2019 November 12 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഡോക്ടര്‍മാരെ മര്‍ദ്ദിച്ചത് മുസ്‌ലിംകള്‍, ഇനി മുസ്‌ലിം രോഗികളെ ചികില്‍സിക്കരുതെന്നും പ്രചാരണം; ഡോക്ടര്‍മാരുടെ സമരത്തിന്റെ പേരില്‍ കടുത്ത വര്‍ഗീയ പ്രചാരണവുമായി സംഘ്പരിവാര്‍

 

കൊല്‍ക്കത്ത: ജൂനിയര്‍ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചതിനെച്ചൊല്ലി പശ്ചിമബംഗാളില്‍ തുടക്കമിട്ട ഡോക്ടര്‍മാരുടെ പണിമുടക്കിന്റെ മറവില്‍ കടുത്ത വര്‍ഗീയ പ്രചാരണം അഴിച്ചുവിട്ട് സംഘ്പരിവാര്‍. ബി.ജെ.പിക്കെതിരേ കടുത്ത നിലപാട് സ്വീകരിച്ചുവരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുടെ ബംഗാളില്‍ ഏതുവിധേനയും സ്വാധീനമുറപ്പിക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചതിനു പിന്നാലെയുണ്ടായ ഡോക്ടര്‍മാരുടെ സമരത്തിന് ഇതിനകം തന്നെ രാഷ്ട്രീയ മാനം കൈവരികയും ചെയ്തു. കൊല്‍ക്കത്തയില്‍ തിങ്കളാഴ്ച തുടങ്ങിയ സമരം പൊടുന്നനെ സംസ്ഥാനമാകെ വ്യാപിപ്പിക്കുകയും വൈകാതെ രാജ്യവ്യാപകമായി പടരുകയുമായിരുന്നു. തിങ്കളാഴ്ച രാജ്യവ്യാപക പണിമുടക്കിനും ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എ ആഹ്വാനംചെയ്തിട്ടുണ്ട്. ഒരു ജില്ലയില്‍ ചികില്‍സയ്ക്കിടെ രോഗി മരിച്ചതിനെത്തുടര്‍ന്ന് ഡോക്ടര്‍ക്കു നേരെയുണ്ടായ ആക്രമസംഭവങ്ങളുടെ പേരില്‍ രാജ്യവ്യാപകമായി സമരം നടക്കുന്നത് അസാധാരണ നടപടിയാണെന്നുള്ള വിമര്‍ശനവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

സമരത്തിന്റെ മറവില്‍ മമതയ്‌ക്കെതിരെ വികാരം ഇളക്കിവിടാന്‍ കഴിയുമെന്നും ഇതിനിടെ രോഗികളെ ആക്രമിച്ചവരുടെ സമുദായ പശ്ചാത്തലം വെളിപ്പെടുത്തി വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാമെന്നുമുള്ള കണക്കുകൂട്ടലിലാണ് സംഘ്പരിവാര്‍. സംഘ്പരിവാര്‍ നിയന്ത്രിക്കുന്ന ഇംഗ്ലീഷ്, ഹിന്ദ് വെബ്‌പോര്‍ട്ടലുകളിലും സോഷ്യല്‍മീഡിയാ ഗ്രൂപ്പുകളിലും പേജുകളിലും ഡോക്ടര്‍മാരുടെ സമരം സംബന്ധിച്ച് നിരവധി വര്‍ഗീയ സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. മുസ്‌ലിംകളാണ് ആക്രമിച്ചതെന്ന് വ്യക്തമാവുന്ന വിധത്തില്‍ രോഗിയുടെ പേരുള്‍പ്പെടെ പരാമര്‍ശിച്ചാണ് സംഘ്പരിവാര്‍ നിയന്ത്രിത വെബ്‌പോര്‍ട്ടലായ ഒപ്ഇന്ത്യാ ഡോട്ട് കോം ഇതുസംബന്ധിച്ച വാര്‍ത്ത കൊടുത്തത്. ഇതിനു മുന്‍പും കൊല്‍ക്കത്തയിലെ ആശുപത്രികളെ മുസ്‌ലിംകള്‍ ലക്ഷ്യംവച്ചിട്ടുണ്ടെന്നും പോര്‍ട്ടല്‍ പറയുന്നുണ്ട്.

മുസ്ലിംകളെ ചികില്‍സിക്കരുതെന്നാവശ്യപ്പെട്ട് പ്രചരിക്കുന്ന സന്ദേശങ്ങളില്‍ ഒന്ന്‌

 

ചികില്‍സയ്ക്കിടെ മരിച്ച മുഹമ്മദ് സഈദിന് 74 വയസ്സുണ്ടെന്നും അതല്ല 85 ഉണ്ടെന്നുമുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്. സംഭവത്തിനു പിന്നില്‍ മുസ്ലിം മതമൗലികവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്നും ഞൊടിയിടയില്‍ 200 ഓളം പേരാണ് ആശുപത്രിയില്‍ അതിക്രമിച്ചു കടന്നതെന്നുമുള്ള പ്രചാരണവും കൊഴുക്കുന്നുണ്ട്.

സംഭവം നടന്ന ദിവസം തന്നെ ആശുപത്രി സന്ദര്‍ശിച്ച മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുകുള്‍ റോയ്, ഡോക്ടര്‍മാരെ ആക്രമിച്ചതിന് പിന്നില്‍ മുസ്ലിംകളാണെന്ന് അവരുടെ പേരു പരാമര്‍ശിക്കാതെ തന്നെ പ്രസ്താവിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രത്യേകസമുദായക്കാരാണ് ഡോക്ടറെ ആക്രമിച്ചതെന്നും അവരെ പാര്‍ട്ടിയും പൊലിസും സംരക്ഷിക്കുകയാണെന്നുമാണ് മുകുള്‍ റോയ് ആരോപിച്ചത്. പ്രത്യേകസമുദായം വളരെ ആസൂത്രണസ്വഭാവത്തോടെയാണ് ആക്രമണം നടത്തിയതെന്നും മുകുള്‍ റോയ് ആരോപിക്കുകയുണ്ടായി. ചില പ്രത്യേകസമുദായക്കാര്‍ ഡോക്ടര്‍മാരെ ആക്രമിക്കുന്നത് പതിവാക്കിയിരിക്കുകയാണെന്ന് മുകുള്‍ റോയിയുടെ പ്രസ്താവന ശരിവച്ച് സംഘ്പരിവാര്‍ അനുകൂലികളായ ഡോക്ടര്‍മാരുടെ സംഘടനയുടെ കണ്‍വീനര്‍ വിവേകാനന്ദ് മജൂംദാറും ആരോപിച്ചു. ഇതിനു പിന്നാലെ സംഘ്പരിവാര്‍ നിയന്ത്രണത്തിലുള്ള സാമൂഹിക മാധ്യ പേജുകളിലുംഗ്രൂപ്പുകളിലും ഡോക്ടര്‍മാരെ ആക്രമിച്ചത് മുസ്ലിംകളാണെന്ന്. രോഗിയുടെ പേരും വയസ്സും ഉള്‍പ്പെടെ പ്രചരിക്കുകയായിരുന്നു.

 

ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ പ്രക്യാപിച്ച സി.പി.എം സാമുദായികതലത്തില്‍ പ്രചാരണം നടത്തിയില്ലെങ്കിലും ആസൂത്രിത ആക്രമണമാണ് നടന്നതെന്ന് ആരോപിച്ചിട്ടുണ്ട്. സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ കൊല്‍ക്കത്ത ആസ്ഥാനമായി പുറത്തിറങ്ങുന്ന ടെലഗ്രാഫ് ദിനപത്രം, അക്രമസംഭവങ്ങളെ ബി.ജെ.പി വര്‍ഗീയ ചേരിതിരിവിന് ഉപയോഗിക്കുകയാണെന്ന തലക്കെട്ടോടെയാണ് വാര്‍ത്ത നല്‍കിയത്.

തിങ്കളാഴ്ച ചികില്‍സയ്ക്കിടെ രോഗി മരിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കളുടെ ആക്രമണത്തില്‍ ജൂനിയര്‍ ഡോക്ടര്‍ പരിബോഹോ മുഖര്‍ജിക്ക് ഗുരുതരമായി പരിക്കേറ്റതോടെയാണ് ബംഗാളില്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. ആക്രമണത്തില്‍ പരിബാഹയുടെ തലയോട്ടിക്കു പൊട്ടലേറ്റു. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സമരത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം അഞ്ചുദിവസമായി താറുമാറായി കിടക്കുകയാണ്. സംഭവത്തിന് പിന്നാലെ മുന്നൂറിലേറെ സര്‍ക്കാര്‍ ഡോക്ടര്‍മാരാണ് സര്‍വീസില്‍ നിന്ന് രാജിവച്ചത്. കേരളത്തിലെതുള്‍പ്പെടെ രാജ്യത്തിന്റെ മിക്ക നഗരങ്ങളിലും കൊല്‍ക്കത്തയിലെ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് പ്രകടനങ്ങളും നടക്കുന്നുണ്ട്.

അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകന്‍ അജിത് സാഹിയുടെ ഫേസ്ബുക്ക് പോസ്റ്റ്:


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News