2020 April 07 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

“ബ്രേക് ദ ചെയിൻ” തരംഗമാകുന്നു; സഊദിയിൽ പലയിടത്തും പോസ്‌റ്ററുകളും കൈ വൃത്തിയാക്കാനുള്ള സൗകര്യങ്ങളും ഒരുക്കി മലയാളികൾ

അബ്ദുസ്സലാം കൂടരഞ്ഞി

     ദമാം: കേരള സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രചാരണ നടപടികളുടെ ഭാഗമായുള്ള ‘ബ്രേക് ദ ചെയിൻ’  പ്രചാരണം അറബ് ലോകത്തും തരംഗം. കൊവിഡ് 19 വ്യാപനം തടയുന്നതിന് ഏറെ പ്രയോജനപ്പെടുന്ന കേരള സർക്കാർ ഉയർത്തിപ്പിടിച്ച “ബ്രേക് ദ ചെയിൻ” പരിപാടി മലയാളികളുള്ള പ്രദേശങ്ങളിൽ കൂടുതൽ വ്യാപകമായിട്ടുണ്ട്. ഇതോടെയാണ് അറബികളടക്കമുള്ളവർ ഇത് ഉയർത്തിപ്പിടിച്ച് നടപ്പിലാക്കുന്നത്. പലരും തങ്ങളുടെ സ്ഥാപനങ്ങളിലും മറ്റും ഇത് നടപ്പിൽ വരുത്തിയിട്ടുണ്ട്. സ്ഥാപനങ്ങളുടെ മുന്നിൽ പ്രവേശന കവാടങ്ങളിൽ “ബ്രേക് ദ ചെയിൻ” പോസ്‌റ്റർ പതിക്കുകയും കയ്യും മറ്റും വൃത്തിയാക്കാനുള്ള ഹാൻഡ് വാഷ്, സാനിറ്റയിസർ എന്നിവ ഒരുക്കിയിട്ടുണ്ട്.
     കിഴക്കൻ പ്രവിശ്യയിലെ ചില ഉത്പാദക കമ്പനികളിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇവിടെ അഡ്‌മിനിസ്‌ട്രേഷൻ, കൺട്രോൾ റൂം തുടങ്ങി നിരവധിയാളുകൾ നിർബന്ധമായും കയറിയിറങ്ങേണ്ട സ്ഥലങ്ങളിൽ ഇത് സ്ഥാപിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങളിലെ മലയാളികളായ തൊഴിലാളികളാണ് ഇതിനു പിന്നിൽ. സംഗതി ഏതായാലും സംഗതി ഉഷാറായതോടെ മുതിർന്ന ഉദ്യോഗസ്ഥരും മറ്റും ഇതിനെ പ്രശംസിച്ച് രംഗത്തെത്തുകയും ചെയ്‌തു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള തങ്ങളുടെ സർക്കാരിന്റെ പ്രചാരണ പദ്ധതിയാണെന്ന് പറയുമ്പോൾ ഇവർക്ക് അൽപ്പം അഭിമാനവും ഉയരുന്നുണ്ട്.
     കൂടാതെ, മലയാളികൾ തങ്ങളുടെ താമസ കേന്ദ്രങ്ങൾക്ക് സമീപവും പൊതുജനങ്ങൾക്കായി ഇത് സജ്ജീകരിച്ചിട്ടുണ്ട്.  ജിദ്ദ ആലുവ കൂട്ടായ്മ  എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആലുവ കുന്നുകര വയൽക്കര സ്വദേശി ജമാൽ ആണ് ഫൈസലിയയിലെ താമസ സ്ഥലത്തിനു മുന്നിൽ റോഡുവക്കിൽ കൈ കഴുകുന്നതിനുള്ള സൗകര്യമൊരുക്കി കാമ്പയിന്റെ ഭാഗമാവുകയും മാതൃകയാവുകയും ചെയ്‌തത്. താമസ കേന്ദ്രത്തിന്റെ കവാടത്തിനു മുന്നിൽ റോഡു വക്കിലാണ് പൊതുജനത്തിന് കൈകഴുകാൻ ജമാൽ സൗകര്യം ഒരുക്കിയിട്ടുള്ളത്. കൂടെ താമസിക്കുന്ന കരുനാഗപ്പള്ളിക്കാരായ ഷാനവാസ്, റിയാസ് എന്നിവരുടെ കൂടി സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
      പുറത്തു പോയിവരുന്നവർ താമസിക്കുന്നിടത്തേക്കു കയറുന്നതിനു മുൻപായി കൈ കഴുകണമെന്ന് നിർദേശവുമായി ജമാൽ താമസ കേന്ദ്രത്തിന്റെ കോമ്പൗണ്ടിനകത്ത് ബക്കറ്റിൽ വെള്ളവും സോപ്പും വെച്ചിരുന്നു. അതിൽനിന്നുമാണ് വഴിയിലൂടെ പോകുന്നവർക്കും ഈ സൗകര്യം എന്തുകൊണ്ട് ഒരുക്കിക്കൂടെന്ന ആശയം ഉദിച്ചത്. അങ്ങനെയാണ് ഒരു ഡ്രമിൽ വെള്ളം നിറച്ച് സാനിറ്റൈസറും ഹാന്റ് വാഷും സമീപത്തുവെച്ച് വഴിയിലൂടെ പോകുന്നവർക്കും കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കിയത്. ഡ്രമിനു മീതെ ബ്രേക് ദ ചെയിൻ, കൈകൾ കഴുകൂ എന്നും, സഊദി അറേബ്യയെ ശക്തിപ്പെടുത്താൻ നമുക്ക് ഒരുമിച്ചു നിൽക്കാമെന്നും എഴുതിവെച്ചിട്ടുമുണ്ട്.
       നേരത്തെ “ബ്രേക് ദ ചെയിൻ” ക്യാമ്പയിൻ ഭാഗമായി കേരള പോലീസ് ഇറക്കിയ വീഡിയോയും അറബ് ലോകത്ത് വാൻ ഹിറ്റാകുകയും അൽഅറബിയ അടക്കമുള്ള പ്രമുഖ ചാനലുകൾ ഇത് സംബന്ധമായ വാർത്തകൾ പ്രക്ഷേപണം ചെയ്യുകയും ചെയ്‌തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News