2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഞാന്‍ സി.എച്ച് മുഹമ്മദ് കോയ; മുന്‍മന്ത്രി, ഇത് എന്റെ തൊപ്പി

പി. ഖാലിദ്
8589984479#

 

എഴുപതുകള്‍ മുസ്‌ലിം ലീഗിന്റെ പ്രക്ഷുബ്ധ വര്‍ഷങ്ങളായിരുന്നു. പുറമെക്ക് ശാന്തം. ഉള്ളില്‍ ആര്‍ത്തലയ്ക്കുന്ന തിരമാലകള്‍. സി.എച്ച് മുഹമ്മദ് കോയ വാനോളം ഉയരുന്നതിലുള്ള അസ്‌ക്യതക്ക് തിടംവയ്ക്കുന്ന കാലം. ചന്ദ്രിക ചര്‍ച്ചിതമാം രാത്രിയില്‍ എല്ലാവരും ചന്ദ്രനെ മാത്രമേ കാണൂ. നടക്കുമ്പോള്‍ തന്നോടൊപ്പമാണെന്ന് ചന്ദ്രനും നടക്കുന്നതെന്ന് തോന്നും. സി.എച്ച് തന്നോടൊപ്പമാണെന്ന് അണികള്‍ നെഞ്ചില്‍ ഉറപ്പിച്ച കാലമായിരുന്നു അത്. മിന്നാമിനുങ്ങുകള്‍ അരിശപ്പെടുക സ്വാഭാവികം. നീര്‍മണിത്തുമ്പില്‍ പ്രതിഫലിക്കുന്ന പ്രപഞ്ചത്തിന്റെ വര്‍ണചിത്രംപോലെ സി.എച്ചില്‍ ഒരു സമുദായത്തിന്റെ സൗന്ദര്യം അപ്പാടെ പ്രതിഫലിച്ചു.

1972 ഏപ്രില്‍ 25ന് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ ദേശീയ അമരക്കാരന്‍ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് അന്തരിച്ചു. പുതിയ അമരക്കാരനായി ഖാഇദുല്‍ഖൗം സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ അവരോധിതനായി. ഒഴിഞ്ഞ്കിടക്കുന്ന ഖാഇദെമില്ലത്തിന്റെ കസേരയില്‍ ആരെ ഉപവിഷ്ടനാക്കും. ബാഫക്കി തങ്ങള്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. സി.എച്ച് മുഹമ്മദ് കോയ. മുസ്‌ലിം ലീഗില്‍ ചേരുമ്പോള്‍ ഖാഇദെമില്ലത്ത് കോടീശ്വരനായിരുന്നു. മദിരാശിയിലെ പേരുകേട്ട തുകല്‍ വ്യവസായിയായിരുന്നു. ദരിദ്രനായാണ് മരിച്ചത്. അതങ്ങെനെയായിരുന്നു. മുസ്‌ലിം ലീഗിലേക്ക് വന്ന ധനാഢ്യരെല്ലാം മരണപ്പെട്ടപ്പോള്‍ ദരിദ്രരായിട്ടാണ് മരണപ്പെട്ടത്. എല്ലാം സമുദായത്തിനവര്‍ നല്‍കി. പകരം ആറടി മണ്ണ് മാത്രം. ഇന്ന് ആ അവസ്ഥക്ക് മാറ്റം ഉണ്ടായിട്ടുണ്ട്.

ലോക്‌സഭയില്‍ മഞ്ചേരി പാര്‍ലമെന്റ് മണ്ഡലത്തെയായിരുന്നു ഇസ്മാഈല്‍ സാഹിബ് പ്രതിനിധീകരിച്ചിരുന്നത്. സി.എച്ച് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും. ഖാഇദെമില്ലത്ത് പാര്‍ലമെന്റില്‍ ഉയര്‍ത്തിയ ശബ്ദം ഏറ്റുപറയാന്‍ സി.എച്ചിന് മാത്രമേ കഴിയൂ എന്ന് ബാഫഖി തങ്ങള്‍ മനസ്സിലാക്കി.

ബാഫഖി തങ്ങള്‍ സി.എച്ചിനെ വിളിച്ചു. മന്ത്രിസ്ഥാനം രാജിവച്ചു ഉടനെമടങ്ങുക. സി.എച്ച് മറ്റൊന്നും ആലോചിക്കാതെ പറഞ്ഞു, ‘ഞാനിതാ പുറപ്പെട്ടു.’ രാജി ഇപ്പോള്‍തന്നെ വേണോ ഒന്നുകൂടി ആലോചിച്ചിട്ട് പോരേ എന്നൊന്നും ആ മനസ്സില്‍ ഉദിച്ചില്ല. വിദ്യാഭ്യാസ മന്ത്രി സി.എച്ച് മുഹമ്മദ് കോയ മന്ത്രിസഭയില്‍നിന്നും രാജിവച്ച വാര്‍ത്ത റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യാന്‍ തുടങ്ങി. രാജിവച്ചാല്‍ ഉടനെതന്നെ വീട് ഒഴിഞ്ഞുകൊടുക്കണമെന്ന നിബന്ധനയൊന്നുമില്ല. എന്നാല്‍ ബാഫക്കി തങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ ആ രാത്രിയില്‍തന്നെ പെട്ടിയും കിടക്കയും കുഞ്ഞുകുട്ടികളുമായി സി.എച്ച് ക്ലിഫ്ഹൗസിന്റെ പടികള്‍ ഇറങ്ങി. എങ്ങനെ കോഴിക്കോട്ടെത്തുമെന്നോ ആര് കൊണ്ടുപോകുമെന്നോ യാതൊരു നിശ്ചയവുമില്ല. ഒരെത്തുംപിടിയുമില്ലാതെ റോഡരികില്‍നിന്ന സി.എച്ചിനെയും കുടുംബത്തെയും നാട്ടിലെത്തിച്ചത് സീതിഹാജി.
കോഴിക്കോട്ടെത്തിയാല്‍ സി.എച്ചിന്റെ വീട് പിന്നീട് ചന്ദ്രികയാണ്. ചീഫ് എഡിറ്റര്‍ കസേര എന്നും അദ്ദേഹത്തിന് വേണ്ടി ഒഴിഞ്ഞുകിടന്നു. പതിവുപോലെ മുഖപ്രസംഗവും റിപ്പോര്‍ട്ടുകളും എഴുതിക്കൊണ്ടിരുന്നു. തലേന്ന് രാത്രി തന്റെ പ്രിയശിഷ്യന്‍ ജാഫര്‍ അത്തോളി നടത്തിയ ഒരു തീപ്പൊരി പ്രസംഗം റിപ്പോര്‍ട്ട് രൂപത്തിലാക്കുകയായിരുന്നു സി.എച്ച്. അന്നേരമാണ് കുറെയാളുകള്‍ അദ്ദേഹത്തെ തേടിയെത്തിയത്. അവര്‍ വടക്കെ വയനാട്ടിലെ മാനന്തവാടിയില്‍നിന്നും വന്നവരായിരുന്നു. എഴുതിക്കൊണ്ടിരുന്ന സി.എച്ച് എഴുത്ത് നിര്‍ത്തി. അവര്‍ സി.എച്ചിന്റെ പ്രിയപ്പെട്ട സുഹൃത്തും സാധാരണ പ്രവര്‍ത്തകനുമായിരുന്ന മാനന്തവാടിയിലെ സി.എച്ച് മൊയ്തുവിന്റെ മരണവിവരം അറിയിക്കാന്‍ വന്നതായിരുന്നു. സി.എച്ച് മൊയ്തു മെഡിക്കല്‍ കോളജില്‍ മരിച്ചുകിടക്കുന്നു. നാട്ടിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സിന് പണമില്ല. ഖബറടക്കത്തിനും പണമില്ല. എന്ത്‌ചെയ്യും അവര്‍ സി.എച്ചിനോട് ആവലാതിപ്പെട്ടു. ഇന്നത്തെ കാലത്ത് ഒരു മിസ്ഡ്‌കോള്‍കൊണ്ട് ഇരുന്നിടത്ത് ഇരുന്ന് പരിഹരിക്കാന്‍ കഴിയുന്ന ഒരു പ്രശ്‌നം. അന്നും അങ്ങനെ ചെയ്യാമായിരുന്നു. തന്റെ കസേരയില്‍ നിന്നിളകാതെ ഒരു ലോക്കല്‍കോള്‍കൊണ്ട് സി.എച്ച് മുഹമ്മദ് കോയക്ക് പ്രശ്‌നം പരിഹരിക്കാമായിരുന്നു. പക്ഷെ, സി.എച്ച് മുഹമ്മദ് കോയക്ക് അറിയില്ലല്ലോ സി.എച്ച് മുഹമ്മദ് കോയയെ. തന്റെ സുഹൃത്തിന്റെ വിയോഗവാര്‍ത്ത കേട്ടയുടനെ കസേരയില്‍നിന്നെഴുന്നേറ്റ് അദ്ദേഹം ഇറങ്ങിനടക്കാന്‍ തുടങ്ങി. കൂടെവന്നവര്‍ പിന്നാലെയും. ചന്ദ്രികക്ക് പുറത്തിറങ്ങിയ സി.എച്ച് പടിഞ്ഞാറ് ഭാഗത്തേക്ക് വൈ.എം.സി.എ ഹാളിന് മുന്നിലുള്ള സിറ്റി ബസ്‌സ്റ്റോപ്പിലേക്കാണ് നടന്നത്. ഇന്നലെവരെ മന്ത്രിയായിരുന്ന ഒരു മനുഷ്യന്‍ ഇന്ന് സിറ്റി ബസ് പിടിക്കാന്‍ ബസ്‌സ്റ്റോപ്പിലേക്ക്.

ബസ്സില്‍ കയറിയ സി.എച്ചിനെ പലരും അത്ഭുതത്തോടെ നോക്കി. എല്ലാവരും സീറ്റൊഴിഞ്ഞുകൊടുക്കാന്‍ സന്നദ്ധരായി. മെഡിക്കല്‍ കോളജില്‍ ബസ്സിറങ്ങിയ സി.എച്ച് തന്റെ സുഹൃത്ത് മൊയ്തു മരിച്ചുകിടക്കുന്നത് ഏറെനേരം നോക്കിനിന്നു. പിന്നെ പുറത്തേക്ക്. മെഡിക്കല്‍ കോളജിനുപുറത്ത്, റോഡിന് മറുവശത്തായി ഒരു ഹോട്ടല്‍ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. അതൊരു ഹൈന്ദവ സഹോദരന്റേതായിരുന്നു. സി.എച്ച് ആ ഹോട്ടലിലേക്ക് കയറിചെന്നപ്പോള്‍ നെറ്റിയില്‍ കുറിയിട്ട ഹോട്ടല്‍ മുതലാളി ഭവ്യതയോടെ സീറ്റില്‍നിന്ന് എഴുന്നേറ്റു. പക്ഷെ, സി.എച്ച് അതൊന്നും കാണുന്നുണ്ടായിരുന്നില്ല. തലയിലെ തൊപ്പിയെടുത്ത് അവിടെ ഭക്ഷണം കഴിക്കുന്നവരിലേക്ക് നീട്ടിക്കൊണ്ട് പറഞ്ഞു.
‘ഞാന്‍ സി.എച്ച് മുഹമ്മദ് കോയ. മുന്‍മന്ത്രി. എന്റെ ഒരു സുഹൃത്ത് ഇവിടെ മെഡിക്കല്‍ കോളജില്‍ മരിച്ചുകിടക്കുന്നു. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകണം. എന്റെ കൈയില്‍ പണമില്ല. സഹായിക്കൂ’. ശബ്ദായനമായിരുന്ന ഹോട്ടല്‍ ഒരുനിമിഷം നിശ്ശബ്ദമായി. കൈയിലുള്ളതും വായിലിട്ടതുമായ ഭക്ഷണം പൊള്ളുന്നത് പോലെ പലര്‍ക്കും തോന്നി. അവരെല്ലാം ഭക്ഷണം മതിയാക്കി സി.എച്ചിനരികിലേക്ക് പണം നല്‍കാനായി കുതിച്ചു. എന്നാല്‍, ഹൈന്ദവ സഹോദരനായ ഹോട്ടലുടമ അവരെയെല്ലാം തടഞ്ഞു. എന്നിട്ട് സി.എച്ചിന്റെ കൈയില്‍നിന്നും തൊപ്പിവാങ്ങി സി.എച്ചിന്റെ തലയില്‍തന്നെ വച്ചുകൊടുത്തു. എന്നിട്ട് പറഞ്ഞു- ‘ഇത് ഇവിടെയാണ് ഇരിക്കേണ്ടത്’ തുടര്‍ന്ന് മേശവലിപ്പില്‍നിന്നും ഏതാനും നോട്ടുകളെടുത്തു സി.എച്ചിനെയും കൂട്ടി പുറത്തേക്ക് നടക്കുമ്പോള്‍ ആ ഹൈന്ദവ സഹോദരന്റെ മിഴികള്‍ നിറയുന്നുണ്ടായിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.