2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

യോഗിയടക്കമുള്ളവര്‍ക്കെതിരായ നടപടി: കമ്മിഷന്‍ മയക്കത്തില്‍ നിന്ന് ഉണര്‍ന്നുവെന്ന് ചീഫ് ജസ്റ്റിസ്

  • മായാവതിയുടെ ഹരജി തള്ളി

ന്യൂഡല്‍ഹി: മയക്കത്തിലായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന് പെട്ടെന്ന് അധികാരത്തെ കുറിച്ച് ബോധമുണ്ടായെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ഈ ബോധത്തേത്തുടര്‍ന്നാണ് വിദ്വേഷ പ്രസംഗം നടത്തിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.എസ്.പി നേതാവ് മായാവതി, എസ്.പി നേതാവ് അസം ഖാന്‍, ബി.ജെ.പി നേതാവ് മേനക ഗാന്ധി എന്നിവര്‍ക്ക് എതിരെ നടപടി എടുത്തതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരത്തെപ്പറ്റി ബോധ്യമില്ലേയെന്ന് കഴിഞ്ഞദിവസം സുപ്രിംകോടതി ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരേന്ത്യയിലെ നാല് ഉന്നത നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായത്.

മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ കടുത്ത നടപടി എടുക്കാന്‍ കമ്മീഷന് അധികാരം ഉണ്ടെന്ന് കമ്മിഷന്‍ ഇന്ന് കോടതിയെ അറിയിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ കൂടുതല്‍ ഉത്തരവ് ഇപ്പോള്‍ ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരെ മായാവതി നല്‍കിയ ഹരജി പരിഗണിക്കാന്‍ സുപ്രിം കോടതി തയ്യാറായില്ല.

തെരെഞ്ഞെടുപ്പ് കമ്മിഷന്‍ ഏര്‍പ്പെടുത്തിയ പ്രചാരണ വിലക്കിനെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കണമെന്ന മായാവതിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവരുടെ അധികാരങ്ങള്‍ ഉപയോഗിച്ചുള്ള നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി മറുപടി നല്‍കി.

ചട്ട ലംഘനം നടത്തിയവര്‍ക്ക് എതിരെയാണ് കമ്മീഷന്‍ നടപടിയെടുത്തത്. അതിനാല്‍ ഇപ്പോള്‍ ഒരു ഉത്തരവിന്റെ ആവശ്യം ഇല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.