2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

8 ഓവറില്‍ 7 റണ്‍സിന് 5 വിക്കറ്റ്: വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ വിജയം സമ്മാനിച്ചത് ബുമ്രയുടെ മാസ്മരിക ബൗളിങ്

 

ആന്റിഗ്വ: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ വിജയം സമ്മാനിച്ചത് ജസ്പ്രീത് ബുമ്രയുടെ മാരകമായ ബൗളിങ്. 8 ഓവറില്‍ 7 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്. ബുമ്രയ്ക്കു മുന്നില്‍ ആടിയുലഞ്ഞ വിന്‍ഡീസിന്റെ രണ്ടാം ഇന്നിങ്‌സ് 100 റണ്‍സിനുള്ളില്‍ അവസാനിക്കുകയും ചെയ്തു.

സ്‌കോര്‍: ഇന്ത്യ-297, 343/7 ഡിക്ല. വെസ്റ്റിന്‍ഡീസ്: 222, 100

419 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസ് രണ്ടാമിന്നിങ്‌സില്‍ ഒരുഘട്ടത്തിലും ഇന്ത്യക്ക് ഭീഷണിയായതേയില്ല. ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് (1), ജോണ്‍ കാംബെല്‍ (7) എന്നിവരെ പുറത്താക്കി ബുമ്ര ഏല്‍പ്പിച്ച ഇരട്ട പ്രഹരത്തില്‍നിന്നു കരകയറാന്‍ വിന്‍ഡീസിനു കഴിഞ്ഞില്ല. പിന്നീട് ഡാരന്‍ ബ്രാവോ (2), ഷായ് ഹോപ് (2), ജെയ്‌സന്‍ ഹോള്‍ഡര്‍ (8) എന്നിവരെ ബോള്‍ഡ് ചെയ്ത ബുമ്ര അതിവേഗം 5 വിക്കറ്റ് നേട്ടത്തിലെത്തി. ഇതിനിടെ ഷര്‍മാര്‍ ബ്രൂക്‌സ് (2), ഷിമ്രോണ്‍ ഹെറ്റ്മയര്‍ (1) എന്നിവരെ പുറത്താക്കിയ ഇഷാന്ത് ശര്‍മയും കരുത്തുകാട്ടി. ഇതോടൊപ്പം 2 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനം കൂടിയായപ്പോള്‍ വിന്‍ഡീസിന്റെ കഥ വേഗത്തില്‍ കഴിഞ്ഞു. 38 റണ്‍സെടുത്ത കെമര്‍ റോഷാണ് കരീബിയന്‍ ടീമിന്റെ ടോപ് സ്‌കോറര്‍.

നേരത്തെ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ സെഞ്ചുറി മികവില്‍ ഇന്ത്യ രണ്ടാം ഇന്നിങ്ങ്‌സ് ഏഴിന് 343 റണ്‍സില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. രഹാനെ 102 റണ്‍സെടുത്ത് പുറത്തായി. 93 റണ്‍സെടുത്ത ഹനുമ വിഹാരിയുടെ വിക്കറ്റ് വീണതോടെ കോലി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ടെസ്റ്റിലെ തന്റെ 10ാം സെഞ്ചുറി കുറിച്ച രഹാനെയുടെ ഇന്നിങ്‌സാണ് ഇന്ത്യയെ തുണച്ചത്. 235 പന്തില്‍ നിന്നായിരുന്നു രഹാനെയുടെ സെഞ്ചുറി. 51 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയുടെ വിക്കറ്റാണ് നാലാം ദിനം ഇന്ത്യയ്ക്ക് നഷ്ടമായത്. കോലിയെ റോസ്റ്റണ്‍ ചേസ് പുറത്താക്കി. നാലാം വിക്കറ്റില്‍ രഹാനെ- കോലി സഖ്യം 106 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. വിന്‍ഡീസിനായി റോസ്റ്റണ്‍ ചേസ് മൂന്നു വിക്കറ്റ് വീഴ്ത്തി. കെ.എല്‍. രാഹുല്‍ (85 പന്തില്‍ നിന്ന് 38 റണ്‍സ്), മായങ്ക് അഗര്‍വാള്‍ (43 പന്തില്‍ നിന്ന് 16 റണ്‍സ്), ചേതേശ്വര്‍ പൂജാര (53 പന്തില്‍ നിന്ന് 25 റണ്‍സ്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

Bumrah bags 5 wickets as India win by 318 run


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.