2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

കേസിലിടപെടല്‍ രാഷ്ട്രീയക്കളിയോ


അധികാരത്തില്‍ വരുമ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരുടെ ശിക്ഷ ഇളവു ചെയ്തുകൊടുക്കുകയും എതിരാളികളെ കുടുക്കുകയും ചെയ്യുന്ന രീതി ജനകീയജനാധിപത്യമെന്ന ഏറെ പുകഴ്ത്തപ്പെട്ട വ്യവസ്ഥിതിക്ക് എത്രമാത്രമാണു പരുക്കേല്‍പിക്കുന്നതെന്നു ഭരണകര്‍ത്താക്കള്‍ മനസിലാക്കാത്തതു നിര്‍ഭാഗ്യകരമാണ്.

 

എന്‍. അബു

ഇന്ത്യക്ക് രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ സമ്മാനിച്ച ഗുജറാത്തില്‍ 2002ല്‍ നടന്ന വര്‍ഗീയകലാപത്തിനു പതിനാറുവയസ്സു തികയുന്നു. അയോധ്യയില്‍ ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട കര്‍സേവയ്ക്കു പോയി മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച തീവണ്ടിക്കു തീകൊടുത്തുവെന്ന പേരില്‍ ഗോധ്രയിലുണ്ടായ സംഭവമാണ് അന്ന് മാര്‍ച്ച് മാസത്തില്‍ ദിവസങ്ങള്‍നീണ്ട കലാപത്തിനു വഴിമരുന്നിട്ടത്.
കലാപത്തില്‍ 790 മുസ്‌ലിംകളും 254 ഹിന്ദുക്കളും കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗികകണക്കെങ്കിലും രണ്ടായിരത്തിലേറെ പേര്‍ക്കു ജീവഹാനി സംഭവിച്ചുവെന്നാണു പരക്കെ പ്രസ്താവിക്കപ്പെട്ടത്. ബില്‍ക്കിസ് ബാനുവെന്ന യുവതി കൂട്ടബലാത്സംഗത്തിനു വിധേയയാകുകയും അവരുടെ കുടുംബത്തില്‍പ്പെട്ട 14 അംഗങ്ങള്‍ ക്രൂരമായി വധിക്കപ്പെടുകയും ചെയ്തുവെന്ന കേസുവരെ ഉയര്‍ന്നു.
കലാപം അടിച്ചമര്‍ത്താന്‍ ബാധ്യതയുണ്ടായിരുന്ന അന്നത്ത ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി ഇന്നു പ്രധാനമന്ത്രിയാണ്. ആ കലാപത്തിന്റെ പേരില്‍ മോദിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു നീക്കാന്‍ ബി.ജെ.പി നേതാവു തന്നെയായ അന്നത്തെ പ്രധാനമന്ത്രി എ.ബി വാജ്‌പേയി തുനിഞ്ഞിരുന്നുവെന്നു എന്‍.പി ഉല്ലേഖ് രചിച്ച ‘അറിയപ്പെടാത്ത വാജ്‌പേയി’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.
എന്നാല്‍, ഇന്നും അവസാനിച്ചിട്ടില്ലാത്ത ഗുജറാത്ത് കേസുകളില്‍ പലതില്‍നിന്നും മോദി ‘കുറ്റവിമുക്ത’നാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തികളായിരുന്ന പൊലിസ് മേധാവികളും ‘കുറ്റവിമുക്ത’രാക്കപ്പെടുന്നു. കേസുകളില്‍നിന്നു മോചിതരായിക്കൊണ്ടിരിക്കുന്നതായാണ് വാര്‍ത്തകള്‍.
പ്രധാനമന്ത്രി മാത്രമല്ല, ഉത്തര്‍പ്രദേശില്‍ നടന്ന വര്‍ഗീയാസ്വാസ്ഥ്യങ്ങള്‍ക്ക് പ്രതിചേര്‍ക്കപ്പെട്ട അവിടത്തെ ഇന്നത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്ന സന്ന്യാസിവര്യനും ഒന്നൊന്നായ കേസുകളില്‍ നിന്നു മോചനം നേടിവരുന്നതായാണ് ലോക്‌സഭയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
മതേതരമെന്നു പേരുകേട്ട നമ്മുടെ വിഖ്യാതമായ ഭരണഘടനയില്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ നടത്തുന്ന ജനങ്ങളുടെ ഭരണകൂടം എന്ന ജനാധിപത്യ വ്യവസ്ഥയാണ് ഉദ്‌ഘോഷിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍, രാഷ്ട്രീയകക്ഷികള്‍ വര്‍ഗീയ കാര്‍ഡുകള്‍ ഇറക്കിത്തന്നെ അധികാരക്കസേരകള്‍ പിടിച്ചടക്കാന്‍ മതത്തിനു പുറമെ ജാതിയെതന്നെ കൂട്ടുപിടിക്കുന്നതായാണ് അനുഭവം. ജാതികള്‍ വഴങ്ങാത്തിടത്ത് കക്ഷിരാഷ്ട്രീയം എടുത്തു പയറ്റുകയും ചെയ്യുന്നു.
പണ്ടൊക്കെ നാം മന്ത്രിസ്ഥാനത്തേക്കു നേതാക്കളെ കണ്ടെത്തുമ്പോള്‍ അവരനുഭവിച്ച പീഡനങ്ങള്‍ ഓര്‍ക്കാറുണ്ടായിരുന്നു. ലോക്കപ്പിലും ജയിലിലുമായി അവര്‍ക്കു കഴിച്ചുകൂട്ടേണ്ടിവന്ന ദുരിതനാളുകള്‍ കണക്കിലെടുക്കുമായിരുന്നു. പുതിയ കാലഘട്ടത്തില്‍ നേരത്തെ അധികാരം കൈയാളിയിരുന്നവര്‍ കാണിച്ചുകൂട്ടിയ അഴിമതികളുടെ കഥകളാണു പുറത്തുവരുന്നത്.
തങ്ങളുടെ പേരിലുണ്ടായിരുന്ന കേസുകള്‍ ഭരണത്തില്‍ കയറുന്നതോടെ എഴുതിത്തള്ളുന്ന പ്രവണതയോടൊപ്പം മുന്‍കാലത്തു ഭരണം നടത്തിയവരുടെ പേരില്‍ രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാനുള്ള കേസുകള്‍ എടുത്തുപയറ്റുന്നതും കാണുമ്പോള്‍ നാം ഏറെ വില കൊടുത്തു നേടിയ ജനാധിപത്യം എവിടേക്കാണു പോകുന്നതെന്ന് ആശങ്കപ്പെടാതിരിക്കാനാവില്ല. ജനകീയനെന്നു വിശേഷിപ്പിക്കപ്പെട്ട ലാലു പ്രസാദ് യാദവിനെപ്പോലൊരു മുന്‍മന്ത്രി അഴിമതിക്കേസില്‍ അഴിയെണ്ണുകയാണ്. അദ്ദേഹത്തിനെതിരേ എത്രയെത്ര കേസുകള്‍ ഇനിയുമുണ്ട്.
മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരം കേന്ദ്രമന്ത്രിയായ കാലത്തു മകന്‍ കാര്‍ത്തി ചിദംബരം ധനമന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥരെ സ്വാധീനിച്ചു കോടികള്‍ കൈക്കൂലി വാങ്ങിയെന്ന കേസ് പുതുതായി വന്നിരിക്കുന്നു. ‘കൂട്ടിലടച്ച തത്ത’യെന്നു വിശേഷിപ്പിക്കപ്പെട്ട സി.ബി.ഐക്ക് അവരുടേതായ തെളിവുകളുണ്ടായിരിക്കാം. വിദേശനാണ്യവിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ഒരു കമ്പനിക്കെതിരായ അന്വേഷണം മരവിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നതാണു കാര്‍ത്തിയുടെ പേരിലുള്ള ആരോപണം.
ഇതിനായി ഏഴുലക്ഷം ഡോളര്‍ കൈപറ്റിയെന്നു സി.ബി.ഐക്കു മുന്‍പില്‍ പരാതി വന്നതു മാസങ്ങള്‍ക്കു മുമ്പാണ്. വാര്‍ത്തകള്‍ കയറൂരി നടക്കവെ, കാര്‍ത്തി വിദേശത്തേക്കു പോകാനൊരുങ്ങി. എതിരായി ഹരജിയൊന്നുമില്ലാത്തതിനാല്‍ മദ്രാസ് ഹൈക്കോടതി ആ ചെറുപ്പക്കാരനെ വിദേശയാത്രയ്ക്കു സമ്മതിച്ചു. യാത്ര കഴിഞ്ഞു ലണ്ടനില്‍നിന്നു തിരിച്ചുവന്നപ്പോഴാണു കാര്‍ത്തിയെ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്യുന്നത്. കുറ്റപത്രംപോലും തയാറാക്കാതെയുള്ള കസ്റ്റഡി.
ഇനിയും ഇന്ത്യ വിട്ടുപോകുമെന്നു സംശയിക്കുന്നതിനാല്‍ പിടികൂടുന്നുവെന്നാണു സി.ബി.ഐ പറഞ്ഞത്. അങ്ങനെ സംശയിക്കപ്പെടുന്ന ഒരാള്‍ വിദേശത്തുപോയി തിരിച്ചുവരുമോ. ഒരു ദിവസത്തെ കസ്റ്റഡി അഞ്ചുദിവസത്തേക്കു നീട്ടിയത് ചോദ്യം ചെയ്യാനെന്നു പറഞ്ഞായിരുന്നു.
തെളിവായി സി.ബി.ഐക്കു പറയാനുള്ളത്, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍പ്പെട്ട ഐ.എന്‍.എക്‌സ് മീഡിയ ഉടമയായിരുന്ന ഇന്ദ്രാണി മുഖര്‍ജി പറഞ്ഞ കാര്യം മാത്രം. കേന്ദ്രധനമന്ത്രി ചിദംബരത്തെ നോര്‍ത്ത് ബ്ലോക്കിലെ ഓഫീസില്‍ വച്ചു താന്‍ കണ്ടിരുന്നുവെന്നാണ് ഇന്ദ്രാണി പറഞ്ഞത്. ഇന്ദ്രാണിയാകട്ടെ മകള്‍ ഷീനാ ബോറയുടെ മരണം സംബന്ധിച്ച കേസില്‍ ജയിലിലുമാണ്.
മോദി ഭരണകൂടത്തിന്റെ സാമ്പത്തികനയങ്ങളുടെ കടുത്ത വിമര്‍ശകനാണു ചിദംബരമെന്ന് എല്ലാവര്‍ക്കുമറിയാം. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചയാളാണു കാര്‍ത്തി. രണ്ടുപേര്‍ക്കുമെതിരേയുള്ള രാഷ്ട്രീയ പകവീട്ടലാണിതെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. എയര്‍സെല്‍ ടെലികോം കമ്പനി ഒരു മലേഷ്യന്‍ സ്ഥാപനത്തിനു വിറ്റത് ചിദംബരത്തിന്റെ അംഗീകാരത്തോടെയാണെന്നു കുറ്റപ്പെടുത്തി അദ്ദേഹത്തിനെതിരേയും കേസുണ്ട്.
കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന സോണിയാ ഗാന്ധിക്കെതിരേയും ഈയിടെ കേസുണ്ടായി. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനു വേണ്ടി അസോഷ്യേറ്റ് ജേണല്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ ഷെയറുകള്‍ തിരിമറി നടത്തിയെന്ന കേസിലാണു സോണിയയും രാഹുലും പ്രതിചേര്‍ക്കപ്പെട്ടത്. ഓസ്‌കര്‍ ഫര്‍ണാണ്ടസ്, മോത്തിലാല്‍ വോറ, സുമന്‍ ദുബെ, സാം പിട്രോഡ എന്നിവരും പ്രതികളാണ്. കിസ്സാ കുര്‍സീകാ കേസില്‍ ഇന്ദിരാഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധിക്കെതിരേ 1978-ല്‍ കേസെടുക്കലും ജയിലിലടക്കലുമുണ്ടായിരുന്നു. 133 കോടി രൂപയുടെ യൂറിയ ഇറക്കുമതി കേസില്‍ അറസ്റ്റിലായതു മുന്‍പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്റെ മക്കളാണ്.
കോണ്‍ഗ്രസ് എം.പിയും നടനുമായ സുനില്‍ദത്തിന്റെ മകന്‍ സഞ്ജയ്ദത്തിനെ 1993-ലെ മുംബൈ സ്‌ഫോടനക്കേസിലാണ് അറസ്റ്റ് ചെയ്തത്. ചെന്നൈ നഗരത്തിലെ മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തില്‍ പന്ത്രണ്ടുകോടി രൂപയുടെ അഴിമതിയാരോപിക്കപ്പെട്ടത് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകന്‍ എം.കെ സ്റ്റാലിനാണ്. മകളും രാജ്യസഭാംഗവുമായ കനിമൊഴിയെ 2011-ലെ 2ജി സ്‌പെക്ട്രം അഴിമതിക്കേസിലാണു സി.ബി.ഐ പിടികൂടിയത്. മുന്‍കേന്ദ്രമന്ത്രി ബൂട്ടാസിങിന്റെ മകന്‍ സരബ്ജിത് സിങ്ങിനെ 2009-ല്‍ അറസ്റ്റ് ചെയ്തത് പട്ടികവിഭാഗ കമ്മിഷന്റെ പരിഗണനയിലുള്ള കേസ് ഒതുക്കിത്തീര്‍ക്കാന്‍ മൂന്നു കോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചായിരുന്നു.
ആംആദ്മി പാര്‍ട്ടി നേതാക്കളില്‍ ഏഴുപേര്‍ക്കെതിരെ സി.ബി.ഐ കേസെടുക്കുക മാത്രമല്ല വീടുകളില്‍ മിന്നല്‍ പരിശോധന നടത്തുകയും ചെയ്തു. പ്രതിചേര്‍ക്കപ്പെട്ടവരില്‍ പാര്‍ട്ടി എം.എല്‍.എമാരായ അമാനുല്ല ഖാനും ആസിം ഖാനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പെടുന്നു. ഉത്തരാഖണ്ഡ് നിയമസഭയില്‍ പിന്തുണയ്ക്കായി എം.എല്‍.എമാര്‍ക്കു കൈക്കൂലി നല്‍കിയെന്നതായിരുന്നു മുന്‍ മുഖ്യമന്ത്രി ഹരിശ് റാവത്തിനെതിരായ കേസ്. കണക്കിലില്ലാത്ത മൂലധന നിക്ഷേപം സമാഹരിച്ചുവെന്ന കേസില്‍ ഹിമാചല്‍പ്രദേശിലെ മുന്‍ മുഖ്യമന്ത്രി വീരഭദ്രസിങ് മാത്രമല്ല, പത്‌നി പ്രതിഭയും പ്രതിചേര്‍ക്കപ്പെട്ടു. 400 ഏക്കര്‍ ഭൂമിയിടപാടില്‍ അഴിമതി ആരോപിക്കപ്പെട്ടു കേസില്‍ കുടുങ്ങിയിരിക്കുകയാണു ഹരിയാനയുടെ മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍സിങ് ഹൂദ.
യു.പി മുന്‍മുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ മായാവതിക്കെതിരേയുള്ള കേസ് നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷനിലെ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയതിനാണ്. ജമ്മുകശ്മിര്‍ ക്രിക്കറ്റ് അസോസിയേഷനില്‍ 118 കോടി രൂപയുടെ തിരിമറി നടന്നതായി നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഡോ. ഫാറൂഖ് അബ്ദുല്ലക്ക് എതിരായ കേസ് വന്നിരിക്കുന്നത് അദ്ദേഹം അസോസിയേഷന്‍ പ്രസിഡന്റായ കാലത്തെ അഴിമതിയാരോപിക്കപ്പെട്ടായിരുന്നു.
മുംബൈ ആസ്ഥാനമായ ഒരു കമ്പനിക്ക് ആംബുലന്‍സുകള്‍ക്കായി തിരിമറി നടത്തി എന്ന ആരോപണം മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പയലറ്റ് എന്നിവര്‍ക്കെതിരായ കേസിലേയ്ക്കു വലിച്ചിഴക്കപ്പെട്ടു. ആന്ധ്രയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വാണിജ്യസാമ്രാജ്യത്തിലേയ്ക്കു പിതാവ് വൈ.എസ് രാജശേഖരറെഡ്ഡി മുഖ്യമന്ത്രിയായിരിക്കെ കൂറ്റന്‍ സംഭാവനകള്‍ പിരിച്ചുവെന്നതും കേസായി.
കൊല്‍ക്കത്തയിലെ കോളിളക്കം സൃഷ്ടിച്ച 2500 കോടി രൂപയുടെ ശാരദാ ചിറ്റ് ഫണ്ട് കേസില്‍ ഒരു ഡസനിലേറെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരും എം.എല്‍.എമാരും പ്രതികളാണ്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ കുടുങ്ങി മഹാരാഷ്ട്രയിലെ മുന്‍ ഉപമുഖ്യമന്ത്രിയായ കോണ്‍ഗ്രസ് നേതാവ് ഛഗന്‍ ഭുജ്പാല്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ്.
അധികാരത്തില്‍ വരുമ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരുടെ ശിക്ഷ ഇളവു ചെയ്തുകൊടുക്കുകയും എതിരാളികളെ കുടുക്കുകയും ചെയ്യുന്ന രീതി ജനകീയജനാധിപത്യമെന്ന ഏറെ പുകഴ്ത്തപ്പെട്ട വ്യവസ്ഥിതിക്ക് എത്രമാത്രമാണു പരുക്കേല്‍പിക്കുന്നതെന്നു ഭരണകര്‍ത്താക്കള്‍ മനസിലാക്കാത്തതു നിര്‍ഭാഗ്യകരമാണ്.
കേരളനിയമസഭയില്‍ കഴിഞ്ഞതവണ കൈയാങ്കളി നടത്തിയ എം.എല്‍.എമാര്‍ക്കെതിരായ കേസ് പിന്‍വലിക്കുന്നു. എതിര്‍പ്പുയര്‍ന്നപ്പോള്‍ കോടതിയില്‍ നിലപാടുമാറ്റി. ബാര്‍കോഴ വിവാദമുയര്‍ത്തി ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം 2015 മാര്‍ച്ച് 13നു തടസപ്പെടുത്തിയതിനാണ് അന്നത്തെ പ്രതിപക്ഷ എം.എല്‍.എമാരായ ഇന്നത്തെ മന്ത്രി കെ.ടി ജലീല്‍, മുന്‍ മന്ത്രി ഇ.പി ജയരാജന്‍, വി. ശിവന്‍കുട്ടി, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ സദാശിവന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്.
സ്പീക്കറുടെ വേദി തകര്‍ക്കുകയും കസേര മറിച്ചിടുകയും ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാക്കുകയും ചെയ്ത ആ കേസ് പിന്‍വലിക്കണമെന്ന് ശിവന്‍കുട്ടി നല്‍കിയ അപേക്ഷയില്‍ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം ഒമ്പതിന് ഉത്തരവ് ഇറക്കി. പ്രതിപക്ഷം കേസിനു പോകുമെന്ന പശ്ചാത്തലത്തില്‍ ആ നീക്കം പിന്‍വലിച്ചു. അതേസമയം, പിന്‍വലിക്കുകതന്നെ ചെയ്യുമെന്ന സൂചനയുണ്ട്.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഐക്യജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ നിയമസഭയില്‍ സ്പീക്കറുടെ മുഖം മറച്ചു പ്ലക്കാര്‍ഡുയര്‍ത്തുന്ന അതേ അവസരത്തിലാണിതെന്ന് ഓര്‍ക്കണം. അന്നു സ്പീക്കറുടെ വേദി തകര്‍ക്കുന്നതിനു സാക്ഷ്യംവഹിച്ച എം.എല്‍.എയാണ് ഇന്നു സ്പീക്കര്‍പദവിയിലിരിക്കുന്നത്. അതോര്‍ക്കുമ്പോള്‍ ഇത്തരം നാടകങ്ങള്‍ക്കുള്ള സ്ഥിരം വേദിയാവുന്നില്ലേ ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭ എന്നു സംശയിച്ചുപോകുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.