2019 November 20 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ചുമട്ടുതൊഴിലാളിയോട് കൈക്കൂലി വാങ്ങിയ അസി. ലേബര്‍ ഓഫിസറെ വിജിലന്‍സ് പിടികൂടി

മലപ്പുറം: ചുമട്ടുതൊഴിലാളിക്ക് തൊഴില്‍ കാര്‍ഡ് അനുവദിക്കുന്നതിന് ഓഫിസില്‍ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെ കൊണ്ടോട്ടി അസി.ലേബര്‍ ഓഫിസര്‍ മലപ്പുറം വിജിലന്‍സിന്റെ പിടിയിലായി. മഞ്ചേരി കാരക്കുന്ന് സ്വദേശി കൃഷ്ണനാണ് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.സി.ഐ.ടി.യു ചുമട്ട് തൊഴിലാളി യൂണിയന്‍ അരീക്കോട് ഐ.ടി.ഐ യൂണിറ്റ് ട്രഷറര്‍ ചെമ്രക്കാട്ടൂര്‍ സ്വദേശി അബ്ദുള്‍ വാഹിദിനോടാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്.

അബ്ദുല്‍ വാഹിദ് ഉള്‍പ്പടെ 14 പേര്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് ലേബര്‍ കാര്‍ഡ് ലഭിക്കുന്നതിനായി കൊണ്ടോട്ടി അസി.ലേബര്‍ ഓഫിസില്‍ അപേക്ഷ സമര്‍പ്പിച്ചത്. കാര്‍ഡ് അനുവദിക്കുന്നതിനായി ലേബര്‍ ഓഫിസര്‍ 15,000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരനും യൂനിറ്റ് അംഗങ്ങളം ചേര്‍ന്ന് 5000 രൂപ പിരിച്ചെടുത്ത് ലേബര്‍ ഓഫിസര്‍ക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് അഞ്ചു പേരുടെ ലേബര്‍ കാര്‍ഡ് നല്‍കുകയും പിന്നീട് പലതവണകളായി കൃഷ്ണനെ സമീപിച്ചതില്‍ മറ്റ് നാലു പേരുടെ ലേബര്‍ കാര്‍ഡുകള്‍ കൂടി നല്‍കുകയും ചെയ്തു. ശേഷിക്കുന്ന ആറ് പേരുടെ കാര്‍ഡുകള്‍ക്കായി സമീപിച്ചപ്പോള്‍ മുമ്പ് കണ്ടതു പോലെ എന്നെ കണ്ടാല്‍ കാര്‍ഡ് ശരിയാക്കിതരമെന്ന് പറയുകയായിരുന്നു.

ഇന്ന് ഉച്ചക്ക് രണ്ടോടെ പതിനായിരം രൂപ കൊണ്ടുവന്നാല്‍ കാര്‍ഡുകള്‍ ശരിയാക്കിതരാമെന്ന് പറഞ്ഞതനുസരിച്ച് വാഹിദ് മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പി എ. രാമചന്ദ്രനെ സമീപിക്കുകയായിരുന്നു. ഉച്ചയോടെ അസി. ലേബര്‍ ഓഫിസ് പരിസരത്തെത്തിയ വിജിലന്‍സ് സംഘം ഫിനോഫ്തലിന്‍ പുരട്ടിയ കറന്‍സി നോട്ടുകള്‍ പരാതിക്കാരന് നല്‍കുകയും പരാതിക്കാരന്‍ ഇത് കൃഷണന് കൈമാറുകയുമായിരുന്നു. ഉടനെ വിജിലന്‍സ് സംഘം ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.