‍ വോട്ട്’ ചോദിച്ച് നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുക.

ഏതെങ്കിലും പോളിംഗ് ബൂത്തില്‍ 14% ടെന്‍ഡര്‍ വോട്ട് രേഖപ്പെടുത്തിയാല്‍ അത്തരം പോളിംഗ് ബൂത്തില്‍ റീ പോളിംഗ് നടത്തും.

വോട്ടുചെയ്യാനുള്ള അവരുടെ അവകാശം എല്ലാവര്‍ക്കും അറിയാന്‍ ഈ സുപ്രധാന സന്ദേശം പരമാവധി ഗ്രൂപ്പുകളുമായും സുഹൃത്തുക്കളുമായും പങ്കുവയ്ക്കുക.

ഫാക്ട് ചെക്ക്: സന്ദേശത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് സത്യം, ബാക്കി വ്യാജം.

ഇതേ സന്ദേശം ഇംഗ്ലീഷിലും പ്രചരിക്കുന്നുണ്ട്

മെസേജിന്റെ ആദ്യ ഭാഗത്തില്‍ പറയുന്ന 49 എ വകുപ്പ് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ രൂപകല്‍പ്പന ചെയ്യുന്നതിനെപ്പറ്റിയാണ് പറയുന്നത്. 1961 ലെ കണ്ടക്ട് ഓഫ് ഇലക്ഷ്ഷന്‍ റൂള്‍സിലെ ഈ വകുപ്പിലോ മറ്റേതെങ്കിലും വകുപ്പിനെ ചാലഞ്ച് വോട്ടിനെപ്പറ്റി പറയുന്നേയില്ല.

സെക്ഷന്‍ 49 എ: ‘എല്ലാ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്കും ഒരു കണ്‍ട്രോള്‍ യൂനിറ്റും ഒരു ബാലറ്റിങ് യൂനിറ്റും വേണം, ഇതിന്റെ രൂപകല്‍പ്പനയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വേണം’

 

 

നിങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് വോട്ടു ചെയ്യാനാവില്ല. വെറുതെ അതുമിതും സന്ദേശം കണ്ട് പോളിങ് ബൂത്ത് ഉദ്യോഗസ്ഥരുമായി അടിയുണ്ടാക്കാന്‍ നില്‍ക്കേണ്ട. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ പോയി നിങ്ങളുടെ പേരുണ്ടോയെന്ന് പരിശോധിക്കാം. അല്ലെങ്കില്‍ നിങ്ങളുടെ ബൂത്ത് തലത്തിലുള്ള രാഷ്ട്രീയപ്പാര്‍ട്ടികളോട് ചോദിച്ചോളൂ.. അവര്‍ കാണിച്ചുതരും.

ഇനി നിങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടായിട്ടും വോട്ടര്‍ ഐ.ഡി കാര്‍ഡില്ലെങ്കില്‍ വോട്ടു ചെയ്യാനാവും. ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ഫോട്ടോ പതിച്ച പാസ്ബുക്ക്, തൊഴിലുറപ്പ് കാര്‍ഡ്, തൊഴില്‍ വകുപ്പ് നല്‍കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, പൊതുകമ്പനികള്‍ നല്‍കുന്ന ഐഡന്റിറ്റി കാര്‍ഡ്, എം.പി, എം.എല്‍.എ, എം.എല്‍.എസി എന്നിവര്‍ക്ക് ലഭിക്കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിച്ചും വോട്ടുചെയ്യാം.

ടെണ്ടര്‍ വോട്ടിനെപ്പറ്റിയാണ് മെസേജിന്റെ മറ്റൊരു ഭാഗം. ഇതില്‍പ്പറയുന്ന പകുതി ശരിയാണ്. 49 പി വകുപ്പ് പ്രകാരം, നിങ്ങളുടെ വോട്ട് ആരെങ്കിലും ചെയ്തിട്ടുണ്ടെന്ന് കണ്ടാല്‍ പ്രിസൈഡിങ് ഓഫിസറുടെ അടുത്ത് പരാതിപ്പെടാം. വെരിഫിക്കേഷനു ശേഷം 49 പി വകുപ്പു പ്രകാരം നിങ്ങള്‍ക്ക് ‘ടെണ്ടേര്‍ഡ് ബാലറ്റ് പേപ്പര്‍’ അനുവദിക്കും.

 

 

ഈ ടെണ്ടേര്‍ഡ് വോട്ട് സീല്‍ ചെയ്ത് വേറെ മാറ്റിവയ്ക്കും. നേരിയ വോട്ടിന്റെ വ്യത്യാസം മാത്രമാണ് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ളതെങ്കില്‍ മാത്രമേ ഈ വോട്ട് എണ്ണുകയുള്ളൂ. അങ്ങനെയുള്ള ഘട്ടത്തില്‍ ഈ വോട്ട് വിജയത്തിന് പരിഗണിക്കുകയും ചെയ്യും.

വലിയ ഭൂരിപക്ഷത്തിലാണ് വിജയമെങ്കില്‍ ടെണ്ടേര്‍ഡ് വോട്ടുകള്‍ സാധാരണ പരിഗണിക്കാറില്ല. 14 ശതമാനം ടെണ്ടര്‍ വോട്ടുകളുണ്ടായാല്‍ റീ പോളിങ് നടത്തുമെന്ന കാര്യം തീര്‍ത്തും വ്യാജമാണ്.

പ്രചരണം വ്യാജം: തെരഞ്ഞെടുപ്പ് കമ്മിഷന്‍

ചാലഞ്ച് വോട്ട്, ടെണ്ടര്‍ വോട്ട് എന്നിവയെ സംബന്ധിച്ച് വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നത് വ്യാജമാണെന്ന് മധ്യപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.എല്‍ കാന്ത റാവു വ്യക്തമാക്കി.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.