2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബി.ആര്‍. ഷെട്ടി: ഒരു ശതകോടീശ്വരന്റെ പതനകഥ

തന്‍സീര്‍ കാവുന്തറ

 

 

‘If I don’t have one problem a day, that’s not a good day for me. I should have a problem, solve it and then feel satisfied.’

‘ ഒരു പ്രശ്‌നവുമില്ലാത്ത ദിവസങ്ങളെ എനിക്കിഷ്ടമല്ല. എന്തെങ്കിലുമൊക്കെ പ്രതിസന്ധികള്‍ നേരിട്ട്, അവ പരിഹരിച്ചാല്‍ മാത്രമേ എനിക്ക് കിടന്നാല്‍ ഉറക്കം വരൂ’ എന്ന് 2018 ലെ ഒരു അഭിമുഖത്തിനിടെ ഷെട്ടി പറഞ്ഞ വാക്കുകളാണിത്.

ഇപ്പോള്‍ പ്രതിസന്ധിയുടെ നടുക്കടലിലാണ് ബി.ആര്‍ ഷെട്ടി എന്ന ബാവഗുത്തു രഘുറാം ഷെട്ടി. വിജയകൊടുമുടിയില്‍ നിന്നും കടക്കെണിയുടെ തമോഗര്‍ത്തത്തിലേക്കുള്ള പതനം. ന്യൂ മെഡിക്കല്‍ ഹെല്‍ത്ത് കെയര്‍ (എന്‍.എം.സി), യു.എ.ഇ എക്‌സ്‌ചെയിഞ്ച് എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനായ ബി.ആര്‍ ഷെട്ടി അറബ് ലോകത്ത് വിസ്മയങ്ങളുടെ പടവുകള്‍ കയറിയ ശതകോടീശ്വരനായിരുന്നു. 1942 ല്‍ കര്‍ണ്ണാടകയിലെ ഉടുപ്പിയില്‍ ജനനം. 2015 ല്‍ ഫോബ്‌സ് മാഗസിനില്‍ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ ഷെട്ടിയും ഇടം പിടിച്ചു. 2009 ല്‍ ഷെട്ടിക്ക് പത്മ്ശ്രീ ലഭിച്ചു.

1970 കളുടെ തുടക്കത്തില്‍ 500 രൂപയുമായി ബി.ആര്‍ ഷെട്ടി ദുബായിയിലെത്തിയതാണ്. സഹോദരിയുടെ വിവാഹസമയത്ത് പണമില്ലാതെ വന്നപ്പോള്‍ വട്ടിപ്പലിശക്ക് കടമെടുത്ത് വലഞ്ഞപ്പോഴാണ് ഷെട്ടി മരുഭൂമിയിലേക്ക് ചേക്കേറിയത്. ഫാര്‍മസി ബിരുദമാണ് ആകെയുള്ള കൈമുതല്‍. ഗള്‍ഫിലെത്തിയ ആദ്യകാലത്ത് മെഡിക്കല്‍ റെപ്രസെന്റിറ്റീവായിട്ടായിരുന്നു തുടക്കം. തുടര്‍ന്നാണ് ന്യൂ മെഡിക്കല്‍ ഹെല്‍ത്ത് കെയര്‍ (എന്‍.എം.സി) എന്ന ക്ലിനിക്കിന് തുടക്കമിടുന്നത്. അതിശയിപ്പിക്കുന്ന രീതിയിലായിരുന്നു ആസ്ഥാപനത്തിന്റെ ശീഘ്രവളര്‍ച്ച. എട്ട് രാജ്യങ്ങളിലെ 12 നഗരങ്ങളിലായി 45 ശാഖകളായി ഇന്ന് എന്‍.എം.സി പടര്‍ന്നു പന്തലിച്ചിരിക്കുന്നു.

2003 ല്‍ ഷെട്ടി ‘എന്‍.എം.സി നിയോ ഫാര്‍മ’എന്നപേരില്‍ യു.എ.ഇ കേന്ദ്രീകരിച്ച് ഒരു ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മാണ സ്ഥാപനം തുടങ്ങിയപ്പോള്‍ അത് ഉദ്ഘാടനം ചെയ്യാനെത്തിയത് അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റായിരുന്ന എ.പി.ജെ അബ്ദുല്‍ കലാം ആയിരുന്നു. മെര്‍ക്ക്, ഫൈസര്‍, ബൂട്ട്‌സ് യുകെ, ആസ്ട്ര സെനെക തുടങ്ങിയ പല ക്ലയന്റുകളും അന്ന് എന്‍എംസി നിയോ ഫാര്‍മയ്ക്ക് ഉണ്ടായിരുന്നു.

ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ലിസ്റ്റിങ്ങിലൂടെ ഷെട്ടി 2012 ല്‍ സമാഹരിച്ചത് 33 കോടി ഡോളറായിരുന്നു. അതുപയോഗിച്ചാണ് ഷെട്ടി അന്ന് അബുദാബിയിലെ ഖലീഫ സിറ്റിക്കടുത്ത് തന്റെ ആശുപത്രി നിര്‍മിച്ചത്. 2016 ല്‍ ശൈഖ് സായിദിന്റെ ഓര്‍മയ്ക്കായി രാജ്യത്തെ ആദ്യത്തെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കും എന്ന പ്രഖ്യാപനവും ഷെട്ടിയില്‍ നിന്നുണ്ടായി. ബി.ആര്‍.എസ് വെന്‍ച്വേഴ്‌സ് എന്ന ബ്രാന്‍ഡില്‍ സ്വന്തം നാടായ ഉഡുപ്പി, അലക്‌സാന്‍ഡ്രിയ, നേപ്പാള്‍, കെയ്‌റോ എന്നിവിടങ്ങളിലും ഷെട്ടിക്ക് ആശുപത്രികളുണ്ടായിരുന്നു.

ആര്‍ഭാടജീവിതത്തെ വാരിപ്പുണര്‍ന്ന ബില്യണയറാണ് ബി ആര്‍ ഷെട്ടി. ബുര്‍ജ് ഖലീഫയില്‍ നൂറാമത്തെയും നൂറ്റിനാല്പതാമത്തെയും നിലകള്‍ അദ്ദേഹത്തിന് സ്വന്തമായിരുന്നു. അതിനുപുറമെ പാം ജുമൈറയിലും, ദുബൈയിലെ വേള്‍ഡ് ട്രേഡ് സെന്ററിലും ഒക്കെ വസ്തുവകകള്‍ ഉണ്ടായിരുന്നു ഷെട്ടിക്ക്. വാഹനഭ്രമക്കാരനായിരുന്ന ഷെട്ടിക്ക് ഏഴു റോള്‍സ് റോയ്‌സും, ഒരു മെയ്ബാക്കും, വിന്റേജ് മോറിസ് മൈനര്‍ ,ജെറ്റ്, വിന്റേജ് കാറുകളുടെ ശേഖരവുമുണ്ടായിരുന്നു. വേഗതയുടെയും സ്വതന്ത്ര്യത്തിന്റെയും ത്രസിപ്പിക്കലാണ് തന്നെ കാറുകളെ പ്രേമിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് കഴിഞ്ഞ വര്‍ഷം ഒരു ഇന്റര്‍വ്യൂവില്‍ ഷെട്ടി പറഞ്ഞിരുന്നു. ഉന്നത രാഷ്ട്രീയസിനിമ ബന്ധങ്ങളും അദ്ദേഹത്തിന്റെ സ്വാധീനത്തിന്റെ ആഴപ്പരപ്പ് വിളിച്ചോതുന്നു.

ഇപ്പോള്‍ ഷെട്ടിയുടെ പേരിലുള്ളതും ബന്ധപ്പെട്ടതുമായ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാന്‍ യു.എ.ഇ സെന്ററല്‍ ബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ഷെട്ടിയുടെ കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകളും മരവിപ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിവിധ ബാങ്കുകള്‍ക്ക് ബി.ആര്‍ ഷെട്ടി കൊടുക്കാനുണ്ടെന്ന് പറയപ്പെടുന്ന 50,000 കോടി രൂപയുടെ കടബാധ്യതയാണ് ബിസിനസ് രംഗത്തെ വമ്പന്‍ സ്രാവിനെ വെട്ടിലാക്കിയത്. ലണ്ടന്‍ സ്റ്റേക്ക് എക്‌സ്‌ചെയിഞ്ചിനെ വഞ്ചിച്ചതിനും ബിആര്‍ ഷെട്ടിക്കെതിരെ ലണ്ടനില്‍ നേരെത്തെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഷെട്ടിയുടെയും അതുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളെയും യു.എ.ഇ സെന്ററല്‍ ബാങ്ക് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യു.എ.ഇ എക്‌സ്‌ചെയ്ഞ്ച് സെന്ററിന് യുഎഇയില്‍ മാത്രം നൂറ് കണക്കിന് ശാഖകളുണ്ട്. സാമൂഹിക പ്രവര്‍ത്തകരെ ദുര്‍വിനിയോഗം ചെയ്തായിരുന്നു ഇദ്ദേഹം ജനങ്ങള്‍ക്കിടയില്‍ ജനപ്രിയരാകാന്‍ ശ്രമിച്ചിരുന്നത്. മറ്റു എക്‌സ്‌ചെയിഞ്ചുകളേക്കാള്‍ കൂടുതല്‍ നിരക്കും വാങ്ങിയായിരുന്നു പണ വിനിമയം നടത്തിയിരുന്നത്. ഇന്ത്യ ആസ്ഥാനമാക്കി പുതിയ ബാങ്ക് തുടങ്ങാനുള്ള ശ്രമവും ഷെട്ടി നടത്തിയിരുന്നു. നേരത്തെ എന്‍.എം.സി ഹെല്‍ത്തിന്റെ ഡയറക്ടര്‍ പദവിയില്‍ നിന്നും അദ്ദേഹം രാജി വച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു.
പേപ്പറുകളില്‍ മാത്രം ചുരുങ്ങുന്ന ആസ്തികള്‍ തന്നെ വളരെ കൂടുതലാണ്. വിവിധ കമ്പനികളിലായുള്ള അദ്ദേഹത്തിന്റെ ഓഹരി ഏതാണ്ട് 2.4 ബില്യണ്‍ ഡോളര്‍ വരുമെന്നാണ് കണക്കാക്കുന്നത്.

 

 

യു.എ.ഇയിലും യൂറോപ്പിലുമായി 200 ലേറെ ആശുപത്രികളുള്ള എന്‍.എം.സി ഹെല്‍ത്തിന്റെ ഡയറക്ടറായിരിക്കവെയാണ് ബി. ആര്‍ ഷെട്ടി രാജിവച്ചത്. നിലവില്‍ എന്‍എംസി ഹെല്‍ത്തിന്റെ ഡയറക്റ്റര്‍, ജോയിന്റ് നോണ്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ നിന്നാണ് ബി ആര്‍ ഷെട്ടി പുറത്തായത്. ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ചെന്നതുള്‍പ്പെടെ യു.എസ് വിപണി നിക്ഷേപകരായ മഡ്ഡി വാട്ടേഴ്‌സ് അഴിച്ചുവിട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് രാജിവെക്കേണ്ടി വന്നത്.

2019ലാണ് ഷെട്ടിയുടെ ശനിദശ ആരംഭിക്കുന്നത്. മഡി വാട്ടേഴ്‌സ്എന്ന അമേരിക്കന്‍ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനം എം.എന്‍.സിയുടെ സാമ്പത്തിക ക്രമക്കേടുകള്‍ സമ്പന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. ഇതോടെ എം.എന്‍.എസിയുടെ ഓഹരിവില മൂന്നിലൊന്നായി കൂപ്പുകുത്തി. ഉന്നതതലത്തിലുള്ള രാജിവെച്ചൊഴിയലുകള്‍ക്കൊടുവില്‍ എന്‍.എം.സിയുടെ ഡയറക്ടര്‍ ആന്‍ഡ് നോണ്‍ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ എന്ന സ്ഥാനം ഷെട്ടിക്ക് രാജിവെയ്‌ക്കേണ്ടിവന്നു.

സാമ്പത്തിക തട്ടിപ്പിനും വഞ്ചനയ്ക്കും വിചാരണ നേരിടേണ്ടിവന്നിരിക്കുകയാണിപ്പോള്‍ ഈ കോടാനുകോടിപതി. അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിന് 96.3 കോടി ഡോളര്‍, ദുബായ് ഇസ്ലാമിക് ബാങ്കിന് 54.1 കോടി ഡോളര്‍, അബുദാബി ഇസ്ലാമിക് ബാങ്കിന് 32.5 കോടി ഡോളര്‍, സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്കിന് 25 കോടി ഡോളര്‍, ബാര്‍ക്ലെയ്‌സ് ബാങ്കിന് 14.6 കോടി ഡോളര്‍ എന്നിങ്ങനെ പോകുന്നു ഷെട്ടിയുടെ ബാധ്യതകള്‍.ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ എന്‍എംസിയുടെ വ്യാപാരം ഫെബ്രവരിയില്‍ സസ്‌പെന്‍ഡ് ചെയ്തു. നവംബറില്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം ഓഹരിവിലയിലുണ്ടായ ഇടിവ് 60ശതമാനമാണ്.

കമ്പനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന 2019 ഡിസംബര്‍ മുതല്‍ ഓഹരികളുടെ മൂല്യം മൂന്നില്‍ രണ്ട് ഭാഗം ഇടിഞ്ഞിരുന്നു. മഡ്ഡി വാട്ടേഴ്‌സിന്റെ ആരോപണങ്ങള്‍ മൂലം 70 ശതമാനം താഴേക്കു പോയ കമ്പനിയുടെ ഓഹരി മൂല്യം 77 കാരനായ ഭവഗുതു രഘുറാം ഷെട്ടിയുടെ രാജിക്ക് പിന്നാലെ വീണ്ടും 9 ശതമാനത്തിലേറെ ഇടിഞ്ഞു. എന്‍എംസി ഹെല്‍ത്തിന്റെ വൈസ് ചെയര്‍മാനായ ഖലീഫ അല്‍ മുഹെയ്രിയും രാജി വെച്ചിരുന്നു. ഒപ്പം ഹാനി ബുത്തിക്കി, അബ്ദുറഹ്മാന്‍ ബസ്സാദിക്ക് എന്നിവരും ഡയറക്റ്റര്‍ സ്ഥാനമൊഴിഞ്ഞു. ഷെട്ടിയെയും മുഹെയ്രിയെയും ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കമ്പനി നേരത്തെ വിലക്കിയിരുന്നു.

പ്രതിവര്‍ഷം 8.5 ദശലക്ഷത്തില്‍ അധികം പേരെ ചികില്‍സിക്കുന്ന മഹാ ശൃംഖലയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എന്‍.എം.സിയെ വളര്‍ത്തിയത് മുഖ്യമായും ഷെട്ടിയാണ്. ആയിരക്കണക്കിനു മലയാളികള്‍ ഇവിടെ ജോലി ചെയ്തുവരുന്നു. എന്‍.എം.സിയുടെ ആസ്തി മൂല്യനിര്‍ണ്ണയം, കടത്തിന്റെ അളവ്, എക്‌സിക്യൂട്ടീവ് പ്രതിഫലം, എതിരാളികളുമായുള്ള കരാറുകള്‍ എന്നിവയില്‍ ആണ് സംശയം ഉന്നയിക്കപ്പെട്ടത്. മഡ്ഡി വാട്ടേഴ്‌സിന്റെ ആരോപണം നിഷേധിച്ച കമ്പനി, സ്വതന്ത്ര അന്വേഷണത്തിനായി മുന്‍ എഫ്ബിഐ ഡയറക്റ്റര്‍ ലൂയി ഫ്രീയെ നിയമിക്കുകയും ചെയ്തു. ഷെട്ടിയുടെ കമ്പനികളിലൊന്നായ ബി.ആര്‍.എസ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ്‌സില്‍ അദ്ദേഹത്തിലുള്ള 20 ദശലക്ഷം ഓഹരികളുടെ ഉടമസ്ഥാവകാശം അല്‍ മുഹെയ്രിക്കും അല്‍ കബെയ്‌സിക്കും ആവാമെന്നും അങ്ങനെയെങ്കില്‍ ഷെട്ടി കൈവശം വെച്ചിരിക്കുന്ന ഓഹരികളുടെ മൂല്യം 9.58 ശതമാനം കുറയാമെന്നും ഫയലിംഗില്‍ സൂചിപ്പിച്ചിട്ടുണ്ട്.

യുഎഇ എക്‌സ്‌ചേഞ്ചിന്റെ ചെയര്‍മാനായ ഷെട്ടി ട്രാവലെക്‌സ് ആന്‍ഡ് എക്‌സ്പ്രസ് മണി, നിയോ ഫാര്‍മ, ബിആര്‍എസ് വെന്‍ചേഴ്‌സ്, ബിആര്‍ ലൈഫ്, ഫിനാബ്ലര്‍ ഉള്‍പ്പെടെയുള്ള വിവിധ സംരംഭങ്ങളുടെയും അമരക്കാരിലൊരാളാണ്. യുഎഇയിലെയും ഇന്ത്യയിലെയും ഷെട്ടിയുടെ മറ്റ് ബിസിനസ്സ് സംരംഭങ്ങളെ നിലവിലെ പ്രതിസന്ധി ബാധിക്കില്ലെന്ന് ഫര്‍സ കണ്‍സള്‍ട്ടിംഗ് സിഇഒയും മാനേജിംഗ് പാര്‍ട്ണറുമായ അബ്ദുള്‍ മോയിസ് ഖാന്‍ പറയുന്നത്.അതേസമയം ഷെട്ടിയുടെ വീഴ്ച ആഗോള നിക്ഷേപക ലോകത്തെയും പ്രത്യേകിച്ച് ഇന്ത്യന്‍ സംരംഭകരെയും ഞെട്ടിച്ചിട്ടുണ്ട്.

1980കളിലാണ് യു.എ.ഇ എക്‌സ്‌ചേഞ്ച് എന്ന ധനകാര്യ സ്ഥാനം ശ്രദ്ധനേടുന്നത്. നാട്ടിലേക്കു പണമെത്തിക്കാന്‍ ഗള്‍ഫിലെ മലയാളികളില്‍ ഭൂരിഭാഗവും ആശ്രയിച്ചിരുന്നത് യു.എ.ഇ എക്‌സ്‌ചേഞ്ചിനെയാണ്. പിന്നീട് 31 രാജ്യങ്ങളിലായി 800ലധികം ശാഖകളുള്ള വമ്പന്‍ സ്ഥാപനമായി യുഎഇ എക്‌സ്‌ചേഞ്ച് വളര്‍ന്നു. 2014ലാണ് 27 രാജ്യങ്ങളിലായി 1500ലധികം എടിഎമ്മുകളുള്ള ട്രാവലെക്‌സ് എന്ന ഫോറിന്‍ എക്‌സ്‌ചേഞ്ച് സ്ഥാപനത്തെ ഷെട്ടി ഏറ്റെടുക്കുന്നത്. 2013 ല്‍ തിരുവനന്തപുരത്തുള്ള ശ്രീ ഉത്രാടം തിരുനാള്‍ ആശുപത്രിയും ബി.ആര്‍ ഷെട്ടി ഗ്രൂപ്പ് വിലക്കുവാങ്ങി.

 

ഓഹരി മൂല്യത്തില്‍ തട്ടിപ്പു നടത്തപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ ഷെട്ടിയുടെ മടക്കം വിഷമകരമാവും. ഷെട്ടിയുടെ അസാന്നിധ്യം ഓഹരി നിക്ഷേപകര്‍ക്ക് കടുത്ത ആശങ്കയാണ് സമ്മാനിച്ചത്. യു.എ.ഇ എക്‌സ്‌ചേഞ്ച്, ട്രാവലക്‌സ് എന്നിവയുടെ സ്ഥാപകന്‍ കൂടിയാണ് കര്‍ണാടക സ്വദേശിയായ ഈ ബില്യണയര്‍.

 

മോദി സര്‍ക്കാര്‍ ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ പ്രത്യേക പദവി നീക്കം ചെയ്ത ഉടനെ വന്‍ തുക മുടക്കി അവിടെ ഫിലിം സിറ്റി നിര്‍മ്മിക്കാനും ഷെട്ടി പദ്ധതി ആസൂത്രണം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തിനു അനുബന്ധമായി നടന്ന ചടങ്ങിലാണ് ബി ആര്‍ ഷെട്ടി ഈ പ്രഖ്യാപനം നടത്തിയത്. ഉഡുപ്പിയില്‍ ബിജെപിയുടെ പഴയ രൂപമായ ജനസംഘത്തിന്റെ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിരുന്നു. അന്ന് ആ ഇരുപത്താറുകാരന് വേണ്ടി വോട്ടുപിടിക്കാന്‍ ഉഡുപ്പി സന്ദര്‍ശിച്ചത് അടല്‍ ബിഹാരി വാജ്‌പേയി അടക്കമുള്ള ദേശീയ നേതാക്കളായിരുന്നു. ഒന്നാം ഊഴം പൂര്‍ത്തിയാക്കി രണ്ടാമതും മത്സരിച്ച ഷെട്ടി പിന്നീട് മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുകയുണ്ടായി.

420 കോടി ഡോളറായിരുന്നു 2018ലെ ഫോബ്‌സിന്റെ വിലയിരുത്തല്‍ പ്രകാരം ഷെട്ടിയുടെ സമ്പത്ത്. ഇന്ത്യയിലുള്ള അദ്ദേഹം വിമാന സര്‍വീസുകള്‍ തുടങ്ങിയാല്‍ ഉടനെ യു.എ.ഇയിലെത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ മിക്ക ആരോപണങ്ങളേയും ഷെട്ടി നിഷേധിച്ചിട്ടുണ്ട്. തനിക്കെതിരെ വരുന്നതെല്ലാം വ്യാജമാണെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. ഇന്ത്യയിലേക്ക് വന്നത് ഒരു ബന്ധുവിന്റെ മരണത്തെ തുടര്‍ന്നാണെന്നും യു.എ.ഇയിലേക്ക് തിരിച്ചു പോവുമെന്നും അദ്ദേഹം പറയുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.