2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

പണമില്ലെന്ന് എഴുതിനല്‍കിയാല്‍ പി.സി ജോര്‍ജിന് യാത്രാബത്ത നല്‍കാം: ദേശീയ വനിതാ കമ്മിഷന്‍

ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ കന്യാസ്ത്രീയെ ആക്ഷേപിച്ച പി.സി ജോര്‍ജിനെതിരേ രൂക്ഷവിമര്‍ശനവുമായി ദേശീയ വനിതാ കമ്മിഷന്‍.

പി.സി ജോര്‍ജിന് ഡല്‍ഹിക്ക് വരാന്‍ പണമില്ലെങ്കില്‍ നല്‍കുമെന്ന് അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. യാത്രാച്ചെലവിനായി പണമില്ലെന്ന് എഴുതിനല്‍കിയാല്‍ യാത്രാബത്ത നല്‍കാം. ഇരയായ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി ജോര്‍ജില്‍ നിന്ന് കൂടുതല്‍ മാന്യത പ്രതീക്ഷിക്കുന്നില്ല. പി.കെ ശശി എം.എല്‍.എക്കെതിരായ ആരോപണത്തില്‍ യുവതി പരാതിനല്‍കിയാല്‍ നിയമസഹായം അടക്കമുള്ള എല്ലാ പിന്തുണയും നല്‍കും.

പീഡനത്തിനിരയായ കന്യാസ്ത്രീയെ അധിക്ഷേപിച്ച കേസില്‍ ഈ മാസം 21ന് നേരിട്ട് ഹാജരാകണമെന്ന് കഴിഞ്ഞദിവസം വനിതാ കമ്മിഷന്‍ പി.സി ജോര്‍ജിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികരണമായി വണ്ടിക്കൂലി നല്‍കിയാല്‍ ഡല്‍ഹിക്ക് വരാമെന്നും അല്ലെങ്കില്‍ കമ്മിഷന്‍ കേരളത്തിലേക്ക് വരട്ടെയെന്നുമാണ് പി.സി ജോര്‍ജ് പറഞ്ഞത്.

ഇതിനോട് പ്രതികരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. കേരളത്തില്‍ തുടര്‍ച്ചയായി സ്ത്രീകള്‍ക്കെതിരേ ഉണ്ടാകുന്ന അക്രമങ്ങളെയും ഇതുമായി ബന്ധപ്പെട്ടുള്ള പരാതികളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍കൊണ്ടുവരുമെന്നും രേഖാ ശര്‍മ പറഞ്ഞു.

മുഖ്യമന്ത്രി വിദേശത്തുനിന്ന് എത്തുന്ന മുറയ്ക്ക് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തും. പരാതിക്കാരിയായ കന്യാസ്ത്രീയെയും ഒപ്പമുള്ള അഞ്ചു കന്യാസ്ത്രീകളെയും നേരില്‍ക്കണ്ട് കാര്യങ്ങള്‍ മനസിലാക്കിയതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കത്ത് നല്‍കിയിരുന്നു.

മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് അതൃപ്തി അറിയിക്കും. ഈ പരാതി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് എന്തോ കുഴപ്പമുണ്ട്. ഒന്നുംചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് സര്‍ക്കാരെന്നും രേഖ ശര്‍മ ആരോപിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.