2020 January 25 Saturday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ഏത് സമയത്തും കസ്റ്റഡിയിലായേക്കും, ചിദംബരത്തെ തേടി മൂന്നുതവണ സി.ബി.ഐ സംഘം വീട്ടില്‍; എല്ലാ കണ്ണുകളും സുപ്രിംകോടതിയിലേക്ക്

 

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ അറസ്റ്റ് ഭീഷണി നേരിടുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രആഭ്യന്തര, ധനമന്ത്രിയുമായ പി. ചിദംബരത്തെ തേടി അദ്ദേഹത്തിന്റെ വീട്ടില്‍ ഇന്ന് രാവിലെ വീണ്ടും സി.ബി.ഐ സംഘം എത്തി. കുറച്ച് സമയം അവിടെ തങ്ങിയ ശേഷം സംഘം മടങ്ങി. സുപ്രിംകോടതി തീരുമാനം വരുന്നത് വരെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കരുതെന്നാവശ്യപ്പെട്ട് ചിദംബരത്തിന്റെ അഭിഭാഷകന്‍ സി.ബി.ഐ ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാം തവണയും ഡല്‍ഹിയിലെ ചിദംബരത്തിന്റെ വീട്ടില്‍ സി.ബി.ഐ സംഘം എത്തിയത്. ഇതോടെ ഏതുസമയത്തും സി.ബി.ഐ സംഘം ചിദംബരത്തെ കസ്റ്റഡിയിലെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ചിദംബരത്തിന്റെ ഡല്‍ഹിയിലെ വീട്ടില്‍ ഇന്നലെ വൈകീട്ടാണ് ആദ്യം ആറംഗ സി.ബി.ഐ സംഘവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും എത്തിയത്. എന്നാല്‍ ഈ സമയം ചിദംബരം വീട്ടില്‍ ഇല്ലായിരുന്നു. തുടര്‍ന്ന് മടങ്ങി പോയ സി.ബി.ഐ സംഘം വീണ്ടും വീട്ടിലെത്തി നോട്ടീസ് പതിച്ചു. പിന്നാലെയാണ് ഇന്ന് രാവിലെ വീണ്ടും സി.ബി.ഐ സംഘം എത്തിയത്.

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ രണ്ട് മണിക്കൂറിനകം ചോദ്യം ചെയ്യലിന് ഹാജരാകണണെന്നാവശ്യപ്പെട്ട് ഇന്നലെ സി.ബി.ഐ ചിദംബരത്തിന്റെ വീട്ടിലെത്തി നോട്ടീസ് പതിച്ചിരുന്നു. ഇത് ചോദ്യം ചെയ്തായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സി.ബി.ഐ ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ചിദംബരത്തോട് രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് അഭിഭാഷകന്‍ അര്‍ഷദീപ് ഖുഖാന ചോദിച്ചു.

2008ല്‍ യു.പി.എ സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായിരിക്കെ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് (എഫ്.ഐപി.ബി) വഴി ഐ.എന്‍.എക്‌സ് മീഡിയയ്ക്കു വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ അനധികൃത ഇടപെടല്‍ നടത്തിയെന്നതാണ് ചിദംബരത്തിനെതിരായ ആരോപണം. ചട്ടപ്രകാരം 600 കോടി രൂപയ്ക്കുമുകളിലുള്ള വിദേശഇടപാടുകള്‍ പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയുടെ അനുമതിയോടെ മാത്രമെ പാടുള്ളൂ. എന്നാല്‍, 800 കോടി രൂപവരുന്ന ഈ ഇടപാടിന് സ്വന്തം നിലയ്ക്ക് അംഗീകാരം നല്‍കിയെന്നാണ് ചിദംബരത്തിനെതിരായ ആരോപണം. ഇക്കാലയളവില്‍ ഇത് സംബന്ധിച്ച സേവനങ്ങള്‍ക്കായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ഐ.എന്‍.എക്‌സില്‍ നിന്നും രണ്ടുലക്ഷം യു.എസ് ഡോളര്‍ കണ്‍സള്‍ട്ടേഷന്‍ ഫീസായി ഈടാക്കിയെന്നും സി.ബി.ഐയുടെ കുറ്റപത്രത്തില്‍ ഉണ്ട്. ദയാനിധി മാരന്‍ ടെലിക്കോം മന്ത്രിയായിരിക്കെ ഭീഷണിപ്പെടുത്തി കമ്പനി ഷെയറുകള്‍ മലേഷ്യ ആസ്ഥാനമായ മാക്‌സിസ് ഗ്രൂപ്പിലേയ്ക്ക് എഴുതി വാങ്ങിയതായി എയര്‍സെല്‍ ഉടമ സി.ശിവശങ്കരന്‍ നല്‍കിയ പരാതിയാണ് കേസിനാധാരം.

അതേസമയം, മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരായ അടിയന്തര ഹരജി ഇന്ന് രാവിലെ 10.30ന് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ചിദംബരത്തിന് അനുമതി നല്‍കിയിട്ടുണ്ട്. സുപ്രീംകോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് വരെ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ എടുക്കരുതെന്നും അഭിഭാഷകന്‍ സി.ബി.ഐ ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ബാബരി മസ്ജിദ് കേസ് ചീഫ്ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതിനാല്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന്റെ മുന്‍പാകെയാകും ആവശ്യം ഉന്നയിക്കുക. ചിദംബരത്തിന്റെ ആവശ്യത്തെ സുപ്രീം കോടതിയിലും സി.ബി.ഐയും ഇ.ഡിയും എതിര്‍ക്കും. കോടതിയുടെ ഭാഗത്തു നിന്ന് അനുകൂല തീരുമാനം വന്നില്ലെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് സി.ബി.ഐും ഇ.ഡിയും നീങ്ങും. മുന്‍കൂര്‍ ജാമ്യം ഇല്ലെങ്കില്‍ അറസ്റ്റില്‍ നിന്നുള്ള സംരക്ഷണമെങ്കിലും നീട്ടണമെന്ന ആവശ്യവും ചിദംബരം കോടതിയുടെ മുന്‍പാകെ ഉന്നയിച്ചേക്കും.

നിലവിലെ നീക്കങ്ങളെല്ലാം രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നാണ് കോണ്‍ഗ്രസ് പ്രതികരണം. ഏജന്‍സികളുടെ ധൃതിപിടിച്ചുള്ള നീക്കത്തെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയും വിമര്‍ശിച്ചിട്ടുണ്ട്.

CBI Team Visits P Chidambaram’s Delhi Home Hours Before Top Court Hearing


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.