
പി.കെ മുഹമ്മദ് ഹാത്തിഫ്#
”രണ്ടുകാലുകള്ക്കു പകരം നാലുചിറകുകള്‍ വച്ചുതന്നതിന് ഒരായിരം നന്ദി… ഞാന്‍ പറക്കുകയായിരുന്നു കഴിഞ്ഞ മൂന്നു ദിവസം. ഈ ലോകത്ത് ആയിരുന്നില്ല ഞാന്‍. കാണണമെന്ന് ആഗ്രഹിച്ചതെല്ലാം ഞാന്‍ കണ്ടു. കേള്‍ക്കണമെന്ന് ആഗ്രഹിച്ചതെല്ലാം ഞാന്‍ കേട്ടു. കഴിക്കണമെന്ന് ആഗ്രഹിച്ചതെല്ലാം കഴിച്ചു. ഈ യാത്രയില്‍ എനിക്ക് സ്വപ്നങ്ങളില്ല; സന്തോഷം മാത്രം, ഈ സന്തോഷങ്ങള്‍ എനിക്ക് നേടിത്തന്ന, ഈ സന്തോഷങ്ങളിലേക്ക് എന്നെ വിളിച്ച, ഈ സന്തോഷങ്ങള്‍ക്കായി ഇത്രേം ഒരുക്കങ്ങള്‍ നടത്തിയ നിനക്ക് ഒരായിരം നന്ദി. ഒരിക്കല്‍ ഈ വീല്‍ചെയറില്‍ ആയിപ്പോയ, ഇതിലിങ്ങനെ ഇരുന്നുപോയ, ഞങ്ങളുടെയെല്ലാം സ്വപ്നങ്ങള്‍ക്ക്, നീയൊരു ചിറകുനല്‍കി. ആ ചിറകുകള് ഇനിയൊരിക്കലും തളരാന്‍ ഇടവരുത്തരുതേ എന്നൊരു പ്രാര്‍ഥന മാത്രം.
ഞങ്ങള്‍ പോവുകയാണ്. ഞങ്ങള്‍ പോകുന്നത് ആ പഴയ ജീവിതത്തിലേക്കാണ്. പക്ഷെ ഈ സന്തോഷങ്ങളും സ്വപ്നങ്ങളും ഈ ജീവിതത്തില്‍നിന്നു മായുകയില്ല. ഈ കാര്‍ണിവല്‍ നില്ക്കരുതേ എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പക്ഷെ, നിര്‍ത്താതെ പറ്റില്ലല്ലോ. ഇനി അടുത്ത കാര്‍ണിവല്‍ എത്തുന്നതുവരെ, അതിനുവേണ്ടി ഞങ്ങള്‍ കാത്തിരിക്കും. ആ കാത്തിരിപ്പില്‍ എപ്പോഴും നിന്റെ മുഖവുമുണ്ടാകും. ഈ ലോകത്ത് ഞങ്ങള്‍ തനിച്ചല്ല, ഞങ്ങള്‍ വീല്‍ചെയറിലല്ല എന്നു കഴിഞ്ഞ മൂന്നു ദിവസംകൊണ്ട് ഞങ്ങളെ ഓര്മപ്പെടുത്തിയതിനു നന്ദി…”
കോഴിക്കോട് മെഡിക്കല്‍ കോളജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം 18, 19, 20 തിയതികളില്‍ ഐ.പി.എം കാംപസില്‍ നടന്ന ‘ക്യൂരിയോസ് കാര്‍ണിവലി’ന്റെ നെടുംതൂണും ഇവന്റ് കോഡിനേറ്ററുമായിരുന്ന പ്രകാശ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് മുകളില്‍ കുറിച്ചത്. പാലിയേറ്റിവ് പരിചരണത്തില്‍ കഴിയുന്ന രോഗികള്‍ക്ക് മൂന്ന് ആഘോഷരാവുകള്‍ സമ്മാനിച്ചാണ് ക്യൂരിയോസ് കാര്‍ണിവല്‍ സമാപിച്ചത്. ലിറ്ററേച്ചര്‍ കഫേ, കുടിലിനപ്പുറം, പുളിഞ്ചുവട്, വാല്‍കഷണം, ശ്രീ തുടങ്ങിയ വേദികളിലായി പ്രദര്‍ശനങ്ങള്‍ക്കൊപ്പം സംവാദങ്ങളും കലാപരിപാടികളും കാര്‍ണിവല്‍ സമ്മാനിച്ചു. രോഗീ പരിചരണത്തിനുള്ള വിഭവസമാഹരണവും പാലിയേറ്റിവ് പരിചരണവും സന്നദ്ധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ജനകീയവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിന് കാര്‍ണിവല്‍ നടത്തിയത്.
ആഗ്രഹങ്ങളുടെ വര്ണമരം
തണല്മരങ്ങളില് തൂങ്ങിയാടുന്ന വര്‍ണക്കടലാസുകള്‍. അതില്‍ നിറയെ എഴുതിച്ചേര്‍ത്തിരിക്കുന്നത് അതുവഴി കടന്നുപോയവരുടെ ആഗ്രഹങ്ങളായിരുന്നു. മരിക്കുന്നതിനുമുന്പേ പൂര്‍ത്തീകരിക്കേണ്ട ആഗ്രഹങ്ങള്‍. ക്യൂരിയോസ് കാര്‍ണിവലിലെ പ്രധാന ആകര്‍ഷണം നിരവധി പേരുടെ ആഗ്രഹങ്ങള്‍ പൂത്ത ഈ വര്ണമരമായിരുന്നു. ജീവിതത്തിലെ നിറങ്ങള്‍ നഷ്ടമാവുംമുന്പ് സ്വപ്നങ്ങള്‍ എഴുതിവയ്ക്കാമെന്നത് കാര്‍ണിവലിലെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഇനമായിരുന്നു. മൂന്നു ദിനങ്ങളിലായി നടന്ന കാര്‍ണിവലിന്റെ അവസാനദിനത്തിലേക്കെത്തുമ്പോഴേക്കും സ്വപ്നങ്ങള്‍ കൊണ്ട് ആ വര്ണമരം നിറഞ്ഞിരുന്നു.
ആഗ്രങ്ങള്‍ എഴുതിച്ചേര്‍ത്ത വര്ണമരത്തിനു ചുവട്ടില്നിന്നങ്ങോട്ടാണ് കാര്‍ണിവലിന്റെ തുടക്കം.
മരണത്തിലേക്കുള്ള വഴി
”മരിക്കുന്നതിനുമുന്പെ എനിക്ക് അതറിയണം. പിന്നെ അതിനുമുന്പെ എനിക്കു കുറെ ചെയ്തുതീര്‍ക്കാനുണ്ടാവും.” ”എനിക്ക് യാത്ര ചെയ്യുമ്പോള്‍ മരിക്കണം.” ”എനിക്കു വേദനകളില്ലാതെ സ്വന്തം വീട്ടില്‍ കിടന്നു മരിക്കണം…”
കാര്‍ണിവലിലെ ലിറ്ററേച്ചര്‍ കഫേയില്‍ ജീവിച്ചിരിക്കെ നമ്മുടെ മരണം എങ്ങനെയായിരിക്കുമെന്നു ചര്‍ച്ച ചെയ്യുന്നതിന് ഒരുക്കിയ ഡെത്ത് കഫേയില്‍ എത്തിയവരുടെ അഭിപ്രായങ്ങളാണിവ. ജീവിതത്തിന്റെ നേട്ടങ്ങള്‍ക്കായുള്ള ഓട്ടത്തില്‍ മറന്നുപോകുന്ന മരണത്തെ കുറിച്ചുള്ള ഓരോരുത്തരുടെയും ചിന്തയും ആകാംക്ഷയും ഡെത്ത് കഫേയുടെ പ്രത്യേകതയായിരുന്നു. എങ്ങനെ ജീവിക്കണമെന്നതിനു നാം കൊടുക്കുന്ന പ്രാധാന്യത്തെ പോലെത്തന്നെ മരണത്തിനും പ്രാധാന്യമുണ്ടെന്നത് ഓര്‍മപ്പെടുത്തുന്നതായിരുന്നു ഡെത്ത് കഫേയിലെ അനുഭവം.
കാര്‍ണിവലില്‍ പങ്കെടുത്തവരുടെ കണ്ണിനെ ഈറനണിയിച്ച മറ്റൊരു പരിപാടിയായിരുന്നു ലെറ്റര്‍ റീഡിങ്. മരണത്തോട് മല്ലിട്ട് അത്യാസന്ന നിലയില്‍ കിടക്കുന്ന രോഗികള്‍ക്കു പ്രിയപ്പെട്ടവര്‍ അയച്ച കത്തുകള്‍ ഓരോന്നും പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങളായിരുന്നു വിളിച്ചോതിയത്.
”ഈ കടയില്‍ നിങ്ങള്‍ നല്കുന്ന ഓരോ രൂപയും ഒരു രോഗിയുടെ വേദന ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് മാറ്റാന്‍ സഹായിക്കും..”
ആഗ്രഹങ്ങള്‍ തുന്നിച്ചേര്‍ത്ത വര്ണമരച്ചോട്ടില്നിന്നു നോക്കിയാല്‍ കാണുന്ന ഓരോ തട്ടുകടകള്‍ക്കു മുന്നിലും ഇങ്ങനെയൊരു ബോര്‍ഡ് എഴുതിവച്ചിട്ടുണ്ട്. കെടാവിളക്കുകളുടെ പ്രകാശത്തില്‍ ചെറിയ നടപ്പാതയിലൂടെ നടന്നുപോവുമ്പോള്‍ ഓരോ കുഞ്ഞുകടകളുമുണ്ട്. കൈകൊണ്ട് തുന്നിയുണ്ടാക്കിയ കുഞ്ഞുടുപ്പുകള്‍, മുത്തുകള്‍ കോര്‍ത്തുണ്ടാക്കിയ മാലകള്‍, പാവകള്‍, കരകൗശല വസ്തുക്കള്‍, അമ്മയുടെ കൈപ്പുണ്യത്തില്‍ തീര്‍ത്ത രുചിയൂറും വിഭവങ്ങള്‍… എല്ലാം നിരത്തിവച്ചിരിക്കുന്ന 52 കടകള്‍. കൂടാതെ പാലിയേറ്റിവ് വിഭാഗത്തിലെ കിടപ്പുരോഗികള്‍ നിര്‍മിക്കുന്ന ജൂട്ട് ബാഗുകള്‍, പേനകള്‍, മറ്റു കരകൗശല വസ്തുക്കള്‍ തുടങ്ങിയവ വില്‍ക്കുന്ന ‘ഷോപ് ഓഫ് കംപാഷനും’ മറ്റൊരു പ്രത്യേകതയാണ്.
പാട്ടും കൊട്ടും പിന്നെ ഷഹബാസും
ഷഹബാസ് അമന്റെ ഗസല്‍ കേട്ട് വീല്‍ചെയറിലിരുന്ന് കൊമ്പന് മീശയും പിരിച്ച് ഹംസാക്ക കൈകൊണ്ട് താളം താളംപിടിക്കുമ്പോള്‍ കണ്ടുനിന്നവരെല്ലാം അദ്ദേഹത്തിനു ചുറ്റും കൂടി. ഗസല്‍ സന്ധ്യ അവസാനിക്കുംവരെയും വീല്‍ചെയറിലിരുന്ന് മറ്റൊരു സ്വപ്നലോകം തീര്‍ക്കുകയായിരുന്നു ഹംസക്കായും കൂടെയുള്ളവരും.
റാസാ-ബീഗം ദമ്പതികളുടെ ഗസല്‍, വിനോദ് കോവൂരും സുരഭിയും ഒരുക്കിയ ‘മൂസാക്കാന്റെ പയ്യാരം- പാത്തൂന്റെ പുന്നാരം’, പിന്നെ കോഴിക്കോട്ടെ കോളജുകളിലെയും സ്കൂളിലെയും കുട്ടികള്‍ അവതരിപ്പിച്ച പാട്ടും നൃത്തവുമെല്ലാം കാര്‍ണിവല്‍ ആഘോഷത്തിനു മാറ്റുകൂട്ടി.
ഐ.പി.എം എന്ന സാന്ത്വന ലോകം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിന് അഥവാ രോഗികളുടെ സാന്ത്വനതീരം. കോഴിക്കോട് മെഡിക്കല്‍ കോളജ് ചെസ്റ്റ് ആശുപത്രിക്കു സമീപത്താണ് ഈ സാന്ത്വനകേന്ദ്രം സ്ഥിതി ചെയ്യുന്നത്. വേദനയില്ലാതെ മരണത്തെ പുല്കാനുള്ള അന്തരീക്ഷം ഒരുക്കുന്നതോടൊപ്പം രോഗികളുടെ എല്ലാ ചെലവും ഐ.പി.എമ്മാണു വഹിക്കുന്നത്. വേദനസംഹാരികള്‍ അത്യാവശ്യമുള്ള രോഗികള്‍ക്കു നല്കിവരുന്നു. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള സ്ഥലങ്ങളില്‍നിന്നു വരുന്ന രോഗികളും മെഡിക്കല്‍ കോളജില്‍നിന്ന് റഫര്‍ ചെയ്യുന്ന രോഗികളുമാണ് ഇവിടുത്തെ അംഗങ്ങള്‍. ഏകദേശം വര്‍ഷത്തില്‍ രണ്ടായിരത്തിലേറെ രോഗികള്‍ ഇവിടേക്കെത്തുന്നുണ്ട്.
”അന്തസ്സോടെ, സമാധാനത്തോടെ മരിക്കാന്‍ പറ്റിയ സ്ഥലമായി എല്ലാവരും ആഗ്രഹിക്കുന്നത് സ്വന്തം വീട് തന്നെയാണ്. വേദനയില്ലാതെ മരണത്തെ പുല്കാനുള്ള അന്തരീക്ഷമാണ് ഐ.പി.എം ഒരുക്കുന്നത്. രോഗം മാറി ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യതയില്ലാത്തവര്‍ എപ്പോഴും ആഗ്രഹിക്കുന്നത് വേദനയില്ലാത്ത മരണമാണ്. അത് ഞങ്ങള്‍ ഇവിടെ സാധ്യമാക്കുന്നു”-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിന് ഡയരക്ടര്‍ ഡോ. അന്‍വര്‍ ഹുസൈന് ഇങ്ങനെ പറഞ്ഞുനിര്‍ത്തുമ്പോള്‍, മനസില്‍ എന്തെന്നില്ലാത്ത സന്തോഷമാണു തുളുമ്പിനിന്നത്. സ്ഥാപനത്തിന്റെ നടത്തിപ്പിനായി മാസം ഏകദേശം 15 ലക്ഷത്തോളം രൂപയാണു ചെലവ്. വര്‍ഷത്തില്‍ ഏകദേശം രണ്ടു കോടിയോളം രൂപയും. ഇവയെല്ലാം കണ്ടെത്തുന്നത് സംഭാവനയിലൂടെയാണ്. കാര്ണിവലില്നിന്നു ലഭിച്ച തുകയും രോഗീപരിചരണത്തിനു വേണ്ടിത്തന്നെയാണു നീക്കിവച്ചിരിക്കുന്നത്.
നന്ദി വീണ്ടും വരിക.. തോരണങ്ങള്‍ അഴിച്ചുവച്ച് ആളും ആരവവുമൊഴിഞ്ഞ ഐ.പി.എം കുറച്ചുകൂടി സുന്ദരമാണ്. മരണത്തെ പഴയൊരു ചങ്ങാതിയെപ്പോലെ പുല്കാന് പഠിപ്പിച്ചുതരുന്ന ഇടമാണ്. വേദന മറക്കാന്‍ പഠിപ്പിക്കുന്ന, പുഞ്ചിരിക്കാന്‍ പഠിപ്പിക്കുന്ന ഇടം. പൂര്‍ണമായും നിങ്ങളുടെ കൈകളിലാണ് ഐ.പി.എം. ഒരു രൂപ മതി ഒരാളുടെ ഒരു മണിക്കൂര്‍ വേദന കുറക്കാന്‍. ഒരു ചിരി മതി ഒരായുസ്സോളമുള്ള കരുതലിന്. നമുക്കൊരുമിച്ച് ഒരുപാട് ദൂരം പോവേണ്ടതുണ്ട്. വീണ്ടും വരണം. വീണ്ടും കാണണം.
കാര്‍ണിവലിന്റെ അവസാനദിവസം ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ഓരോ വളന്റിയറുടെയും സോഷ്യല്‍ മീഡിയാ സ്റ്റാറ്റസ് ഇങ്ങനെയായിരുന്നു… ഇനി അടുത്ത കാര്‍ണിവലിനായുള്ള കാത്തിരിപ്പും.