2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

സഊദിയില്‍ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ മലയാളിക്ക് പരുക്ക്

ജിദ്ദ: സഊദിയിലെ ദമ്മാമില്‍ പ്രവാസി മലയാളിക്ക് നേരെ കവര്‍ച്ചക്കാരുടെ ആക്രമണം. തലയില്‍ വാള്‍ കൊണ്ടുള്ള വെട്ടേറ്റു. എറണാകുളം കാഞ്ഞിരമറ്റം സ്വദേശി മുഹമ്മദലിയാണ് ശനിയാഴ്ച പുലര്‍ച്ചെ ശാര റെയിലില്‍ രണ്ടംഗ സംഘത്തിന്റെ ക്രൂര ആക്രമണത്തിന് ഇരയായത്.

അമീറ നൂറ ബിന്‍ത് അബ്ദുറഹ്മാന്‍ യൂനിവേഴ്‌സിറ്റിയില്‍ ഡ്രൈവറായ മുഹമ്മദലി വെള്ളിയാഴ്ച വൈകുന്നേരത്തെ ഡ്യൂട്ടി കഴിഞ്ഞ് പുലര്‍ച്ചെ ഒന്നോടെ ശാര റെയിലിലെ താമസസ്ഥലത്തിന് സമീപം വാഹനം നിര്‍ത്താനൊരുങ്ങുമ്പോഴായിരുന്നു സംഭവം. വാഹനം നിറുത്തുന്നതിനിടയില്‍ മോഷ്ടാക്കളെത്തി രണ്ട് വശങ്ങളിലൂടെ വളയുകയായിരുന്നു. ഡ്രൈവര്‍ സൈഡിലെ വിന്‍ഡോയിലൂടെ വലിയ വാള്‍ നീട്ടി കഴുത്തില്‍ ചേര്‍ത്തുവെച്ചിട്ട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ഈ സമയം മറുഭാഗത്തൂടെ മറ്റേയാള്‍ അകത്തുകയറി അടിക്കാനും ഇടിക്കാനും തുടങ്ങി. വലിച്ച് പുറത്തിട്ട ശേഷം ക്രൂരമായ മര്‍ദ്ദനം തുടര്‍ന്നു.

പണം ആവശ്യപ്പെട്ടായിരുന്നു അക്രമം. പണമില്ലെന്ന് പറഞ്ഞപ്പോള്‍ വാള്‍ കൊണ്ട് തലയില്‍ ആഞ്ഞുവെട്ടി. പരുക്കേറ്റ മുഹമ്മദലി നിലവിളിക്കുന്നതിനിടെ മോഷ്ടാക്കള്‍ വാഹനം തട്ടിയെടുത്ത് ഓടിച്ചുപോയി. ഇഖാമ, എ.ടി.എം കാര്‍ഡുകള്‍, നാലായിരം റിയാലിന്റെ പെട്രോള്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയടങ്ങിയ പഴ്‌സും മൊബൈല്‍ ഫോണും വണ്ടിക്കകത്തായിരുന്നു. പിന്നീട് അടുത്ത ഗല്ലിയില്‍ ഉപേക്ഷിച്ച നിലയില്‍ വാന്‍ കണ്ടെത്തിയപ്പോള്‍ അതില്‍ ഇഖാമയും ഡ്രൈവിങ് ലൈസന്‍സും മാത്രമേയുണ്ടായിരുന്നുള്ളൂ. മുഹമ്മദലി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.