2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

കാന്‍സറിന്റെ അതിവ്യാപനം

Also Read: ആരോഗ്യകേരളം, ആതുരകേരളം

Also Read: പിടിവിട്ട ജീവിതശൈലി, പിടിവിടാതെ രോഗങ്ങള്‍

 

കാന്‍സറിനു പ്രത്യേക കാരണമൊന്നുമില്ല. എന്നാലും കേരളത്തില്‍ ഇത്തരം അസുഖങ്ങള്‍ക്കുള്ള അനുകൂല സാഹചര്യം നിലനില്‍ക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജീവിതശൈലിയും അന്തരീക്ഷമലിനീകരണവും ചുവന്നമാംസവും പച്ചക്കറികളിലും പഴവര്‍ഗങ്ങളിലുമുള്ള കീടനാശിനികളും രാസവളങ്ങളും പുകയില ഉല്‍പന്നങ്ങളുമെല്ലാം കാന്‍സര്‍ വര്‍ധിപ്പിക്കുന്ന ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു. മാംസത്തില്‍ ഫൈബര്‍ ഘടകങ്ങള്‍ കുറവായതിനാല്‍ വന്‍കുടല്‍, മലാശയ കാന്‍സര്‍ എന്നിവക്കു സാധ്യതയേറെയാണ്

മുഷ്താഖ് കൊടിഞ്ഞി

കൂടുതല്‍ മാരകമായതിനാല്‍ ലോകം ഭയപ്പെടുന്ന കാന്‍സര്‍ ഏറ്റവും കൂടുതല്‍ പിടിമുറുക്കിയ സ്ഥലങ്ങളിലൊന്നാണു കേരളം. ദേശീയ കാന്‍സര്‍ രജിസ്ട്രി സര്‍വേ പ്രകാരം കേരളത്തില്‍ പ്രതിദിനം 175 ആളുകള്‍ കാന്‍സര്‍ രോഗികളായി മാറുന്നുണ്ട്. ഇതു ശരിയാണെങ്കില്‍ 2026 ആകുമ്പോഴേക്കും രോഗികളുടെ എണ്ണം മൂന്നിരട്ടി വര്‍ധിക്കാനാണു സാധ്യത.

തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററിന്റെ ജനസംഖ്യാധിഷ്ഠിത കാന്‍സര്‍ രജിസ്ട്രിയിലെ കണക്കുപ്രകാരം ലക്ഷത്തില്‍ 150 പേര്‍ കാന്‍സര്‍ ബാധിതരാണ്. രണ്ടുലക്ഷത്തില്‍പരം ആളുകളാണിപ്പോള്‍ കാന്‍സര്‍ ചികിത്സയ്ക്കായി തിരുവനന്തപുരം ആര്‍.സി.സിയെ സമീപിക്കുന്നത്. പ്രതിവര്‍ഷം 16,000 പുതിയരോഗികള്‍ ഇവിടെ ചികിത്സ തേടിയെത്തുന്നു.
2007 മുതല്‍ 2015 വരെ 1,10,424 പുതിയരോഗികള്‍ ആര്‍.സി.സിയില്‍ ചികിത്സയ്‌ക്കെത്തി. തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ 2008മുതല്‍ 2012 വരെ 10,912 രോഗികളും 2013 മുതല്‍ 2017 നവംബര്‍വരെ 20,046 രോഗികളും ചികിത്സ തേടിയിട്ടുണ്ട്. എറണാകുളം, കോഴിക്കോട് അടക്കമുള്ള പ്രധാനനഗരങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സനേടിയവര്‍ക്കു പുറമെയാണിത്.

1950 മുതല്‍ 1994 വരെ മറ്റു കാന്‍സറുകളുടെ ചികിത്സയില്‍ 5 ശതമാനത്തില്‍നിന്നും 60 ശതമാനംവരെ ചികിത്സാനേട്ടം കൈവരിക്കാനായെങ്കിലും ശ്വാസകോശ കാന്‍സറില്‍ ഇതുവരെ 15 ശതമാനം മാത്രമേ വിജയം കൈവരിച്ചുള്ളൂ. കേരളത്തില്‍ പുരുഷന്മാരിലാണ് ശ്വാസകോശകാന്‍സര്‍ കൂടുതല്‍. തിരുവനന്തപുരം,കൊല്ലം ജില്ലകളിലാണു കൂടുതല്‍ രോഗികളെന്നു ദേശീയ കാന്‍സര്‍ രജിസ്ട്രി റിപ്പോര്‍ട്ട്‌ചെയ്യുന്നു.
ആമാശയം,വായ എന്നിവയാണു യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങളില്‍. രക്തം, ലിംഫോമ, പ്രോസ്‌ട്രേറ്റ്, മലാശയം, വന്‍കുടല്‍ തുടങ്ങിയവയിലെ കാന്‍സറിലും പുരുഷന്മാര്‍ മുന്നിലാണ്. സ്ത്രീകളില്‍ സ്തനാര്‍ബുദമാണ് ഒന്നാംസ്ഥാനത്ത്. ഗര്‍ഭാശയഗളം, അണ്ഡാശയം, വന്‍കുടല്‍, തൈറോയ്ഡ് എന്നിവയിലും കാന്‍സര്‍ കാണപ്പെടുന്നു.

പട്ടണങ്ങളില്‍ സ്തനാര്‍ബുദവും ഗ്രാമങ്ങളില്‍ ഗര്‍ഭാശയമുഖത്തെ കാന്‍സറുമാണ് കൂടുതല്‍ കാണപ്പെടുന്നത്. നേരത്തെ 40 വയസ്സ് കഴിഞ്ഞവരിലായിരുന്നു സ്തനാര്‍ബുദം കണ്ടിരുന്നതെങ്കില്‍, അടുത്തകാലത്തായി ചെറുപ്രായക്കാരിലും ഇത് ധാരാളം കണ്ടുവരുന്നുണ്ട്. അടുത്തിടെയായി തൈറോയ്ഡ് കാന്‍സറും, കുട്ടികളില്‍ രക്താര്‍ബുദവും കൂടുതലായികാണപ്പെടുന്നുണ്ട്.

രാജ്യത്ത് ഏറ്റവുംകൂടുതല്‍ തൈറോയ്ഡ് കാന്‍സര്‍ കണ്ടുവരുന്നത് അരുണാചല്‍പ്രദേശിലെ പടിഞ്ഞാറന്‍ മേഖലയായ പപുംപരേ ജില്ലയിലാണ്. ഇവിടെ ഒരുലക്ഷം ആളുകളില്‍ 20.7 ശതമാനമാണു രോഗികളുടെ കണക്ക്. കേരളത്തിലിതു ലക്ഷത്തില്‍ 16 ശതമാനം കാണപ്പെടുന്നതായി ദേശീയ കാന്‍സര്‍ രജിസ്ട്രി നടത്തിയ പഠനങ്ങള്‍ പറയുന്നു.

തൈറോയ്ഡ് ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കുന്ന തൈറോയ്ഡ് ഗ്രന്ഥികളിലാണ് ഈ കാന്‍സര്‍ കാണപ്പെടുന്നത്. നേരത്തേ കണ്ടെത്തി ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദപ്പെടുത്താമെങ്കിലും സംസ്ഥാനത്ത് തൈറോയ്ഡില്‍ പ്രത്യേക പരിശീലനം ലഭിച്ച സൈറ്റോപതോളജിസ്റ്റുകളുടെ കുറവ് പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നു.
കാന്‍സറിനു പ്രത്യേക കാരണമൊന്നുമില്ല. എന്നാലും കേരളത്തില്‍ ഇത്തരം അസുഖങ്ങള്‍ക്കുള്ള അനുകൂല സാഹചര്യം നിലനില്‍ക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജീവിതശൈലിയും അന്തരീക്ഷമലിനീകരണവും ചുവന്നമാംസവും പച്ചക്കറികളിലും പഴവര്‍ഗങ്ങളിലുമുള്ള കീടനാശിനികളും രാസവളങ്ങളും പുകയില ഉല്‍പന്നങ്ങളുമെല്ലാം കാന്‍സര്‍ വര്‍ധിപ്പിക്കുന്ന ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു. മാംസത്തില്‍ ഫൈബര്‍ ഘടകങ്ങള്‍ കുറവായതിനാല്‍ വന്‍കുടല്‍, മലാശയ കാന്‍സര്‍ എന്നിവക്കു സാധ്യതയേറെയാണ്.
പുകയിലയിലുണ്ടാകുന്ന രാസവസ്തുക്കളില്‍ 60 എണ്ണം നേരിട്ടു കാന്‍സര്‍ ഉണ്ടാക്കുവാന്‍ കഴിവുള്ളതാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. സൗന്ദര്യവര്‍ധക വസ്തുക്കളായ പൗഡര്‍, ബോഡിലോഷന്‍, കോസ്‌മെറ്റിക്കുകള്‍, ഡിയോഡ്രന്റുകള്‍, ലിപ്സ്റ്റിക്, ക്രീമുകള്‍ തുടങ്ങിയവയിലെല്ലാം കാന്‍സറിനു കാരണമായ ഫ്താലേറ്റ് , ട്രൈക്ലോസാന്‍, പാരാബെന്‍സ് തുടങ്ങിയവ അടങ്ങിയിട്ടുണ്ടെന്നു വിദഗ്ധാഭിപ്രായം.
മൊബൈല്‍ഫോണ്‍, വൈഫൈ എന്നിവ കാന്‍സറിനു കാരണമാകുന്നുണ്ടോ എന്നതിനു ലോകത്തു വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇന്റര്‍നാഷനല്‍ ഏജന്‍സി ഫോര്‍ റിസേര്‍ച്ച് ഓഫ് കാന്‍സര്‍ നടത്തിയ പഠനത്തില്‍ കാന്‍സറിന്റെ സാധ്യത തള്ളിക്കളയുന്നില്ല.

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പഠനപ്രകാരം നൂറില്‍ മൂന്നുപേര്‍ ഏതെങ്കിലും തരത്തില്‍ ഇലക്ട്രോ റേഡിയേഷന്റെ ഫലം അനുഭവിക്കുന്നതായി പറയപ്പെടുന്നു. ഫിന്‍ലാന്റില്‍ നടന്ന പഠനത്തില്‍ പത്തുവര്‍ഷത്തില്‍കൂടുതല്‍ മൊബൈല്‍ ഫോണുപയോഗിച്ചിട്ടുള്ള ആളുകള്‍ക്ക് കാന്‍സര്‍ രോഗത്തിനുള്ള സാധ്യത മറ്റുള്ളവരെക്കാള്‍ 40% കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫിന്‍ലാന്റില്‍ മൊബൈല്‍ഫോണിനെ കുറിച്ച് സര്‍ക്കാരിന്റെ ഔദ്യോഗിക പഠനം നടത്തുന്ന ലോറിചാലിസ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സിഗറെറ്റെന്നാണ് മൊബൈല്‍ ഫോണിനെ വിശേഷിപ്പിച്ചത്.

ഡെവോന്‍, ലങ്കാഷയര്‍, സ്റ്റാഫോര്‍ഡ്ഷയര്‍, വെസ്റ്റ്മിഡ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കാന്‍സറിനെക്കുറിച്ച് നടത്തിയ പഠനത്തില്‍ പ്രാദേശികമായി ആളുകളില്‍ കണ്ടുവരുന്ന രോഗങ്ങളും ടവറുകളില്‍ നിന്നും ആന്റിനകളില്‍നിന്നും പുറത്തുവിടുന്ന റേഡിയേഷന്‍ രശ്മികളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നാണ് ശാസ്ത്രജ്ഞന്‍ ഡോ.ജോണ്‍വാക്കര്‍ പറയുന്നത്. എന്നാല്‍ 2005ല്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ ചെയര്‍മാനായിരുന്ന സര്‍ വില്യം സ്റ്റെവര്‍ട്ട് പറയുന്നത് ടവര്‍ പരിസരത്ത് ആരോഗ്യപ്രശ്‌നങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ്. മൊബൈല്‍ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിയവ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ സാഹചര്യത്തില്‍ ഇതേകുറിച്ച് ബൃഹത്തായ പഠനംതന്നെ നടക്കേണ്ടതുണ്ട്.

കേരളത്തിലെ കാന്‍സര്‍ രോഗികളുടെ എണ്ണം സംബന്ധിച്ച ആധികാരികമായ വിവരങ്ങള്‍ലഭ്യമാക്കുന്ന പൊതുരജിസ്ട്രി നിലവിലില്ലാത്തതിനാല്‍ ഇവരുടെ വ്യക്തമായ കണക്കിപ്പോഴും സര്‍ക്കാരിന്റെ പക്കലില്ല. തിരുവനന്തപുരം ആര്‍.സി.സി, തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ തുടങ്ങിയവയ്ക്കുകീഴില്‍ മാത്രമേ ഇപ്പോള്‍ രജിസ്ട്രി നിലവിലുള്ളൂ. ഇവയ്ക്കുകീഴില്‍ രണ്ടോ മൂന്നോ ജില്ലകള്‍മാത്രമേ ഉള്‍പെടുന്നുള്ളൂ. പത്ത് ജില്ലകള്‍ രജിസ്ട്രിക്ക് പുറത്താണ്. സംസ്ഥാനത്ത് ഇതിനുവേണ്ടി നോട്ടിഫൈഡ് ഡിസീസ് ആക്ട് നിലവില്‍ വരേണ്ടതുണ്ട്. ജനസംഖ്യാ വര്‍ധനവിനനുസരിച്ച് കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെങ്കിലും കാന്‍സര്‍ ബയോളജിപ്രകാരം ചികിത്സിക്കാന്‍ സൗകര്യങ്ങള്‍ പരിമിതമാണിവിടെ.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.