2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

സി.ബി.എസ്.ഇ സ്‌കൂളുകളിലേക്ക് മലയാളം കടന്നുവരുമ്പോള്‍

മലായളഭാഷയുടെ ദുര്‍ഗതിയുടെ ഏറ്റവും പ്രബലമായ കാരണം പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ചയാണ്. മാതൃഭാഷയില്‍ അധിഷ്ഠിതവും സാമ്പത്തികമായ ഉച്ചനീചത്വങ്ങള്‍ക്ക് അതീതവുമായിരുന്നു കേരളത്തിലെ പൊതുവിദ്യാഭ്യാസം. തല്‍സ്ഥാനത്താണ് സ്വകാര്യ സ്വാശ്രയ സ്‌കൂളുകള്‍ കയറിവന്നത്. ആളൊഴിഞ്ഞ പൊതുവിദ്യാലയങ്ങള്‍ നോക്കുകുത്തികളായി നില്‍ക്കുകയും തൊട്ടടുത്തുതന്നെ സ്വകാര്യ സ്വാശ്രയ വിദ്യാലയങ്ങള്‍ പത്രാസോടെ നില്‍ക്കുകയും ചെയ്യുമ്പോള്‍ മാതൃഭാഷയ്ക്ക് ഏതുണ്ട് രക്ഷാമാര്‍ഗം ?

എ.പി കുഞ്ഞാമു 9446464948

സി.ബി.എസ്.ഇ സ്‌കൂള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മലയാള പഠനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമനിര്‍മാണത്തെ അത്യധികം ആവേശത്തോടെയാണ് ഭാഷാ സ്‌നേഹികള്‍ സ്വാഗതം ചെയ്യുന്നത്. മലയാളം പഠിക്കാതെ തന്നെ മലയാളികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനാവും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അതാണ് മാറാന്‍ പോകുന്നത്. മാതൃഭാഷാപോഷണത്തിന്റെ വഴിയിലെ സുപ്രധാനമായ നാഴികക്കല്ലുകളിലൊന്നാണ് ഇതെന്ന് ജനങ്ങള്‍ കരുതുന്നു. എന്നാല്‍ അത്രക്കങ്ങ് ലളിതമാണോ കാര്യങ്ങള്‍ ? എല്ലാ സ്‌കൂളുകളിലും മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കുന്നത് ഉചിതമായ നടപടിതന്നെ. കുട്ടികള്‍ തീര്‍ത്തും ഉപേക്ഷിക്കേണ്ടിവന്ന മാതൃഭാഷ അവര്‍ക്ക് ഒരു പരിധിവരെ തിരിച്ചുകിട്ടും. പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ചയോടു ചേര്‍ത്തുവച്ചു വായിക്കുമ്പോള്‍ മാത്രമേ മാതൃഭാഷയെ നാം എങ്ങനെയാണ് വിദ്യാഭ്യാസരംഗത്തു നിന്ന് പുറത്താക്കിയതെന്ന് വ്യക്തമാവുകയുള്ളൂ. പൊതുവിദ്യാലയങ്ങള്‍ പൂട്ടിപ്പോകുകയും തല്‍സ്ഥാനത്ത് സി.ബി.എസ്.ഇ വിദ്യാലയങ്ങള്‍ തഴച്ചുവളരുകയും ചെയ്യുന്ന സ്ഥിതിയാണ് വിദ്യാഭ്യാസ രംഗത്തുള്ളത്. ഈ വളര്‍ച്ചയാണ് മാതൃഭാഷാ പഠനത്തെ നിരുത്സാഹപ്പെടുത്തിയത്. അതിന് തടയിടാനാവാത്ത കാലത്തോളം മലയാളപഠനം സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കിയാലും ഇംഗ്ലീഷിന്റെ മേല്‍ക്കോയ്മ വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കും. മലയാളം അക്ഷരങ്ങള്‍ കൂടി കുട്ടികള്‍ പഠിക്കുന്നതുകൊണ്ട് ഈ ആംഗലവല്‍ക്കരണ പ്രക്രിയയില്‍ മാറ്റമൊന്നുമുണ്ടാവുകയില്ല എന്നതാണ് വസ്തുത.

തകര്‍ന്നത് പൊതുവിദ്യാഭ്യാസം
ബ്രിട്ടീഷുകാര്‍ ഇന്ത്യാരാജ്യം ഒന്നരനൂറ്റാണ്ടിലേറെ കാലം ഭരിച്ചു. അവര്‍ നാട്ടില്‍ നിന്നു പോയിട്ട് 70 വര്‍ഷം കഴിഞ്ഞു. എന്നാല്‍ ബ്രിട്ടീഷ് കാലത്തുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യാനന്തര കാലത്താണ് നാം ഇംഗ്ലീഷ് വിധേയത്വം കാണിക്കുന്നത്. പൊതുജീവിതത്തിലുടനീളം പാശ്ചാത്യമൂല്യങ്ങളോടുള്ള വിധേയത്വം പ്രകടമാണ്. വേഷവിധാനങ്ങളില്‍, ചിന്താരീതിയില്‍, വിദ്യാഭ്യാസത്തില്‍, ഭക്ഷ്യശീലങ്ങളില്‍, എന്തിനേറെ കല്യാണക്കത്ത് അച്ചടിക്കുന്നതിലും വരെ പടിഞ്ഞാറോട്ട് ചാഞ്ഞുകൊണ്ടാണ് നാം നിലകൊള്ളുന്നത്. വിദ്യാഭ്യാസ മണ്ഡലത്തിലാണ് ഈ ചായ്‌വ് കൂടുതലായി ദൃശ്യമാകുന്നത്. ഇംഗ്ലീഷ് രീതിയിലുള്ള മികച്ച പബ്ലിക് സ്‌കൂളുകളില്‍ പഠിച്ചുവളര്‍ന്ന നവസായിപ്പുമാര്‍ പൊതുമണ്ഡലത്തിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നു എന്നതായിത്തീര്‍ന്നു ഇന്ത്യന്‍ അവസ്ഥ. അതുമൂലം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ ധാരാളമായി ഉണ്ടായി. അവിടെ പഠിച്ചവര്‍ക്കായി പൊതുജീവിതത്തില്‍ മേല്‍ക്കൈ. ഈ മാറ്റത്തിനിടയില്‍ തകര്‍ന്നുപോയത് പൊതുവിദ്യാലയങ്ങളാണ്. പ്രാദേശിക ഭാഷാ വിദ്യാഭ്യാസമാണ്. തല്‍സ്ഥാനത്ത് നാടുനീളെ ഇംഗ്ലീഷ് അധ്യയനമാധ്യമമായ സി.ബി.എസ്.ഇ സ്‌കൂളുകള്‍ ഉയര്‍ന്നുവന്നു. ഇംഗ്ലീഷ് രീതിയിലുള്ള നടപ്പുശീലങ്ങളും യൂനിഫോമുകളും അവര്‍ സ്വീകരിച്ചു. മലയാളം പ്രസ്തുത സ്‌കൂളുകളില്‍ നിന്നു പടിയിറക്കപ്പെട്ടു.
മലായളഭാഷയുടെ ദുര്‍ഗതിയുടെ ഏറ്റവും പ്രബലമായ കാരണം പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ചയാണ്. മാതൃഭാഷയില്‍ അധിഷ്ഠിതവും സാമ്പത്തികമായ ഉച്ചനീചത്വങ്ങള്‍ക്ക് അതീതവുമായിരുന്നു കേരളത്തിലെ പൊതുവിദ്യാഭ്യാസം. തല്‍സ്ഥാനത്താണ് സ്വകാര്യ സ്വാശ്രയ സ്‌കൂളുകള്‍ കയറിവന്നത്. ആളൊഴിഞ്ഞ പൊതുവിദ്യാലയങ്ങള്‍ നോക്കുകുത്തികളായി നില്‍ക്കുകയും തൊട്ടടുത്തുതന്നെ സ്വകാര്യ സ്വാശ്രയ വിദ്യാലയങ്ങള്‍ പത്രാസോടെ നില്‍ക്കുകയും ചെയ്യുമ്പോള്‍ മാതൃഭാഷയ്ക്ക് ഏതുണ്ട് രക്ഷാമാര്‍ഗം ?

കാംബ്രിഡ്ജും കനഡയും മറ്റും
ഇംഗ്ലീഷ് മാധ്യമത്തിലുള്ള വിദ്യാഭ്യാസത്തോടും പാശ്ചാത്യ മാതൃകകളോടുമുള്ള നമ്മുടെ വിധേയത്വം അവസാനിപ്പിക്കുകയാണ് മാതൃഭാഷയെ സജീവമായി നിലനിര്‍ത്താനുള്ള ഏറ്റവും മികച്ച ഉപാധി. നിര്‍ഭാഗ്യവശാല്‍ ഈ രണ്ടുകാര്യങ്ങളിലും നാം ശരിയായ നിലപാടിലെത്തിയിട്ടില്ല. നാട്ടിലുടനീളം വഴിയോരങ്ങളില്‍ ഉയര്‍ന്നു നില്‍ക്കുന്ന സ്വാശ്രയ വിദ്യാലയങ്ങളുടെ പടുകൂറ്റന്‍ ബോര്‍ഡുകള്‍ മാത്രം മതി അതിനു തെളിവ്. ചില സ്‌കൂളുകള്‍ കാംബ്രിഡ്ജ് സിലബസ് പഠിപ്പിക്കുന്നു. വേറെ ചില സ്‌കൂളുകളില്‍ കനഡയിലെ പാഠ്യപദ്ധതിയാണ് നിലവിലുള്ളത്. ചില വിദ്യാലയങ്ങളുടെ സവിശേഷത അവിടെ കുതിരസവാരി പഠിപ്പിക്കുന്നു എന്നതാണ്. ഇത്തരം പരസ്യങ്ങള്‍ യഥാര്‍ഥത്തില്‍ വിളിച്ചോതുന്നത് തങ്ങളുടെ വരേണ്യതയാണ്. ബെഞ്ചും ഡസ്‌കും മൂത്രപ്പുരയുമില്ലാത്ത സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളിലല്ല സുഖസമ്പൂര്‍ണ ജീവിതം നയിക്കുന്ന നിങ്ങളുടെ കുട്ടി പഠിക്കേണ്ടത്, മറിച്ച് ഞങ്ങളൊരുക്കുന്ന മികച്ച വിദ്യാഭ്യാസ സാഹചര്യങ്ങള്‍ക്കനുസൃതമായി പ്രവൃത്തിക്കുന്ന ഫസ്റ്റ്ക്ലാസ് സ്‌കൂളുകളിലാണ് എന്ന് പരസ്യങ്ങള്‍ പറയാതെ പറഞ്ഞുവയ്ക്കുന്നു. ഈ സ്‌കൂളുകള്‍ സമൂഹത്തില്‍ ഒരു വിഭജനം ഉണ്ടാക്കിയെടുക്കുന്നു. ഉയര്‍ന്ന ആളുകളുടേതായ വിദ്യാഭ്യാസ സ്‌കാരത്തെപ്പറ്റി അവ സൂചിപ്പിക്കുകയും അതിലേക്കു ക്ഷണിക്കുകയും ചെയ്യുന്നു. സാധാരണക്കാര്‍ ഇവ സൃഷ്ടിക്കുന്ന പ്രലോഭനവലയത്തില്‍ അകപ്പെടുകയാണ്. വീടുണ്ടാക്കുന്നതിലും വാഹനങ്ങള്‍ വാങ്ങുന്നതിലും വസ്ത്രധാരണത്തിലുമെല്ലാം സംഭവിക്കുന്ന വിപത്തുതന്നെയാണ് വിദ്യാഭ്യാസരംഗത്തും സംഭവിക്കുന്നത്.
ഈ മനോനിലയെ എളുപ്പത്തില്‍ മറികടക്കാനാവുകയില്ല. അതുകൊണ്ടാണ് മികച്ച പബ്ലിക് സ്‌കൂളുളോടു പോലും മത്സരിക്കാന്‍ പാകത്തില്‍ പൊതുവിദ്യാലയങ്ങളെ മാറ്റിയെടുക്കുവാന്‍ ഇന്ന് ശ്രമങ്ങള്‍ നടക്കുന്നത്. അതില്‍ വലിയൊരളവോളം നാം വിജയിച്ചിട്ടുമുണ്ട്. സര്‍ക്കാര്‍ മുന്‍കൈകള്‍, പി.ടി.എകള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ പരിശ്രമങ്ങള്‍, അധ്യാപകര്‍ക്ക് നല്‍കുന്ന പരിശീലനങ്ങള്‍ തുടങ്ങിയ പലഘടകങ്ങളും പൊതുവിദ്യാലയങ്ങള്‍ മികച്ചതായിത്തീരാന്‍ കാരണമാകുന്നു. പക്ഷേ, നമ്മുടെ പൊതുബോധം അടിസ്ഥാന സൗകര്യങ്ങളുടെ മാറ്റത്തിന്റെ തലത്തിനപ്പുറത്തേക്ക് ഉയര്‍ന്നിട്ടില്ല. അധ്യാപകരുടെ തൊഴില്‍ സംസ്‌കാരത്തിലും കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. എങ്ങനെയൊക്കെയായാലും വരേണ്യ സ്വാശ്രയവിദ്യാലയങ്ങള്‍ സൃഷ്ടിക്കുന്ന ‘സാംസ്‌കാരിക വിടവി’നെ എതിര്‍ത്തുതോല്‍പ്പിക്കാന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ പൊതുവിദ്യാലയങ്ങള്‍ക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. പൊതുവിദ്യാലയങ്ങളുടെ വളര്‍ച്ച സര്‍ക്കാരിന്റെയും രാഷ്ട്രീയപാര്‍ട്ടികളുടെയും സാമൂഹിക സംഘടനകളുടെയുമെല്ലാം പ്രധാന അജണ്ടയായിത്തീരുകയും അവിടെ മാതൃഭാഷാ കേന്ദ്രീകൃതമായ വിദ്യാഭ്യാസരീതി നടപ്പിലാക്കുകയും ചെയ്താല്‍ മാത്രമേ നാട്ടുഭാഷകള്‍ രക്ഷപ്പെടുകയുള്ളു.
നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ശരി, പൊതുവിദ്യാഭ്യാസത്തെ മറികടന്ന് സ്വാശ്രയ വിദ്യാഭ്യാസം സമൂഹത്തില്‍ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. അത്തരം വിദ്യാലയങ്ങളില്‍ കുട്ടികളെ പഠിപ്പിക്കരുതെന്ന് പറയുന്നത് പ്രായോഗികമാവുകയുമില്ല. ആ നിലയ്ക്ക് സ്വാശ്രയ കോളജുകളിലും മലയാളം നിര്‍ബന്ധമാക്കുക ഉചിതമായ നടപടിതന്നെയാണ്. പക്ഷേ, അതുകൊണ്ടുമാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയില്ല. മലയാളം പറഞ്ഞാല്‍ മൊട്ടയടിക്കണമെന്ന പഴയ നിലപാടിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോഴും പല സ്വാശ്രയ സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നത്. നിലകൊള്ളുന്നത് കോഴിക്കോട്ടോ, കൊണ്ടോട്ടിയിലോ മറ്റോ ആണെങ്കിലും കേംബ്രിഡ്ജിലും കനഡയിലുമാണ് തങ്ങള്‍ എന്ന മനോനിലയിലാണ് പല സ്‌കൂള്‍ നടത്തിപ്പുകാരും.

സംസ്‌കാരമാണ് പ്രധാനം
സി.ബി.എസ്.ഇ സ്‌കൂളുകളില്‍ മലയാളം പഠിപ്പിക്കുകയല്ല നമ്മുടെ മുന്നിലുണ്ടാവേണ്ട അടിയന്തര വിഷയം. മറിച്ച് പ്രസ്തുത സ്‌കൂളുകളെ കേരളത്തിന്റെ സാംസ്‌കാരികാന്തരീക്ഷത്തിലേക്ക് പറിച്ചുനടുകയാണ്. നമ്മുടെ കുട്ടികളെ കേരളീയ ജീവിതപരിസരങ്ങളില്‍ ഉറപ്പിച്ചുനിര്‍ത്തിയാലേ ഭാഷ രക്ഷപ്പെടുകയുള്ളൂ. മാതൃഭാഷയെന്നത് കേവലം അക്ഷരങ്ങളും വാക്കുകളുമല്ല, നമ്മുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. പൂച്ചയെ ചൂണ്ടിക്കാട്ടി ഇതാമോളേ ‘ക്യാറ്റ്’എന്നുപറഞ്ഞ് പഠിപ്പിച്ച ശേഷം സ്‌കൂളില്‍ പോയി മലയാള അക്ഷരങ്ങള്‍ കുട്ടിയുടെ തലയിലേക്ക് തള്ളിക്കയറ്റിയാല്‍ അത് മാതൃഭാഷാ പഠനവും പ്രോത്സാഹനവുമാകുന്നില്ല. അതല്ല മാതൃഭാഷയെ നിലനിര്‍ത്താനുള്ള പോംവഴി. മലയാളഭാഷക്കുവേണ്ടി സംസാരിക്കുന്ന പല ഭാഷാസ്‌നേഹികളും ആയ കാലത്ത് സ്വന്തം കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിപ്പിച്ചവരാണ്. പലര്‍ക്കും അതില്‍ ഇപ്പോള്‍ കുറ്റബോധം ഉണ്ട് എന്നതും സത്യം. മലയാളത്തിലെ പല പ്രമുഖ എഴുത്തുകാരുടെയും മക്കള്‍ ഇംഗ്ലീഷ് മീഡിയക്കാരാണ്. ഇപ്പോഴും മിക്കപേരും സ്വന്തം കുട്ടികളെ സ്വാശ്രയ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പഠിപ്പിക്കുന്നവരും അതിന്റെ കുറ്റബോധം പേറുന്നവരുമാണ്. സി.ബി.എസ്.ഇ സ്‌കൂളുകളില്‍ മലയാളപഠനം നിര്‍ബന്ധമാക്കിയതോടെ അവര്‍ക്ക് വലിയ ആശ്വാസമായിക്കാണും. കുറ്റബോധം നീങ്ങിക്കാണണം, അത്രേയുള്ളു. അതല്ലാതെ മാതൃഭാഷയുടെ നിലനില്‍പ്പിനും വളര്‍ച്ചക്കും പുതിയ പരിഷ്‌കാരം എത്രത്തോളം ഗുണം ചെയ്യും എന്ന് കണ്ടറിയുക തന്നെ വേണം.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.