2020 February 28 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഗ്രാമീണ, കാര്‍ഷിക മേഖലകളും കേന്ദ്ര ബജറ്റും

ഫഹീം ഫറാസ്

 

കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച റെക്കോര്‍ഡ് ദൈര്‍ഘ്യമുള്ള ബജറ്റ് തകര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടനയെ കരകയറ്റുമോ എന്നത് വിലയിരുത്തേണ്ടതാണ്. ഗ്രാമീണ മേഖലയും കാര്‍ഷിക രംഗവും എങ്ങനെ അഭിവൃദ്ധി പ്രാപിക്കുന്നുവോ എന്നതിനെ ആശ്രയിച്ചാണ് സമത്വഭാവനയോടെയുള്ള സമ്പദ്ഘടനയെ നിര്‍മിക്കാന്‍ സാധിക്കുകയുള്ളൂ എന്നത് വസ്തുതയാണ്. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ ഗ്രാമീ, കാര്‍ഷിക മേഖലകളെ എങ്ങനെയാണ് പരിഗണിച്ചതെന്നും സര്‍ക്കാറിന്റെ സമീപനം രാജ്യത്തെ സമ്പദ്‌വ്യവസ്ഥയില്‍ എന്തെല്ലാം അനുരണനങ്ങളാണ് സൃഷ്ടിക്കാന്‍ പോവുന്നത് എന്നതുമാണ് ഈ ലേഖനം പരിശോധിക്കുന്നത്.

കാര്‍ഷിക മേഖലയിലെയും അതിന്റെ അനുബന്ധ മേഖലകളിലെയും വാര്‍ഷിക വളര്‍ച്ചാ നിരക്ക് നിശ്ചലമാണെന്നാണ് 2020ലെ സാമ്പത്തിക സര്‍വെ (Economic Survey) പറയുന്നത്. 2014-15 മുതല്‍ 2018-19 വരെയുള്ള കാലയളവില്‍ ശരാശരി 2.88 ശതമാനമാണെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 0.1 ശതമാനം മാത്രമാണ് വര്‍ധനവുണ്ടായത്. ഇന്ത്യയില്‍ കാര്‍ഷിക മേഖലയിലുള്ള ഭൂരിഭാഗംപേരും ചെറുകിട കര്‍ഷകരായതിനാല്‍ സ്ഥായിയായ കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം സാമ്പത്തിക സര്‍വെയുടെ ഏഴാമത്തെ അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. ഓക്‌സ്ഫാം ഇന്റര്‍നാഷനല്‍ തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ താഴേക്കിടയിലുള്ള 50 ശതമാനം ആളുകളുടെ സമ്പത്തില്‍ മൂന്ന് ശതമാനം വര്‍ധനവ് മാത്രമാണുണ്ടായത്. ഒപ്പം ഗ്രാമീണ മേഖലയിലെ വേതന നിരക്കും നിരന്തരം താഴോട്ട് പോവുന്നതായി പല പഠനങ്ങളും പറയുന്നുണ്ട്. ഗ്രാമീണ മേഖലയിലെ കുറഞ്ഞ ഉപഭോഗമാണ് (consumption) ഇന്ത്യയുടെ ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച (GDP) കുറയുന്നതില്‍ പ്രധാന കാരണമെന്നാണ് ഐം.എം.എഫിലെ മുഖ്യ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് പറഞ്ഞത്.

2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യ ഒരു പരിധിവരെ പിടിച്ചുനിന്നത് മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി ഗ്രാമീണ ജനതയിലേക്ക് ചെലവഴിക്കാന്‍ പണം എത്തുകയും ഇതിലൂടെ അവരുണ്ടാക്കിയ ഗ്രാമീണ ഡിമാന്‍ഡുമായിരുന്നു. സമാനമായ സാഹചര്യത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കടന്നുപോവുമ്പോള്‍ ഈ പദ്ധതിക്ക് കൂടുതല്‍ ഫണ്ട് വകയിരുത്തും എന്നാണ് പ്രതീക്ഷിച്ചത്. നോബേല്‍ സമ്മാന ജേതാവ് അഭിജിത്ത് ബാനര്‍ജിയടക്കം ഇത് നിര്‍ദേശിച്ചിരുന്നു. ഒപ്പം പദ്ധതിയുടെ കഴിഞ്ഞ വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ടില്‍ പതിനഞ്ചോളം സംസ്ഥാനങ്ങള്‍ക്ക് ഇനിയും വിഹിതം കൊടുത്തുതീര്‍ക്കാനുണ്ട് എന്ന് പറയുന്നുണ്ട്. നിലവില്‍ പ്രസ്തുത സാമ്പത്തിക വര്‍ഷത്തേക്ക് അനുവദിച്ച തുകയില്‍ 96 ശതമാനവും ചെലവഴിച്ചെന്നും വരുന്ന മൂന്നു മാസത്തേക്ക് 2500 കോടി രൂപ മാത്രമാണ് ബാക്കിയുള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, നിലവിലെ സാമ്പത്തിക സാഹചര്യത്തെ കരകയറ്റണമെന്ന ഉദ്ദേശ്യമൊന്നും തങ്ങള്‍ക്കില്ല എന്ന് വ്യക്തമാക്കി പദ്ധതിക്കുള്ള വിഹിതത്തില്‍ 9 ശതമാനം കുറയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. കഴിഞ്ഞ 45 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കും ഉയര്‍ന്ന പണപ്പെരുപ്പവും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഗ്രാമീണ ജനങ്ങള്‍ക്ക് തൊഴില്‍ നേരിട്ട് നല്‍കുന്ന ഏക പദ്ധതിയുടെ വിഹിതം കേന്ദ്രം കുറച്ചത്.

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും എന്ന വാഗ്ദാനത്തോടെ 16 ഇന കര്‍മ പരിപാടികളാണ് ബജറ്റില്‍ അവതരിപ്പിച്ചത്. നിലവില്‍ വിപണി മൂല്യത്തിന്റെ പത്തും മുപ്പതും ശതമാനം മാത്രമാണ് പച്ചക്കറി കര്‍ഷകര്‍ക്കും ധാന്യവിള കര്‍ഷകര്‍ക്കും യഥാക്രമം ലഭിക്കുന്നത്. കര്‍ഷകര്‍ക്ക് വിപണിമൂല്യത്തിന്റെ പകുതിയെങ്കിലും ലഭിക്കുന്ന സാഹചര്യമുണ്ടായാലേ നിലവിലുള്ള സാഹചര്യത്തില്‍ കൃഷിയെ ഉപജീവന മാര്‍ഗമായി സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ. അതിനുള്ള പദ്ധതികളാണ് സ്വീകരിക്കേണ്ടത്.

16 ഇന പദ്ധതികളില്‍ കിസാന്‍ റെയില്‍, കൃഷി ഉഡാന്‍ തുടങ്ങിയവയൊക്കെ പരമാവധി പത്തു ശതമാനം കര്‍ഷകര്‍ക്കേ പ്രയോജനപ്പെടുകയുള്ളൂ എന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. മാത്രവുമല്ല ഇതൊന്നു ഹ്രസ്വ കാലത്ത് കര്‍ഷരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ കാരണമാവും എന്ന് കരുതാന്‍ സാധിക്കില്ല. പകരം കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണി നൈപുണ്യം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നെങ്കില്‍ അത് ഗുണപരമായിരുന്നു.
കര്‍ഷകര്‍ക്ക് നേരിട്ട് പണം ലഭിക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് കഴിഞ്ഞ വര്‍ഷത്തെ അതെ തുക തന്നെയാണ് അനുവദിച്ചിട്ടുള്ളത്. പക്ഷെ കഴിഞ്ഞ വര്‍ഷം ആകെയുള്ള പതിനാല് കോടിക്കടുത്ത് കര്‍ഷകരില്‍ എട്ട് കോടി പേര്‍ക്ക് മാത്രമാണ് ഇത് എത്തിക്കാന്‍ സാധിച്ചത്. പദ്ധതിയുടെ പ്രയോജനം മുഴുവന്‍ കര്‍ഷകര്‍ക്കും എത്തിക്കാന്‍ നിലവിലുള്ള പദ്ധതിയില്‍ ഒരു നവീകരണവും നടത്തിയിട്ടില്ല.
ഡീസല്‍, മണ്ണെണ്ണ ഉള്‍പ്പെടെയുള്ള ഇന്ധനങ്ങളെ ആശ്രയിക്കാതെ കര്‍ഷകര്‍ സ്വയം ഊര്‍ജം ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പ്രധാനമന്ത്രി ഊര്‍ജ സുരക്ഷ ഏവം ഉഥാന്‍ മഹാഭിയാന്‍ (പി.എം കുസും) പദ്ധതിക്ക് ഈ വര്‍ഷം പുതുതായി 35 ലക്ഷം സോളാര്‍ പമ്പുകളാണ് അനുവദിച്ചത്. അഞ്ച് ശതമാനം കര്‍ഷകര്‍ക്ക് മാത്രമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുത വിതരണ കമ്പനികളെ സഹായിക്കുന്നതിനായി മോദി സര്‍ക്കാര്‍ ആരംഭിച്ച ഉദയ് പദ്ധതി ഉള്‍പ്പെടെയുള്ളവയ്ക്ക് പ്രഖ്യാപന ലക്ഷ്യങ്ങളൊന്നും നേടാന്‍ സാധിക്കാത്തതിനാല്‍ കുസും കൂടുതല്‍ പേരില്‍ എത്തിക്കാനുള്ള ശ്രമം ഉണ്ടാവണമായിരുന്നു. ഒപ്പം പദ്ധതിയുടെ നിലവിലുള്ള മാതൃക അനുസരിച്ച് പ്രധാനലക്ഷ്യങ്ങളില്‍ ഒന്നായ ജല, ഊര്‍ജ ഉപയോഗം ഉത്തമീകരിക്കുന്നതിന് സാധ്യതയില്ല എന്ന Cetnre For Science and Environment (CSE)യുടെ കണ്ടെത്തലിനെ മുഖവിലയ്‌ക്കെടുത്ത് പദ്ധതിയില്‍ ആവശ്യകരമായ മാറ്റങ്ങള്‍ വരുത്താനുള്ള നടപടികളൊന്നും ബജറ്റില്‍ ഉണ്ടായിട്ടില്ല.

2025ഓടെ എല്ലാ വീടുകളിലും ജലവിതരണം എത്തിക്കും എന്ന വാഗ്ദാനത്തോടെ അവതരിപ്പിച്ച ജല ജീവന്‍ പദ്ധതിക്ക് രാജ്യം കടുത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തിലും പദ്ധതി വിഹിതത്തിന്റെ 15% മാത്രമാണ് അധികം അനുവദിച്ചത്. നിലവില്‍ ഗ്രാമീണ ജനങ്ങളില്‍ 18 ശതമാനത്തിന് മാത്രമാണ് മതിയായ ജലലഭ്യതയുള്ളത്. കാലാവസ്ഥ വ്യതിയാനം കാര്‍ഷിക മേഖലയെ ബാധിക്കുന്നത് കഴിഞ്ഞ വര്‍ഷങ്ങളില്‍ നമ്മള്‍ കണ്ടതാണ്. 49 ലക്ഷത്തിനടുത്ത് ഹെക്ടര്‍ ഭൂമിയിലെ വിളകളാണ് കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ടത്. 2050 ആവുമ്പോഴേക്കും ആഗോളതാപനം മൂലം ഇന്ത്യയില്‍ ഗോതമ്പ്, അരി തുടങ്ങിയവയുടെ ഉത്പാദനത്തില്‍ യാഥാക്രമം 23, 16 ശതമാനം കുറവുണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്. ഇക്കാര്യം കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് പുതുതായി അവതരിപ്പിച്ച Coalition for Disaster Resilient കിളൃമെേൃൗരൗേൃല (CDRI) കഴിഞ്ഞ സെപ്റ്റംബറില്‍ ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥയുമായി ബന്ധപ്പെട്ട ഉച്ചക്കോടിയില്‍ പ്രഖ്യാപിച്ചതായിരുന്നു. പദ്ധതിയെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങളൊന്നും ബജറ്റിലുണ്ടായിട്ടില്ല. കാല വര്‍ഷ വ്യതിയാനങ്ങളുമായി പൊരുത്തപ്പെടാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള ഫണ്ട് വിഹിതത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം കുറവാണ് അനുവദിച്ചത്.

സമ്പദ്ഘടന ക്ഷയിച്ചുകൊണ്ടിരിക്കുമ്പോള്‍ സൗജന്യ നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്താനുള്ള നടപടികള്‍ ആവശ്യമായിരുന്നു. ഗുണഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിച്ചും പയറ് വര്‍ഗ്ഗങ്ങളും പാചക എണ്ണ അടക്കമുള്ള അവശ്യ വസ്തുക്കള്‍ ഉള്‍പ്പെടുത്തി പൊതുവിതരണം വിപുലീകരിക്കുന്നതിന് പകരം അത് ചുരുക്കുകയാണ് ചെയ്തത്. പദ്ധതിയുടെ വിഹിതത്തില്‍ 6 ശതമാനം മാത്രമാണ് അധികം അനുവദിച്ചത്. പോഷകാഹാരക്കുറവും പട്ടിണിയും ഇല്ലാതാക്കാനായി ആരംഭിച്ച ദേശീയ സമഗ്ര ശിശുവികസന പരിപാടി, ഉച്ചഭക്ഷണ പരിപാടി, ദേശീയ പോഷക അഭിയാന്‍ അടക്കമുള്ള പദ്ധതികള്‍ക്കൊക്കെ ഫണ്ട് വിഹിതം ആവശ്യത്തിലും കുറവാണ്.

ഗ്രാമീണ ജനങ്ങള്‍ക്ക് ആശ്വാസമായിരുന്ന പല പെന്‍ഷന്‍ പദ്ധതികള്‍ക്കും അനുവദിച്ച തുകയിലും വലിയ വര്‍ധനയുണ്ടായിട്ടില്ല. വാര്‍ധക്യ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, ദേശീയ കുടുംബ സഹായകര പദ്ധതി, മുതിര്‍ന്ന അംഗം മരണപ്പെട്ട നിരാശ്രയ കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ 10,000 രൂപ തുടങ്ങിയ പദ്ധതികള്‍ക്ക് കഴിഞ്ഞ വര്‍ഷം അനുവദിച്ച തുകയില്‍ നിന്ന് നേരിയ വര്‍ധനവ് പോലും ഉണ്ടായിട്ടില്ല.

ഗ്രാമീണ വികസനവുമായി ബന്ധപ്പെട്ടുള്ള മറ്റു പദ്ധതികള്‍ക്ക് അനുവദിച്ച ഫണ്ടിലും വര്‍ധനവില്ല. പാര്‍പ്പിട, ആജീവിക പദ്ധതികള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ അതെ തുക തന്നെയാണ് അനുവദിച്ചത്. രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളെ മികച്ച റോഡുകള്‍ വഴി ബന്ധിപ്പിക്കുന്ന പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനക്ക് അനുവദിച്ച തുകയില്‍ 4 ശതമാനം വര്‍ധനവ് മാത്രമാണുണ്ടായത്. പഞ്ചായത്ത് രാജ് പ്രവര്‍ത്തനങ്ങള്‍ക്ക് 9 കോടി രൂപ മാത്രമാണ് അധികം പ്രഖ്യാപിച്ചത്. ഗ്രാമീണ മേഖലയില്‍ വലിയൊരു വിഭാഗം തോട്ടങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. അവരുടെ വേതനം വര്‍ധിപ്പിക്കാന്‍ സഹായകരമാവുന്ന എം.എസ് സ്വാമിനാഥന്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങളൊന്നും ബജറ്റ് പരിഗണിച്ചില്ല.

ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് ഇന്ത്യയുടെ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുമെന്നത് വെറും മിഥ്യാധാരണയാണ്. തകര്‍ന്ന സമ്പദ്ഘടന അവരുടെ ദീര്‍ഘകാല പദ്ധതിയായ ഹിന്ദു രാഷ്ട്ര നിര്‍മിതിയുടെ പ്രധാന ഭാഗമാണ്. ബംഗാള്‍ ധനമന്ത്രി പറഞ്ഞത് കടമെടുത്താല്‍ നിലവില്‍ ഐ.സി.യുവിലുള്ള ഇന്ത്യന്‍ സമ്പദ്ഘടനയെ വെന്റിലേറ്ററില്‍ എത്തിക്കാന്‍ പാകത്തിലുള്ള ബജറ്റാണ് ഈ വര്‍ഷം അവതരിപ്പിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.