2019 June 19 Wednesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

എട്ടില്‍ ഒരു സ്ത്രീക്ക് സ്തനാര്‍ബുദ സാധ്യത

അഷറഫ് ചേരാപുരം

കോഴിക്കോട്: ഇന്ത്യയില്‍ എട്ട് സ്ത്രീകളില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദ സാധ്യതയെന്ന് കണ്ടെത്തല്‍. അര്‍ബുദരോഗം വ്യാപകമായിക്കൊണ്ടിരിക്കുന്ന സമയത്താണ് ഭീതിയുണ്ടാക്കുന്ന പുതിയ വെളിപ്പെടുത്തല്‍.

2020 ആവുമ്പൊഴെക്കും സ്തനാര്‍ബുദ രോഗികളുടെ എണ്ണം 17.3 ലക്ഷം കവിയുമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നല്‍കുന്ന വിവരം. സ്ത്രീകളില്‍ മാത്രമല്ല, പുരുഷന്‍മാരിലും രോഗം വരാന്‍ സാധ്യതയുണ്ടെന്നും അപൂര്‍വമായി ചില കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ജീവിത രീതിയിലെ മാറ്റമാണ് സ്തനാര്‍ബുദത്തിന്റെ വര്‍ധനയ്ക്ക് പ്രധാന കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. പൊണ്ണത്തടിയും മദ്യപാനവും വൈകിയുള്ള പ്രസവങ്ങളുമെല്ലാം ഈ രോഗത്തിന് കാരണമായേക്കും.

ഗ്രാമപ്രദേശങ്ങളേക്കാള്‍ ജീവിത രീതിയിലെ മാറ്റം നഗരത്തിലായതിനാല്‍ അവിടങ്ങളിലാണ് സ്തനാര്‍ബുദം കൂടുതലുള്ളത്. ശ്വാസകോശ അര്‍ബുദം കഴിഞ്ഞാല്‍ ഏറ്റവും കൂടുതലുള്ള അര്‍ബുദരോഗമാണിത്.

സ്തനങ്ങളിലെ കോശങ്ങളിലുണ്ടാവുന്ന അര്‍ബുദമാണ് സ്തനാര്‍ബുദം. സ്തനങ്ങളില്‍ നിറമാറ്റം, മുഴകള്‍, വേദന, കല്ലിപ്പ് തുടങ്ങി വിവിധ ലക്ഷണങ്ങള്‍ ഈ അര്‍ബുദത്തിനുണ്ടാവാം.

എന്നാല്‍ പലപ്പോഴും അശ്രദ്ധയും രോഗം തിരിച്ചറിയാനുള്ള കാലതാമസവും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ആരംഭ ഘട്ടത്തില്‍ കണ്ടു പിടിക്കപ്പെട്ടാല്‍ സ്തനാര്‍ബുദം പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്നതാണീ രോഗം.

എന്നാല്‍ അഭ്യസ്ഥ വിദ്യരായ സ്ത്രീകള്‍ പോലും മിഥ്യാധാരണകള്‍ വച്ചു പുലര്‍ത്തുകയും ഇക്കാര്യത്തില്‍ ബോധവതികളാവുകയും ചെയ്യുന്നില്ലെന്നും ഈ രംഗത്ത് പ്രവൃത്തിക്കുന്നവര്‍ പറയുന്നു.

സമൂഹത്തില്‍ ഒറ്റപ്പെടുമെന്നതോ പുറത്തറിയുന്നതിലുള്ള നാണക്കേടോ വിചാരിച്ച് പലരും ഇക്കാര്യം തുടക്കത്തില്‍ പറയാതിരിക്കുകയാണ്. രോഗം സ്ഥിരീകരിക്കപ്പെട്ടാല്‍ തന്നെ പലരും കൃത്യമായ ചികിത്സ തേടാതിരിക്കുന്ന അവസ്ഥയും ഉണ്ട്. പിന്നീട് ചികിത്സയുടെ ഘട്ടം കഴിഞ്ഞ് രോഗം ഗുരുതരമാവുമ്പൊഴാണ് പലരും ഡോക്ടര്‍മാരെ സമീപിക്കുന്നത്.

നേരത്തെ വിവാഹിതകളും താരതമ്യേന പ്രായമായവരിലുമാണ് രോഗം കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ പെണ്‍കുട്ടികളിലും യുവതികളിലും രോഗസാധ്യത കാണുന്നുവെന്ന് അര്‍ബുദ രോഗ വിദഗ്ധര്‍ പറയുന്നുണ്ട്.

മദ്യപാനവും പുകവലിയുമാണ് പുരുഷന്‍മാരില്‍ സ്തനാര്‍ബുദ സാധ്യതയ്ക്ക് പ്രധാന കാരണങ്ങള്‍. 400 ല്‍ ഒരാള്‍ക്ക് എന്ന തോതിലാണ് ഇപ്പോള്‍ രോഗമുള്ളതെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആഗോളതലത്തില്‍ പ്രതിവര്‍ഷം 1.38 മില്യന്‍ സ്തനാര്‍ബുദ കേസുകള്‍ ഉണ്ടാവുന്നുണ്ട്.

അഞ്ചു ലക്ഷത്തിനടുത്ത് പേര്‍ ഈ രോഗത്താല്‍ മരിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന ഒക്ടോബര്‍ സ്തനാര്‍ബുദ ബോധവത്കരണ മാസമായി ആചരിക്കുകയാണ്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.