2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

‘തീവ്രവാദിയെന്ന് വിളിച്ചു, ആധാര്‍ കാര്‍ഡ് ചോദിച്ചു’: ലഖ്‌നൗവില്‍ ആക്രമിക്കപ്പെട്ട കശ്മീരികള്‍

 

ലഖ്‌നൗ: തീവ്ര വലതുപക്ഷ സംഘടനയായ വിശ്വ ഹിന്ദു ദള്‍ പ്രവര്‍ത്തകര്‍ കശ്മീരികളെ ആക്രമിച്ചത് തീവ്രവാദികളെന്നു വിളിച്ച് ആക്രോശിച്ച്. ലഖ്‌നൗവിലെ തെരുവില്‍ കച്ചവടം നടത്തുകയായിരുന്ന മുഹമ്മദ് അഫ്‌സല്‍ നായിക്, അബ്ദുല്‍ സലാം എന്നിവരെയാണ് കാവി ധരിച്ചെത്തിയ ആളുകള്‍ വന്ന് ക്രൂരമായി മര്‍ദിച്ചത്.

പ്രദേശവാസികളാണ് ഇവരെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചെടുത്തത്.

‘ഈ ആളുകള്‍ ഞങ്ങളോട് തര്‍ക്കിക്കാന്‍ വന്നു. പിന്നെ മര്‍ദിക്കാനും തീവ്രവാദികളെന്ന് വിളിക്കാനും തുടങ്ങി. കഴിഞ്ഞ 20 വര്‍ഷമായി ഞങ്ങളിവിടെ വരുന്നു. ഇങ്ങനെയൊരു അനുഭവം ഇതിനു മുന്‍പുണ്ടായിട്ടില്ല’- അബ്ദുല്‍ സലാം പറഞ്ഞു.

‘അവര്‍ ഞങ്ങളെ തീവ്രവാദികളെന്നു വിളിച്ചു. ഞങ്ങള്‍ കച്ചവടത്തിന് വന്നതാണെന്നു പറഞ്ഞപ്പോള്‍ അവര്‍ കല്ലെറിഞ്ഞു. പിന്നെ മര്‍ദിക്കാന്‍ തുടങ്ങി. അവര്‍ ഞങ്ങളുടെ ആധാര്‍ കാര്‍ഡും ചോദിച്ചു. ഞങ്ങള്‍ അതു കാണിക്കുകയും ചെയ്തു’- മുഹമ്മദ് അഫസല്‍ നായിക്ക് പറഞ്ഞു.

 

ലക്‌നൗവിലെ ഡാലിഗഞ്ചില്‍ ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം.വര്‍ഷങ്ങളായി ലക്‌നോവില്‍ ഡ്രൈ ഫ്രൂട്ട് വില്‍ക്കുന്നവരാണിവര്‍.

വിശ്വ ഹിന്ദു ദള്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം നടന്നത്. ഇയാളെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇയാളാണ് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്.

കശ്മീരില്‍ നിന്നുള്ളവരായതിനാലാണ് ആക്രമിക്കുന്നതെന്ന് അക്രമികളിലൊരാള്‍ പറയുന്നത് വീഡിയോയിലുണ്ട്. കാവിവസ്ത്രധാരികളാണ് അക്രമം നടത്തുന്നതെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിനും കലാപം സൃഷ്ടിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിതായി പൊലിസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തതായും പൊലിസ് പറഞ്ഞു.

ഫെബ്രുവരി 14ന് ജമ്മുകശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കശ്മീരികളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.