2020 February 24 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

വാക്കിലും നോക്കിലും മാത്രമല്ല, ഇടപഴകലിലും ഇന്ദിരയായി പ്രിയങ്ക: ബി.ജെ.പിയെ തളയ്ക്കാന്‍ പുതിയ ഇന്ദിരയ്ക്കാവുമോ?

കെ.എ സലിം

ന്യൂഡല്‍ഹി: നിങ്ങളെന്നെ അറിയുമോ? ലഖ്‌നോയിലെ തിങ്ങിനിറഞ്ഞ സ്ത്രീകള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ കൈപിടിച്ച് പ്രിയങ്ക ചോദിക്കുമ്പോള്‍ അവര്‍ അവരെ ചേര്‍ത്തു പിടിക്കും. ഇത് ഇന്ദിര തന്നെയെന്ന് അവര്‍ പറയും. തണുപ്പ് പൂര്‍ണമായും വിട്ടൊഴിയാത്ത, തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂട് ആവോളമുള്ള ഉത്തര്‍പ്രദേശിലേക്ക് ആള്‍ക്കൂട്ടത്തിന്റെ മനസ്സും ജയിച്ചാണ് പ്രിയങ്കാഗാന്ധിയുടെ വരവ്.

അവരുടെ ഓരോ ചലനങ്ങളിലും ഭാവങ്ങളിലും ഇന്ദിരാ ഗാന്ധിയുണ്ട്. രൂപത്തില്‍ മാത്രമല്ല, അവര്‍ സംസാരിക്കുന്ന രീതി, ഇടപഴകല്‍ മര്യാദകള്‍, ആള്‍ക്കൂട്ടത്തിലേക്കിറങ്ങിച്ചെന്നുള്ള പ്രചാരണം. എല്ലാം ഇന്ദിരാ ഗാന്ധിയുടെതാണ്. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പുതിയ താരമായി മാറുകയാണ് പ്രിയങ്ക. അലഹബാദിലെ ഹനുമാന്‍ ക്ഷേത്ര സന്ദര്‍ശനത്തോടെയായിരുന്നു 1978ലെ തെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധി പ്രചാരണം തുടങ്ങിയത്. അതേ ഹനുമാന്‍ ക്ഷേത്രത്തില്‍ ഇന്ദിരയെപ്പോലെ സാരിത്തലപ്പ് തല മൂടി പ്രിയങ്കയും നിന്നു. അപ്പോള്‍ പുറത്ത് സ്്ത്രീകളുടെ വലിയൊരു കൂട്ടം അവരെ കാണാനായി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ക്ഷേത്രത്തില്‍ നിന്ന് നേരെ അവരിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു പ്രിയങ്ക.

 

കിഴക്കന്‍ യു.പിയുടെ ചുമതയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് പ്രിയങ്ക ഉത്തര്‍പ്രദേശിന്റെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. അതുവരെ സഹോദരന്‍ രാഹുല്‍ ഗാന്ധിയും അമ്മ സോണിയാഗാന്ധിയും മത്സരിക്കുന്ന അമേത്തിയിലും റായ്ബറേലിയിലും മാത്രമായിരുന്നു പ്രിയങ്ക പ്രചാരണത്തിനെത്താറ്. നാലു ദിവസത്തെ ഗംഗാ യാത്രയോടെയായിരുന്നു പ്രിയങ്കയുടെ തുടക്കം. ആ യാത്രയ്‌ക്കൊപ്പം കോണ്‍ഗ്രസിന്റെ ചരിത്രവും പ്രിയങ്കയ്‌ക്കൊപ്പം സഞ്ചരിച്ചു.

മോത്തിലാല്‍ നെഹ്‌റുവിന്റെ അലഹബാദിലെ വീടായ സ്വരാജ് ഭവനിലായിരുന്നു പ്രിയങ്കയുടെ ഉറക്കം. അവിടെയായിരുന്നു ഇന്ദിരാ ഗാന്ധി ജനിച്ചതും. ബ്രിട്ടീഷ് കാലത്ത് സ്വാതന്ത്ര്യസമരത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു മോത്തിലാല്‍ നെഹ്‌റുവിന്റെ വീട്. രാജ്യവുമായി ബന്ധപ്പെട്ട നിരവധി നിര്‍ണായക തീരുമാനങ്ങളെടുത്തിരുന്നതും സ്വരാജ്ഭവനില്‍ വച്ചായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തെ കുഴിച്ചുമൂടാന്‍ ശ്രമിക്കുന്ന ബി.ജെ.പിയ്ക്ക് മുന്നില്‍ ചരിത്രത്തെ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രിയങ്കയുടെ യാത്ര.

 

പ്രിയങ്കയെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപിക്കുമ്പോള്‍ ഓരോ തിരഞ്ഞെടുപ്പിലും അമേത്തിയിലും റായ്ബറേലിയിലും അവര്‍ ചെയ്യാറുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ അവര്‍ക്കാകുമെന്ന് എതിരാളികള്‍ കരുതിയിരുന്നില്ല. ബി.എസ്.പിയും സമാജ്‌വാദി പാര്‍ട്ടിയും ഉള്‍പ്പെടുന്ന പ്രതിപക്ഷ സഖ്യത്തിനു പോലും പ്രിയങ്കയ്‌ക്കെന്താണ് ചെയ്യാനാവുകയെന്ന സംശയമുണ്ടായിരുന്നു. എന്നാല്‍ നാലുദിവസത്തെ ഗംഗായാത്ര കൊണ്ട് തന്നെ പ്രിയങ്ക അത് തിരുത്തി.

 

ജാതികളാക്കി വേര്‍തിരിച്ചു നിര്‍ത്തിയ ജനങ്ങള്‍ക്കിടയിലെത്തി എല്ലാവരെയും അവര്‍ ചേര്‍ത്തു പിടിച്ചു. കുര്‍മികളോടും നിഷാദരോടും സംസാരിച്ചു. ദലിതുകള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയിലേക്കിറങ്ങിച്ചെന്നു. ഫൂലന്‍ദേവിയുടെ സഹോദരി രുഗ്മിണി ദേവിയെ കണ്ടു. മേല്‍ജാതിക്കാരുമായും സംസാരിച്ചു. അതിവേഗത്തിലായിരുന്നു അവര്‍ എല്ലാവര്‍ക്കും സ്വീകാര്യയായത്. 80 സീറ്റുള്ള ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 73 സീറ്റുകളും നേടിയത് ബി.ജെ.പിയാണ്. എന്നാലിത്തവണ, പ്രിയങ്കയെ അവഗണിച്ചു മുന്നോട്ടുപോകാനാവില്ലെന്ന് ബി.ജെ.പിയ്ക്കുറപ്പുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.