2019 February 21 Thursday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

വിളിക്കുന്നു, വോള്‍ഗയുടെ തീരങ്ങള്‍…

പരാശരന്‍

വിപ്ലവ പ്രസ്ഥാനങ്ങളുടേയും മഹത്തായ പ്രത്യയശാസ്ത്രങ്ങളുടേയും ജനനവും വളര്‍ച്ചയും ഉയര്‍ച്ചയും താഴ്ചയും പതനവും കണ്ട വോള്‍ഗയുടെ മണ്ണ്… കാറ്റ് നിറച്ച ഒരു തുകല്‍ പന്ത് അനസ്യൂതമായി തുടരുന്ന സാംസ്‌കാരിക കൂട്ടായ്മയുടെ മറ്റൊരു അധ്യായത്തിന് വോള്‍ഗയുടെ തീരങ്ങള്‍ സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
വേട്ടയാടലില്‍ നിന്ന് മനുഷ്യ കുലത്തിന്റെ സംസ്‌കാര സമ്പാദന യാത്രയില്‍ ഒപ്പം കൂടിയ ഒരു വിനോദമായിരുന്നു പന്ത് കളിക്കുക എന്നത്. ആ പന്ത് തട്ടലാണ് ഇന്നത്തെ ഫുട്‌ബോളിന്റെ ആദിമ രൂപം എന്ന് പറയാം. പക്ഷേ ആദിമ സ്വത്വത്തിന്റെ ഒരു പൊടിപ്പുപോലും അവശേഷിപ്പിക്കാതെ ഫുട്‌ബോള്‍ സ്വതന്ത്ര വ്യക്തിത്വമായി നമ്മില്‍ നിലനില്‍ക്കുന്നുണ്ട് എന്നതാണ് അതിന്റെ സവിശേഷത. വിഖ്യാത എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ ആല്‍ക്കെമിസ്റ്റില്‍ പറയുന്നത് പോലെ പ്രപഞ്ച ഗൂഢാലോചനയാണിത്. മനുഷ്യ കുലത്തിന്റെ വിമോചന മോഹങ്ങള്‍ക്ക് പ്രപഞ്ചം സൃഷ്ടിച്ച് നല്‍കിയ മഹത്തായ വഴി.

പില്‍ക്കാലത്ത് ഇംഗ്ലണ്ടില്‍ രൂപമെടുത്ത ഫുട്‌ബോളിന്റെ ആധുനിക രൂപം ഇന്ന് സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിലടക്കം മനുഷ്യ വികാരങ്ങളുടെ സമസ്ത ഭാവങ്ങളേയും ഉള്‍ക്കൊണ്ട് വലിയൊരു ആഗോള പ്രതിഭാസമായി നിലനില്‍ക്കുന്നു. അതാണ് കഴിഞ്ഞ ദിവസം സുനില്‍ ഛേത്രി ഇന്ത്യന്‍ ജനതയോട് തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ മത്സരം കാണാന്‍ സ്റ്റേഡിയത്തിലേക്ക് വരാന്‍ ആവശ്യപ്പെട്ടത്. ആ ആവശ്യപ്പെടലിന്റെ മറ്റൊരു വശം എന്നത് ആത്മവിശ്വാസത്തിന്റെ ഉത്തരം പറച്ചിലായിരുന്നു എന്നതാണ്. ബൂട്ടിട്ട് കളിക്കാന്‍ കഴിയാത്തതിനാല്‍ ലോകകപ്പിലേക്ക് ക്ഷണം കിട്ടിയിട്ടും പോകാതിരുന്ന ഭൂതം കാലം പേറുന്ന ഒരു രാജ്യത്തിന്റെ നായകനായി നിന്നാണ് ഛേത്രി അത് പറഞ്ഞത്. തിരിഞ്ഞ് നോക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു കാര്യമാണ് ഛേത്രിയുടെ വാക്കുകള്‍. നമ്മള്‍ ഫിഫ റാങ്കിങില്‍ 100ല്‍ താഴെ സ്ഥാനം നിലനിര്‍ത്തി, കഴിഞ്ഞ ദിവസം കെനിയയെ കീഴടക്കി ഇന്റര്‍കോണ്ടിനന്റല്‍ കപ്പുയര്‍ത്തി. ഉറങ്ങിക്കിടന്ന സിംഹത്തില്‍ നിന്ന് സട കുടഞ്ഞ് എഴുന്നേല്‍ക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞ ഇച്ഛാശക്തിയുടെ സൂചനകളുണ്ടായിരുന്നു സമീപ ദിവസങ്ങളില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ കടന്നുപോയ നിമിഷങ്ങളില്‍ മുഴുവന്‍.

ബ്രിട്ടീഷുകാര്‍ സമയം പോക്കാന്‍ തുടങ്ങിയ കായിക വിനോദത്തില്‍ നിന്ന് ഒരു ഉരുണ്ട പന്ത് പില്‍ക്കാലത്ത് താണ്ടിയ വഴികളെ കുറിച്ച് ചിന്തിക്കാനുള്ള സമയം കൂടിയാണ് ഓരോ ലോകകപ്പ് പോരാട്ടങ്ങളും. പല പല സംസ്‌കാരങ്ങളില്‍ വളര്‍ന്ന വ്യത്യസ്ത ഭാഷകളും ആചാരങ്ങളും പേറുന്ന ജനത മുഴുവന്‍ ഒരു പന്തിനെ പിന്തുടര്‍ന്ന് ലോകം മുഴുവന്‍ ഒറ്റ നിശ്വാസം എന്ന വലിയൊരു സന്ദേശമായി രൂപം മാറുന്ന അപൂര്‍വതകളാണ് ഓരോ ഫുട്‌ബോള്‍ മൈതാനവും ഗ്യാലറികളും നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. നൈനാംവളപ്പിലും മലപ്പുറത്തും ബ്യൂണസ് അയേഴ്‌സിലും റിയോ ഡി ജനീറോയിലും ബാഴ്‌സലോണയിലും മാഡ്രിഡിലും കൊല്‍ക്കത്തയിലും ഗോവയിലും തുടങ്ങി (കഴിഞ്ഞ ദിവസം റഷ്യന്‍ ബഹിരാകാശ യാത്രികര്‍ സീറോ ഗ്രാവിറ്റിയില്‍ പന്ത് തട്ടി ലോകകപ്പിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു) അനന്തമായി കിടക്കുന്ന പ്രപഞ്ചത്തിന്റെ മുക്കിലും മൂലയിലും കാല്‍പന്ത് നരവംശ ചിഹ്നമായി ഉയര്‍ന്ന് നില്‍ക്കുന്നു.

കൊളോണിയല്‍ കാലത്ത് ബ്രിട്ടന്റെ ആധീശത്വ യാത്രയില്‍ ഫുട്‌ബോളുമുണ്ടായിരുന്നു ഒപ്പം. അത് ഉരുണ്ട് ഉരുണ്ട് ലാറ്റിനമേരിക്കന്‍ തെരുവുകളിലും ആഫ്രിക്കന്‍ വന്യതകളിലും ഏഷ്യന്‍ മണ്ണിലുമൊക്കെ സവിശേഷമായ ചാരുതയോടെ അടയാളങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ പ്രതിരോധമായും ആക്രമണമായും പ്രതിഷേധമായും ഫുട്‌ബോള്‍ മനുഷ്യ ചരിത്രത്തോട് പ്രതികരിച്ചുകൊണ്ടിരുന്നു.

90 മിനുട്ട് ദൈര്‍ഘ്യമുള്ള ഒരു മത്സരം കാണുമ്പോള്‍ നമ്മുടെ ആത്മ ബോധം ഒരു പന്തിലേക്ക് സമരസപ്പെടുന്ന അപൂര്‍വത. അതുകൊണ്ടാണ് ബ്രസീല്‍ ഇതിഹാസം പെലെയെയും അര്‍ജന്റീന ഇതിഹാസം മറഡോണയേയും കൂടെയുള്ള ആരൊക്കെയോ ആണെന്ന തോന്നലിലേക്ക് നാം എളുപ്പത്തില്‍ എത്തിപ്പെടുന്നത്. ലോകകപ്പിന്റെ ഭാഗമായി ജേഴ്‌സികളും മറ്റും വില്‍ക്കുന്ന കടകളില്‍ കയറി നോക്കിയാല്‍ കാണാം അഞ്ചും ആറും വയസ് മാത്രം പ്രായമുള്ള കുഞ്ഞുങ്ങള്‍ മെസ്സിയുടേയും നെയ്മറിന്റേയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേയുമൊക്കെ ജേഴ്‌സിക്കായി വാശിപ്പിടിക്കുന്നത്. അവര്‍ക്ക് കളിയെ കുറിച്ച് എന്തറിയാം എന്ന ചോദ്യം പോലും നമ്മുടെ ഉള്ളില്‍ തോന്നാത്ത വിധമാണ് ഫുട്‌ബോള്‍ അതിന്റെ ഒന്നുചേരുക എന്ന സന്ദേശം ലളിതമായി നമ്മുടെ ഹൃദയത്തിലേക്ക് സമര്‍പ്പിക്കുന്നത്.

ലോകകപ്പിന്റെ 21ാം അധ്യായത്തിനാണ് റഷ്യ ഒരുങ്ങിയത്. ലോകത്തിലെ ഏറ്റവും വിസ്തൃതമായ രാജ്യം. നിലവിലെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, കായിക വിഷയങ്ങളില്‍ ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തിലാണ് റഷ്യ ഇത്തരമൊരു ബൃഹത്തായ കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കാന്‍ തയ്യാറെടുത്തത്. കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ റഷ്യയുടെ ഹൃദയം അതിഥികള്‍ക്കായി തുറന്നിട്ടിരിക്കുകയാണെന്ന് പറഞ്ഞു.

റഷ്യയുടെ മഹത്തായ ചരിത്രത്തെയും സംസ്‌കാരത്തേയും ബോധ്യപ്പെടുത്താന്‍ നമുക്ക് കിട്ടിയ ഏറ്റവും മികച്ച അവസരം എന്നാണ് അദ്ദേഹം ലോകകപ്പ് ആതിഥേയത്വത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. റഷ്യ തങ്ങളുടെ സ്വന്തം വീട് പോലെ കാണണമെന്ന് ലോക ജനതയെ അദ്ദേഹം ഓര്‍മപ്പെടുത്തി. നോക്കു ഒരു പന്ത് ലോകത്തിലെ ഏറ്റവും വലിയ രാജ്യത്തിന്റെ ഭരണധികാരിയെ കൊണ്ട് പറയിപ്പിക്കുന്ന വാക്കുകളുടെ ദൃഢത.

ചതുരക്കളത്തില്‍ 22 പേര്‍ ചേര്‍ന്ന് പന്തിന് പിന്നാലെ 90 മിനുട്ട് പായുമ്പോള്‍ നാം അറിയാതെ അതിന്റെ ഭാഗമാകുന്നു. നേരിട്ടായാലും ടെലിവിഷന്‍ വഴിയായാലും മറ്റെന്ത് നവ മാധ്യമ സഹായത്താലായാലും നാമെല്ലാം അല്‍പ്പ നേരത്തേക്ക് ലോകത്തിന്റെ പല ഭാഗത്തിരുന്ന് ഏതാണ്ട് ഒരേ കാര്യം ഭാവന ചെയ്യുന്നു. വിജയമോ പരാജയമോ എന്നതല്ല. അതിനപ്പുറം മറ്റെന്തൊക്കയോ വികാര വിക്ഷോഭങ്ങളിലൂടെ കടന്ന് പോകുന്ന അവസ്ഥ. ചാംപ്യന്‍സ് ലീഗ് ഫൈനലിനിടെ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിനെ റയല്‍ മാഡ്രിഡ് നായകന്‍ സെര്‍ജിയോ റാമോസ് സാരമായ പരുക്കിലേക്ക് നയിക്കുന്ന ഒരു ഫൗളിലൂടെ വീഴ്ത്തുമ്പോള്‍ നമ്മുടെ ഉള്ളം അറിയാതെ തേങ്ങിപ്പോകുന്നു. അദ്ദേഹത്തേക്കാള്‍ ആ വേദന ഭാരമാകുന്നത് നമുക്ക് കൂടിയാണ്. കാരണം ഇടവേളയ്ക്ക് ശേഷം ഈജിപ്ത് ലോകകപ്പിനെത്തുമ്പോള്‍ ഈ മനുഷ്യനാണ് അവര്‍ക്ക് പ്രചോദനമായി നില്‍ക്കുന്നതെന്ന് നാമോരോരുത്തരും അറിയാതെ മനസിലാക്കി കഴിഞ്ഞിരുന്നു.

വിജയം, പരാജയം, ഒത്തുതീര്‍പ്പ്, അവിസ്മരണീയത, അമ്പരപ്പ്, അത്ഭുതം, ആഹ്ലാദം, സന്തോഷം, വിഷാദം, അടങ്ങാത്ത കരച്ചിലുകള്‍, അവസാനിക്കാത്ത ആഘോഷങ്ങള്‍… പറഞ്ഞാലും പറഞ്ഞാലും വറ്റാത്ത കടലിരമ്പങ്ങളെ കാറ്റിലാവാഹിച്ച് ഒരു തുകല്‍ പന്ത് നമ്മുടെ കിനാവുകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ തുടങ്ങുകയാണ്. പുറത്ത് കോരിച്ചൊരിയുന്ന മഴയത്ത് കയ്യിലൊരു സുലൈമാനിയുമായി പ്രതീക്ഷകളുടെ മുനമ്പത്തിരിക്കാന്‍ തയ്യാറാകുക… ഒപ്പം ഫുട്‌ബോള്‍ കൈമാറിത്തന്ന ഒരുമയുടെ, സംഘം ചേരലിന്റെ മഹത്വം അടുത്ത തലമുറയ്ക്ക് പകരുക…

”മുന്നോട്ട് തന്നെ നടക്കും വഴിയിലെ മുള്ളുകളൊക്കെ ചവിട്ടി മെതിച്ചു നാം

പിന്നാലെ വന്നിടും പിഞ്ചുപദങ്ങള്‍ക്ക് വിന്ന്യാസ വേളയില്‍ വേദന തോന്നൊല”- എന്ന കവി വാക്യം ഓര്‍ക്കുന്നു.
കാല്‍പ്പനികതയും കാരമസോവ് സഹോദരന്‍മാരും പിറന്ന നാട്. ദസ്തയോവ്‌സ്‌കിയും ലിയോ ടോള്‍സ്റ്റോയിയും ആന്റണ്‍ ചെഖോവും അലക്‌സാണ്ടര്‍ പുഷ്‌കിനും വരച്ചിട്ട നാടിന്റെ വായനാ ഓര്‍മകള്‍. വ്‌ളാദിമിര്‍ ലെനിന്‍ സ്വപ്നം കണ്ട സോഷ്യലിസത്തിന്റെ വിത്ത് മുളച്ച സോവിയറ്റ് നാട്… അതെ വോള്‍ഗ ശാന്തമായി ഒഴുകുകയാണ്… വരാനിരിക്കുന്ന പരമാനന്ദങ്ങളുടെ വിളികള്‍ക്ക് കാതോര്‍ത്ത്.


 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.