2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

‘സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ നിശബ്ദമാക്കുകയാണ് ലക്ഷ്യം’; സി.ബി.ഐ കൈകള്‍ നീളുന്നു; പ്രണോയ് റോയ് ഉള്‍പ്പെടെ എന്‍.ഡി.ടി.വി മേധാവികള്‍ക്കെതിരെ പുതിയ കേസ്

ന്യൂഡല്‍ഹി: എന്‍.ഡി.ടി.വി സ്ഥാപകരായ പ്രണോയ് റോയ്, രാധിക റോയ്, മുന്‍ സി.ഇ.ഒ വിക്രമാദിത്യ എന്നിവര്‍ക്കെതിരെ പുതിയ കേസെടുത്ത് സി.ബി.ഐ. വിദേശ നിക്ഷേപ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് കേസ്.

ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന, അഴിമതിക്കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചാര്‍ത്തിയിരിക്കുന്നത്. 2004 നും 2010 നും ഇടയ്ക്ക് എന്‍.ഡി.ടി.വി വിദേശ നിക്ഷേപം സ്വീകരിച്ചതില്‍ ക്രമക്കേട് നടത്തിയെന്നാണ് സി.ബി.ഐ പറയുന്നത്. ഈ കാലയളവില്‍ നികുതി ഇളവുള്ള രാജ്യങ്ങളില്‍ എന്‍.ഡി.ടി.വി 32 കമ്പനികള്‍ എന്‍.ഡി.ടി.വി സ്ഥാപിച്ചെന്നും ഇവയ്ക്ക് യാതൊരു ബിസിനസുമുണ്ടായിരുന്നില്ലെന്നും വിദേശത്തു നിന്ന് പണം എത്തിക്കാനായി മാത്രം രൂപീകരിച്ചതാണെന്നുമാണ് കേസ്.

ഹോളണ്ട്, യുകെ, ദുബായ്, മലേഷ്യ, മൗറീഷ്യസ് തുടങ്ങിയിടങ്ങളിലാണ് കമ്പനികളെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ നിശബ്ദമാക്കുകയാണ് ലക്ഷ്യമെന്ന് എന്‍.ഡി.ടി.വി

കേസ് കെട്ടിച്ചമച്ചതാണെന്നും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ നിശബ്ദമാക്കുകയാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്നും എന്‍.ഡി.ടി.വി പ്രസ്താവനയിലൂടെ പ്രതികരിച്ചു. എന്‍.ഡി.ടി.വിക്കെതിരെ വേറേയും കേസുകളുണ്ടെങ്കിലും ഒന്നിനും തെളിവ് കണ്ടെത്താനായിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

നേരത്തെയും എന്‍.ഡി.ടി.വിക്കെതിരെ നടപടികളും കേസുകളും എടുത്തിരുന്നു. 2017 ല്‍, സ്വകാര്യ ബാങ്കിന് വന്‍ നഷ്ടം വരുത്തിയെന്ന് ആരോപിച്ച് സി.ബി.ഐ പ്രണോയ് റോയ്ക്കും രാധിക റോയ്ക്കുമെതിരെ കേസെടുത്തിരുന്നു. 2008ല്‍ ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്നുമെടുത്ത 48 കോടി രൂപയുടെ വായ്പയായിരുന്നു കേസിന് ആധാരം. തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു.

ഇന്‍സൈഡര്‍ ട്രേഡിങ് ചട്ടങ്ങള്‍ ലംഘിച്ചെന്ന പരാതിയേത്തുടര്‍ന്ന് മാര്‍ക്കറ്റ് നിയന്ത്രിക്കുന്ന സെബി വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.