2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ നിന്നും ഒന്നരലക്ഷം രൂപയുടെ ബുള്ളറ്റും പണവും കവര്‍ന്ന പ്രതി പിടിയിലായി

കോഴിക്കോട്: കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ ബ്ലൂ മൗണ്ടെയ്ന്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ നിന്നും ഒന്നരലക്ഷം രൂപ വിലവരുന്ന പുതിയ ബുള്ളറ്റും ഒന്നരലക്ഷം രൂപയും ജാക്കറ്റും ബാഗും ഷൂവും മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊലിസ് സമര്‍ഥമായി പിടികൂടി. ഒഴൂര്‍ കോറാട്ട് പൈനാട്ട് വീട്ടില്‍ നൗഫല്‍(20) ആണ് കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും പിടിയിലായത്.

ടൗണ്‍ സി.ഐ ഉമേഷിന്റെ നേതൃത്വത്തില്‍ സൗത്ത് അസി. കമ്മിഷണര്‍ എ.ജെ ബാബുവിന്റെ നിയന്ത്രണത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡും എസ്.ഐ ബിജിത്തും ചേര്‍ന്നാണ് പ്രതിയെ വലയിലാക്കിയത്. കഴിഞ്ഞ സെപ്തംബറിലാണ് ഷോറൂമില്‍ വന്‍ മോഷണം നടന്നത്. എന്നാല്‍ ഇവിടുത്തെ സി.സി.ടി.വിയില്‍ പ്രതിയുടെ ദൃശ്യങ്ങള്‍ കൃത്യമായി പതിഞ്ഞിരുന്നു. പെരിന്തല്‍മണ്ണയിലെ ഒരു ബുള്ളറ്റ് ഷോറൂമിലും സമാന രീതിയില്‍ മോഷണം നടത്തിയ പ്രതി മയക്കുമരുന്ന് പോലുള്ള ലഹരികള്‍ക്ക് അടിമയായിരുന്നു.

മോഷണം നടത്തിയ ശേഷം ചെന്നൈയിലും ബംഗളൂരുവിലും ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. പ്രതി കുറ്റിപ്പുറത്ത് എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലിസ് ഇവിടെ വലവിരിച്ചതും ഇയാള്‍ പിടിയിലായതും. വിശദമായി ചോദ്യം ചെയ്തപ്പോള്‍ മോഷ്ടിച്ച ബുള്ളറ്റ് ഒളിപ്പിച്ച സ്ഥലം ഇയാള്‍ പൊലിസിന് കാട്ടിക്കൊടുത്തു. സ്‌പെഷ്യല്‍ സക്വാഡ് അംഗങ്ങളായ ഇ. മനോജ്, കെ. അബ്ദുല്‍ റഹ്മാന്‍, രണ്‍ദീര്‍, രമേഷ് ബാബു, സി.കെ സുജിത്ത്, പി. ഷാഫി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.