2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

Editorial

ബ്രെക്‌സിറ്റില്‍ ആടിയുലയുന്ന ബ്രിട്ടന്‍


ബ്രിട്ടീഷ് പ്രധാനമന്ത്രി തെരാസാ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളിയതോടെ ബ്രിട്ടനില്‍ ഒരിക്കല്‍കൂടി രാഷ്ട്രീയാനിശ്ചിതത്വം ഉരുണ്ടുകൂടിയിരിക്കുകയാണ്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് വിട്ടുപോരുന്നതുമായി ബന്ധപ്പെട്ട കരാറാണ് 202 വോട്ടിനെതിരേ 403 വോട്ടുകള്‍ക്കു പരാജയപ്പെട്ടത്. മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് എതിരായി വോട്ട് ചെയ്തത്.

2016 ജൂണ്‍ 23നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് വിട്ടുപോരുന്നതിനുള്ള ഹിതപരിശോധന നടത്തിയത്. അന്ന് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂണ്‍ ഹിതപരിശോധനയ്‌ക്കെതിരായിരുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ പാര്‍ട്ടി അംഗമായ മേ യൂറോപ്യന്‍ യൂനിയനില്‍നിന്ന് വിടണമെന്ന പക്ഷക്കാരിയായിരുന്നു. അവരുടെ അഭിപ്രായത്തിനു പാര്‍ട്ടിയില്‍ മുന്‍തൂക്കം ലഭിക്കുകയും ഹിതപരിശോധന നടക്കുകയും ചെയ്തു. 51.9 ശതമാനംപേര്‍ ഹിതപരിശോധനക്ക് അനുകൂലിച്ചു. 48.1 ശതമാനംപേര്‍ എതിര്‍ക്കുകയും ചെയ്തു.
തന്റെ അഭിപ്രായത്തിനു വിരുദ്ധമായി കാര്യങ്ങള്‍ കലാശിച്ചതില്‍ ഖിന്നനായി ഡേവിഡ് കാമറൂണ്‍ 2016 ജൂലൈയില്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. പിന്നീടദ്ദേഹം രാഷ്ട്രീയംതന്നെ ഉപേക്ഷിച്ചു. 2016 മെയ് മാസം പ്രധാനമന്ത്രിയായി സ്ഥാനമേറ്റ മേ 2017 മാര്‍ച്ച് 21ന് ബ്രെക്‌സിറ്റ് കരാര്‍ നടപ്പാക്കിത്തുടങ്ങി. കരാര്‍ പെട്ടെന്നു നടപ്പിലാക്കാന്‍ അവര്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തിയെങ്കിലും നേരത്തെയുണ്ടായിരുന്ന ഭൂരിപക്ഷം നഷ്ടപ്പെട്ടു. ഭരിക്കാന്‍ ഒരു സഖ്യകകക്ഷിയുടെ സഹായം വേണ്ടിവന്നു.
എന്നാല്‍ കരാര്‍ ബ്രിട്ടന്റെ താല്‍പര്യത്തിന് എതിരാണെന്ന തിരിച്ചറിവില്‍ നേരത്തെ ഹിതപരിശോധനയില്‍ അനുകൂലമായിരുന്ന പൊതുജനം എതിര്‍ക്കാന്‍ തുടങ്ങി. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് വിട്ടുപോരാന്‍ തീരുമാനിക്കുകയും അതിന്റെ നടപടികള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്ന വേളയില്‍ ബ്രിട്ടന്‍ ഉദ്ദേശിച്ചാല്‍ പോലും നേരത്തെയെടുത്ത തീരുമാനം റദ്ദായിപ്പോവുകയില്ല. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിട്ടേ തീരൂ. അതാണ് നിയമം. എന്നാല്‍ യൂറോപ്യന്‍ യൂനിയന്റെ ചരിത്രത്തില്‍ ഒരു അംഗരാജ്യവും ഇതുവരെ വിട്ടുപോയിട്ടില്ല. അതിനാല്‍ കീഴ്‌വഴക്കങ്ങളെ ആശ്രയിക്കാന്‍ ബ്രിട്ടനും യൂറോപ്യന്‍ യൂനിയനും കഴിയുന്നില്ല. അതിനാല്‍ നടപടികള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്.

രണ്ടു വര്‍ഷത്തിനകം ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് വിടുതല്‍ വാങ്ങണമെന്ന നിയമം പ്രാബല്യത്തിലുള്ളതിനാല്‍ അടുത്ത മാര്‍ച്ച് 29ന് ബ്രിട്ടന്‍ യൂനിയന്‍ വിടേണ്ടിവരും. കരാറിന് അംഗീകാരം നല്‍കാന്‍ യൂറോപ്യന്‍ യൂനിയന്‍ നേതാക്കളുടെ യോഗം ഈ മാസം 25ന് ബെല്‍ജിയത്തില്‍ ചേരുകയാണ്. വിടേണ്ടെന്ന് പാര്‍ലമെന്റ് തീരുമാനിച്ചാലും വിടുതല്‍ നീട്ടിക്കിട്ടുമെന്നല്ലാതെ യൂറോപ്യന്‍ യൂനിയനിലേക്ക് ബ്രിട്ടന് ഇനിയൊരു മടക്കമില്ല.
ചുരുക്കത്തില്‍ ബ്രെക്‌സിറ്റ് തിരമാലകളില്‍പെട്ട് ആടിയുലയുകയാണ് ബ്രിട്ടന്‍. കഴിഞ്ഞ 19 മാസം തെരേസാ മേ യൂറോപ്യന്‍ യൂനിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയതിന്റെ ഫലമായി ഉരുത്തിരിഞ്ഞതാണ് കരാര്‍. കരാറില്‍ കോടിക്കണക്കിനു പൗണ്ട് യൂനിയന് ബ്രിട്ടന്‍ കൊടുക്കേണ്ടിവരും. ബ്രിട്ടന്റെ താല്‍പര്യത്തിന് എതിരാണ് കരാറിലെ പല വ്യവസ്ഥകളെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയംഗങ്ങളും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ആരോപിക്കുന്നു. ഇതേതുടര്‍ന്നാണ് കരാറിനെതിരേ ബ്രിട്ടനില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ ആഞ്ഞടിക്കാന്‍ തുടങ്ങിയത്.

ഡിസംബര്‍ 11ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വോട്ടെടുപ്പാണ് കഴിഞ്ഞ ദിവസം നടന്നത്. ഡിസംബര്‍ 11ന് കരാര്‍ അവതരിപ്പിച്ചാല്‍ പരാജയപ്പെടുമെന്ന ഭീതിയിലാണ് കഴിഞ്ഞ ദിവസം വോട്ടിങ് നടന്നത്. കഴിഞ്ഞ ദിവസവും കരാര്‍ പാര്‍ലമെന്റില്‍ പരാജയപ്പെടുകയായിരുന്നു. യൂറോപ്യന്‍ യൂനിയന്‍ വിട്ടുപോരാന്‍ എടുത്ത തീരുമാനം അബദ്ധമായിപ്പോയെന്നും വീണ്ടുമൊരു ഹിതപരിശോധന നടത്തണമെന്നുമുള്ള അഭിപ്രായം ബ്രിട്ടനില്‍ ഉയരുന്നുമുണ്ട്.
യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നത് ബ്രിട്ടന് സാമ്പത്തിക നഷ്ടമാണെന്നും ബ്രിട്ടന്റെ ധനം യൂനിയനിലേക്കൊഴുകുകയാണെന്നും അംഗ രാഷ്ട്രങ്ങളിലെ തൊഴിലന്വേഷകര്‍ ബ്രിട്ടനില്‍ കുടിയേറിപ്പാര്‍ക്കുമ്പോള്‍ തദ്ദേശീയര്‍ക്കു തൊഴിലവസരം നഷ്ടപ്പെടുകയുമാണെന്ന ചിന്തയില്‍നിന്നാണ് യൂറോപ്യന്‍ യൂനിയന്‍ വിടുക എന്ന പ്രചാരണം ശക്തിപ്രാപിച്ചതും ഒടുവില്‍ ഹിതപരിശോധന നടന്നതും. പുതിയൊരു മന്ത്രിസഭ അധികാരത്തില്‍വന്നാലും ബ്രെക്‌സിറ്റ് ബ്രിട്ടന്റെ മുന്‍പില്‍ വാപിളര്‍ന്ന് നില്‍ക്കുമെന്നത് ഒരു യാഥാര്‍ഥ്യമാണ്. കാരണം ബ്രിട്ടണ്‍ യൂറോപ്യന്‍ യൂനിയന്‍ വിട്ടാലും അനിശ്ചിതകാലത്തേക്ക് യൂറോപ്യന്‍ യൂനിയന്റെ നിയമങ്ങളും നിബന്ധനകളും അംഗീകരിക്കാന്‍ ബാധ്യസ്ഥമാണ്. എന്നാല്‍ അംഗങ്ങള്‍ക്കുള്ള ഒരവകാശവും ബ്രിട്ടന് കിട്ടുകയുമില്ല. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക കൂട്ടായ്മയായ യൂറോപ്യന്‍ യൂനിയനില്‍നിന്ന് ഒരു വാശിക്ക് എടുത്തുചാടാന്‍ തീരുമാനിച്ച ബ്രിട്ടന്‍ മറ്റൊരു വാശിക്ക് കയറിവരാന്‍ കഴിയാത്ത അവസ്ഥയിലാണിപ്പോള്‍. രാഷ്ട്രീയ അസ്ഥിരതയാകട്ടെ ബ്രിട്ടനെ ഉലച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.