2019 December 06 Friday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

കാന്‍സറിന്റെ കണ്ണീര്‍ പാടങ്ങളായി കുട്ടനാട്; തടിച്ച് കൊഴുത്ത് കീടനാശിനി ലോബി

  • രോഗങ്ങള്‍ക്ക് കാരണം മലിനജല ഉപയോഗം
  • കീടനാശിനികളുടെ പാര്‍ശ്വഫലത്തെ കുറിച്ച് കര്‍ഷകര്‍ക്ക് അവബോധമില്ല
  • വയലുകളില്‍ എന്‍ഡോസള്‍ഫാന്റെ സാന്നിധ്യം
  • നിര്‍ജീവമായി ആരോഗ്യവകുപ്പ്
തമീം സലാം കാക്കാഴം

ആലപ്പുഴ: കാന്‍സര്‍ രോഗം കുട്ടനാടിനെ കാര്‍ന്നുതിന്നിട്ടും നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്. കുട്ടനാടന്‍ ഗ്രാമീണ മേഖലയില്‍ ഒരു പഞ്ചായത്തില്‍ പകുതിയിലധികം വീടുകളില്‍ ഒരാളെങ്കിലും കാന്‍സര്‍ ബാധിതനാണെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ കൃത്യമായ സര്‍വേ നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍, ഇടക്കാലത്ത് ആരോഗ്യവകുപ്പ് ചില സര്‍വേകള്‍ നടത്തിയതല്ലാതെ കാന്‍സര്‍ വ്യാപനത്തിന്റെ കാരണം കണ്ടെത്താന്‍ ശ്രമിച്ചിട്ടില്ല.

എന്‍ഡോസള്‍ഫാന്‍ ദുരിത മേഖല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗികള്‍ ഉള്ളതിവിടെയാണ്. കീടനാശിനികള്‍ കലര്‍ന്ന ജലപാനമാണ് മാരകരോഗങ്ങള്‍ക്ക് കാരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. മലിനജല ഉപയോഗം മൂലം കുട്ടനാട്ടില്‍ കാന്‍സര്‍ രോഗികളുടെയും ത്വക് രോഗികളുടെയും വയറിളക്കരോഗം പിടിപെടുന്നവരുടെയും എണ്ണം വര്‍ധിക്കുകയാണ്. ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ കുട്ടനാട്ടില്‍നിന്ന് ചികിത്സ തേടി എത്തുന്നവരുടെ എണ്ണം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലായി സ്ഥിതിചെയ്യുന്ന അപ്പര്‍ കുട്ടനാട്ടില്‍ നെല്‍കൃഷിക്കായി മലാത്തിയോണ്‍ പോലുള്ള നിരോധിത കീടനാശിനികളുടെ ഉപയോഗം വ്യാപകമാണ്. ഇത്തരം കീടനാശിനികളുടെ ഉപയോഗം കാന്‍സറിന് കാരണമാകുമെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. ഭൂഗര്‍ഭ ജലത്തില്‍ കീടനാശിനികള്‍ കലരുന്നതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്.

ഒരു പഞ്ചായത്തില്‍ പകുതിയിലധികം വീടുകളില്‍ ഒരാളെങ്കിലും കാന്‍സര്‍ ബാധിതന്‍

സര്‍ക്കാര്‍ സംവിധാനങ്ങളെ വിലയ്‌ക്കെടുത്ത് കീടനാശിനി ലോബികള്‍

 

kuttanad_the_rice_bowl_of_kerala20131031110702_59_1
കുട്ടനാട്ടിലെ പാലിയേറ്റീവ് കെയര്‍ കേന്ദ്രങ്ങളില്‍നിന്ന് ശേഖരിച്ച കണക്കുകള്‍ പ്രകാരം 429 പേര്‍ ഇപ്പോള്‍ കാന്‍സര്‍ ചികിത്സയിലുണ്ട്. കുട്ടനാട്ടിലെ 14 വില്ലേജുകളിലായി 312 പേര്‍ കാന്‍സര്‍ പെന്‍ഷന്‍ തുകയായ ആയിരം രൂപ പ്രതിമാസം വാങ്ങുന്നുണ്ട്. 2011ലെ സെന്‍സസ് പ്രകാരം 1.93 ലക്ഷമാണ് കുട്ടനാട്ടിലെ ജനസംഖ്യ. അതില്‍ 312 പേര്‍ക്കാണ് കാന്‍സര്‍ പെന്‍ഷന്‍. ചെങ്ങന്നൂര്‍ താലൂക്കില്‍ 1.97 ലക്ഷം ജനങ്ങളുണ്ട്. അവിടെ കാന്‍സര്‍ പെന്‍ഷന്‍ വാങ്ങുന്നത് 239 പേരാണ്. അമ്പലപ്പുഴ താലൂക്കില്‍ 4.54 ലക്ഷമാണ് ജനസംഖ്യ. കുട്ടനാട്ടിലേക്കാള്‍ ഏതാണ്ട് രണ്ടരയിരട്ടി ആളുകളുണ്ട്. അവിടെ 518 പേരാണ് കാന്‍സര്‍ പെന്‍ഷന്‍ വാങ്ങുന്നത്. ജനസംഖ്യ വ്യത്യസ്തമെങ്കിലും ചെങ്ങന്നൂരിലും അമ്പലപ്പുഴയിലും സമാനമായ അവസ്ഥയാണ്. എന്നാല്‍, കുട്ടനാട്ടില്‍ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വ്യത്യാസം പ്രകടമാണ്.

♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦

രോഗികള്‍ ചികിത്സാര്‍ഥം ആലപ്പുഴയിലേക്കും കോട്ടയത്തേക്കും പോകുന്നവരാണ്. ഒരുപക്ഷേ, മാതൃജില്ലയായ ആലപ്പുഴയെക്കാള്‍ കോട്ടയത്തെ ആശ്രയിക്കുന്നവരാണിവര്‍. രണ്ടിടത്തെയും റേഡിയോ തെറാപ്പി വിഭാഗത്തിലെത്തിയ രോഗികളുടെ എണ്ണം പരിഗണിക്കുമ്പോള്‍ കുട്ടനാട്ടില്‍ നിന്നെത്തുന്ന കാന്‍സര്‍ രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ആലപ്പുഴ ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 898 ഉം 2013-14 ല്‍ 819, 2012-13 ല്‍ 839, 2011-12 ല്‍ 775 പേര്‍ കാന്‍സര്‍ രോഗത്തെതുടര്‍ന്ന് ചികിത്സ തേടിയതായാണ് കണക്ക്. ഇതില്‍ പകുതിയിലധികവും രോഗബാധിതര്‍ കുട്ടനാടന്‍ മേഖലയിലുള്ളവരാണ്. അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ ഒരു പഞ്ചായത്തില്‍ പകുതിയിലധികം വീടുകളില്‍ ഒരാളെങ്കിലും കാന്‍സര്‍ ബാധിതനാണ്. രാമങ്കരി പഞ്ചായത്തില്‍ പുതുക്കരി പ്രദേശത്ത് അടുത്തടുത്തിരിക്കുന്ന നാലുവീടുകളില്‍ ഒരാള്‍ക്കു വീതം കാന്‍സര്‍ പിടിപെട്ടു. ശുദ്ധജല ദൗര്‍ലഭ്യം നേരിടുന്ന കോളനി പ്രദേശങ്ങളിലും കാന്‍സര്‍ ഭീഷണി ഉയര്‍ത്തുന്നു.

♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦

മാരക കീടനാശിനികളെക്കുറിച്ചും അത് മണ്ണിലും ജലത്തിലും അന്തരീക്ഷത്തിലുമുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ചും സാധാരണക്കാരായ കര്‍ഷകര്‍ക്ക് യാതൊരു അവബോധവുമില്ല. കുട്ടനാടന്‍ വയലുകളില്‍ എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള മാരകകീടനാശിനികളുടെ സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനെ കുറിച്ച് കൂടുതല്‍ പഠനം നടത്താന്‍ ആരോഗ്യവകുപ്പ് തയ്യാറായില്ല. നെല്‍വയലുകളില്‍ ‘മരുന്ന്’ എന്ന പേരിലാണ് കൊടിയ കീടനാശിനികളുടെ ഉപയോഗം.നിരോധിക്കപ്പെട്ട കീടനാശിനികള്‍ വില്‍ക്കുന്ന വന്‍ലോബിയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. വന്‍ തുക നല്‍കി സര്‍ക്കാര്‍ സംവിധാനങ്ങളെ വിലയ്‌ക്കെടുത്താണ് കീടനാശിനി ലോബികള്‍ തഴച്ചുവളരുന്നത്. ഇതിന്റെ കെടുതികള്‍ അനുഭവിക്കുന്നതാവട്ടെ സാധാരണക്കാരായ കുട്ടനാട്ടിലെ കര്‍ഷകരും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.