2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ബ്രസീലും ബെല്‍ജിയവും ഇന്നിറങ്ങും

ബ്രസീല്‍

1930 മുതല്‍ മുതല്‍ ഇന്നുവരെ ലോകകപ്പില്‍ നിറഞ്ഞു നില്‍ക്കുന്ന ടീം. അഞ്ച് വട്ടം ലോകകപ്പ് ചാംപ്യന്മാര്‍ (1958,1962,1970,1994,2002). 1950, 1998 എന്നീ ലോകകപ്പുകളില്‍ റണ്ണേഴ്‌സ് അപ്പ്. പെലെ മുതല്‍ നെയ്മര്‍ വരെ എക്കാലത്തെയും ഒരുപാട് മികച്ച കളിക്കാരെ വാര്‍ത്തെടുത്തു. താരനിര കൊണ്ട് ഈ ലോകകപ്പ് നേടാന്‍ ഏറ്റവും യോഗ്യര്‍. ആറാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് റഷ്യയിലെത്തിയ ബ്രസീല്‍ ഇന്ന് നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ മെക്‌സിക്കോയെ നേരിടും.
കരുത്ത്
കോച്ച് ടിറ്റെയുടെ കീഴില്‍ പരാജയമറിയാതെയാണ് ബ്രസീലിന്റെ കുതിപ്പ്. നെയ്മര്‍, കുട്ടീഞ്ഞോ എന്നിവരിലാണ് ബ്രസീലിന്റെ പ്രതീക്ഷകള്‍. ലോങ്‌റേഞ്ചുകള്‍കൊണ്ട് എതിരാളികളുടെ വലനിറക്കാന്‍ കഴിവുള്ള താരങ്ങള്‍.
ദൗര്‍ബല്യം
ഏതൊരു ടീമിനെയും പോലെ നിര്‍ഭാഗ്യം. കഴിഞ്ഞ ലോകപ്പിലെ സെവന്‍അപ്പ് എന്ന ചീത്തപ്പേര് ഇതുവരെ മാഞ്ഞിട്ടില്ല. ജര്‍മനിയോട് 7-1നാണ് പരാജയപ്പെട്ടത്. സൂപ്പര്‍ താരം മാഴ്‌സലോയുടെ പരുക്ക് ബ്രസീലിനെ അലട്ടുന്നുണ്ട്.
പ്രധാന താരങ്ങള്‍
നെയ്മര്‍, കുട്ടീഞ്ഞോ, പൗളീഞ്ഞോ, കസമിറോ, മാഴ്‌സലോ, തിയാഗോ സില്‍വ, വില്യന്‍, അലിസണ്‍, ഫിര്‍മിന്യോ, ഗബ്രിയേല്‍ ജീസസ്.
വന്നവഴി
ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്റിനോട് 1-1 സമനില. രണ്ടാം മത്സരത്തില്‍ കോസ്റ്ററിക്കയെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തു. മൂന്നാം മത്സരത്തില്‍ സെര്‍ബിയയെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഗ്രൂപ്പ് ചാംപ്യന്‍മാരായി തലയെടുപ്പോടെ പ്രീ ക്വാര്‍ട്ടറിലേക്ക്.

ബെല്‍ജിയം

2018ലെ ബെല്‍ജിയം ഒന്നൊന്നര ടീമാണ്. ഇതുവരെയുള്ള മത്സരങ്ങളുടെ റിസല്‍ട്ട് നോക്കിയാലും അങ്ങനെ തന്നെ. രണ്ടും കല്‍പിച്ചാണ് അവര്‍ റഷ്യയിലെത്തിയത്. ലോകകപ്പില്‍ ഇത് 13ാം തവണയാണ് അവര്‍ യോഗ്യത നേടുന്നത്. 1986 ല്‍ നാലാം സ്ഥാനത്തെത്തിയതാണ് ബെല്‍ജിയത്തിന്റെ ലോകകപ്പിലെ സമ്പാദ്യം. ലോകത്തെ മികച്ച ക്ലബുകളിലെ സൂപ്പര്‍ താരങ്ങളുമായാണ് ബെല്‍ജിയത്തിന്റെ വരവ്. പ്രീ ക്വാര്‍ട്ടറില്‍ ജപ്പാനാണ് എതിരാളികള്‍.
കരുത്ത്
ലോകത്തെ മികച്ച മധ്യനിര. കെവിന്‍ ഡിബ്രുയ്ന്‍, ഈഡന്‍ ഹസാര്‍ഡ്, ഫെല്ലയ്‌നി, മെര്‍ട്ടനസ്. മുന്നേറ്റ നിരയില്‍ ലുക്കാക്കുവെന്ന പോരാളി. ഏത് പന്തും വലയിലാക്കാന്‍ കഴിവുള്ള താരം.
ദൗര്‍ബല്യം
എല്ലാമുണ്ടായിട്ടും ദൗര്‍ഭാഗ്യമാണ് ബെല്‍ജിയത്തിന്റെയും വില്ലന്‍. കഴിഞ്ഞ ലോകകപ്പില്‍ സൂപ്പര്‍ താരങ്ങളുണ്ടായിട്ടും ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനക്ക് മുന്‍പില്‍ വീണു.
പ്രധാന താരങ്ങള്‍
ഈഡന്‍ ഹസാര്‍ഡ്, റൊമേലോ ലുക്കാക്കു, കെവിന്‍ ഡിബ്രുയ്ന്‍, മിച്ചി ബാദുഷായി, ഫെല്ലെയ്‌നി, അദ്‌നാന്‍ ജനുസാജ്, വിന്‍സെന്റ് കെപാനി, തോമസ് മൂന്യിയര്‍, തിബോട്ട് ക്വോര്‍ട്ടിസ്, മെര്‍ട്ടനസ്
വന്നവഴി
ഗ്രൂപ്പ് ജിയിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് രാജകീയമായി പ്രീ ക്വാര്‍ട്ടറിലേക്ക്. ആദ്യ മത്സരത്തില്‍ പാനമയെ (3-0) ത്തിന് പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ തുനീഷ്യയെ (5-2)ന് പരാജയപ്പെടുത്തി. മൂന്നാം മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെയും (1-0) തോല്‍പിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.