2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘നീലത്തിമിംഗലം’ വിഴുങ്ങുന്നത് ഏതു കുട്ടികളെ

ഡോ. പി.എന്‍ സുരേഷ്‌കുമാര്‍ 8943604777

എന്താണു ബ്ലൂവെയ്ല്‍ ഗെയിം

ഇതൊരു ഇന്റര്‍നെറ്റ് വഴി കളിക്കാവുന്ന മനസ്സിനെ സ്വാധീനിച്ചു നിയന്ത്രിക്കുന്ന (മൈന്റ് മാനിപ്പുലേറ്റിങ്) കളിയാണ്. ഇതു മറ്റു കംപ്യൂട്ടര്‍ ഗെയിമുകളെപ്പോലെ മൊബൈലിലോ കംപ്യൂട്ടറിലോ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന കളിയല്ല. ഇന്റര്‍നെറ്റ് വഴി മാത്രമേ ഈ കളിയിലേയ്ക്കു കടക്കാനാകൂ. അല്ലെങ്കില്‍ ഈ കളിയുടെ ലിങ്ക് ഇന്റര്‍നെറ്റിലെ ചില സോഷ്യല്‍ വെബ്‌സൈറ്റുകളിലെ ‘രഹസ്യഗ്രുപ്പുകളില്‍’ മാത്രമേ കിട്ടൂ.

50 ദിവസം നീണ്ടുനില്ക്കുന്ന ഈ ഗെയിമിലേയ്ക്കു പ്രവേശിച്ചുകഴിഞ്ഞാല്‍ സ്വയം വെളിപ്പടുത്താത്ത ‘അഡ്മിന്‍’ അഥവാ മേല്‍നോട്ടക്കാരന്‍ ഓരോ ദിവസത്തേയ്ക്കും കളിക്കാരനെ ഓരോ ദൗത്യമേല്‍പ്പിക്കും. സ്വയം വേദനിപ്പിക്കുക, സ്വന്തം ശരീരത്തില്‍ മുറിപ്പെടുത്തുക തുടങ്ങി രാത്രി ഒറ്റയ്ക്കു ശ്മശാനം സന്ദര്‍ശിക്കുക, പേടിപ്പെടുത്തുന്ന സിനിമ കാണുക എന്നിങ്ങനെ സാധാരണമനുഷ്യനു പറ്റാത്തതോ സാഹസികമെന്നു തോന്നുന്നതോ ആയ കൃത്യങ്ങളാണ് അഡ്മിന്‍ ഏല്‍പ്പിക്കുക.

ഈ കൃത്യങ്ങള്‍ നിറവേറ്റിയതിനു തെളിവായി സഫലമായവയുടെ ചിത്രങ്ങള്‍ പകര്‍ത്തി അഡ്മിന് അയച്ചുകൊടുക്കണം. സാധാരണമനുഷ്യനെക്കൊണ്ടു കഴിയാത്ത കാര്യങ്ങള്‍ ചെയ്തതിനു പ്രശംസയും പ്രോത്സാഹനവും കിട്ടും. ഇതില്‍നിന്നു പിന്മാറാന്‍ പറ്റാത്തവിധം കളിക്കാരനെ കുടുക്കിയശേഷം അമ്പതാമത്തെ ദൗത്യമായി സ്വന്തം ജിവനെടുക്കുന്നതു റെക്കോഡ് ചെയ്യാന്‍ നിര്‍ദേശിക്കും. ഈ ഘട്ടത്തിലെത്തുമ്പോള്‍ പറഞ്ഞത് അനുസരിക്കുകയല്ലാതെ നിര്‍വാഹമുണ്ടാകില്ല.

ചുരുക്കിപ്പറഞ്ഞാല്‍, ആരോ എവിടെനിന്നോ ഇന്റര്‍നെറ്റിലൂടെ നിയന്ത്രിക്കുന്ന, കളിക്കുന്നവന് ഒരു ഗുണവുമില്ലാത്ത, അതേസമയം, സ്വന്തം ജീവന്‍ അപകടത്തിലാക്കുന്ന കൃത്യങ്ങള്‍ അക്ഷരംപ്രതി അനുസരിക്കുകയാണ് ബ്ലൂവെയ്ല്‍ ഗെയിമിലൂടെ ചെയ്യുന്നത്.

2013 ല്‍ റഷ്യയില്‍ പ്രചാരമുള്ള സോഷ്യല്‍ വെബ്‌സൈറ്റായ ‘വി കോണ്‍ടാക്റ്റി’ലെ രഹസ്യഗ്രുപ്പുകളിലൊന്നായ എ 57 ല്‍ ആണ് ബ്ലൂവെയ്ല്‍ ഗെയിമിന്റെ തുടക്കം. ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുള്ള ഈ ഗെയിമിലേയ്ക്കുള്ള ലിങ്ക് എല്ലാവര്‍ക്കും എളുപ്പം കിട്ടത്ത എ 57 പോലുള്ള രഹസ്യ ഗ്രുപ്പുകളില്‍ മാത്രമേ ലഭ്യമാവുകള്ളു. റഷ്യയിലെ ഒരു സൈക്കോളജി വിദ്യാര്‍ഥിയായ ഫിലിപ്പ് ബുഡിക്കിനാണ് ബ്ലൂവെയ്ല്‍ ഗെയമിന്റെ നിര്‍മാതാവായി അവകാശപ്പെടുന്നത്.

തന്റെ ഗെയിം കളിച്ചു ജീവന്‍ അവസാനിപ്പിക്കുന്നവര്‍ക്ക് ഈ ലോകത്തു ജീവിക്കാന്‍ ആവകാശമില്ലെന്നാണു ബുഡിക്കിന്റെ വാദം. ഭുമിയിലെ ജീവനുള്ള മാലിന്യങ്ങള്‍ (ബയോളജിക്കല്‍ വെയ്‌സ്റ്റ്) ആയാണു ബുഡിക്കിന്‍ തന്റെ കളിയുടെ ഇരകളെ വിശേഷിപ്പിക്കുന്നത്. ഇത്തരത്തില്‍ സമൂഹത്തിനുവേണ്ടാത്ത മനുഷ്യക്കോലത്തിലുള്ള മാലിന്യങ്ങള്‍ ഒഴിവാക്കാനാണു താന്‍ ഈ ഗെയിം നിര്‍മ്മിച്ചതെന്നു ബുഡിക്കിന്‍ പറയുന്നു.

ഈ കളി തുടങ്ങിയാല്‍ ആദ്യഘട്ടത്തില്‍ കിട്ടുന്ന നിര്‍ദേശം സ്വന്തം കൈയില്‍ നീലത്തിമിംഗലത്തിന്റെ ചിത്രം ബ്ലേഡുപയോഗിച്ചു വരയ്ക്കുകയെന്നാണ്. ഇത്തരം വിഡ്ഢിത്തം ആരെങ്കിലും ചെയ്യുമോയെന്നു നമുക്കു തോന്നാം. പക്ഷേ, ഈ ലോകത്ത് എത്രയോ പേര്‍ അതും അതിലപ്പുറം സ്വന്തം ജീവനൊടുക്കല്‍വരെയും ചെയ്യുന്നുണ്ട് എന്നതാണു യാഥാര്‍ഥ്യം. ഇതിനകം നൂറിലേറെ കൗമാരപ്രായക്കാരുടെ ജീവന്‍ ഈ കളി എടുത്തുകഴിഞ്ഞു.

ആരെങ്കിലും പറയുന്നതു കേട്ടു സ്വന്തം ജിവനെടുക്കുന്നവര്‍ സമുഹത്തില്‍ ജീവിക്കാന്‍ അര്‍ഹതയില്ലാത്ത വെറും ബയാളജിക്കല്‍ വെയസ്റ്റുകളാണോ. അതറിയണമെങ്കില്‍ നീലത്തിമിംഗലക്കളിയുടെ വായില്‍ അകപ്പെടുന്നവര്‍ ആരൊക്കെയാണ്, അവര്‍ എന്തുകൊണ്ട് ഈ കളിയില്‍ പെട്ടുപോകുന്നുവെന്നൊക്കെ അറിയണം.

ബ്ലൂവെയ്ല്‍ ഗെയിം കളിക്കുന്ന എല്ലാവരും അതിനിരയായി ആത്മഹത്യ ചെയ്യുന്നില്ലെന്നതാണു സത്യം. ബ്ലൂവെയ്ല്‍ ഗെയിം കളിച്ച് ആത്മഹത്യ ചെയ്തുവെന്നു പറയപ്പെടുന്നവര്‍ പന്ത്രണ്ടിനും ഇരുപതിനും ഇടയില്‍ പ്രായമുള്ളവരാണ്. അമിതാവേശം, എടുത്തുചാട്ടം എന്നിങ്ങനെയുള്ള അപകടം വിളിച്ചു വരുത്തുന്ന സ്വഭാവങ്ങളും മാനസിക പ്രശ്‌നങ്ങളും കുടുതല്‍ കാണപ്പെടുന്നതു കൗമാരപ്രായക്കാരിലാണ്. ഇവിടെയാണു ബ്ലൂവെയ്ല്‍ വിജയസാധ്യത കാണ്ടെത്തിയത്.

ബ്ലൂവെയ്ല്‍ ഗെയിമില്‍ പെട്ടുപോകാന്‍ സാധ്യതയുള്ള കുട്ടികള്‍ക്കു ചില പ്രത്യകതകള്‍ കാണും

1. ഏകാന്തജീവിതം നയിക്കുന്ന കുട്ടികള്‍: അധികമാരോടും സംസാരിക്കാത്ത, സമൂഹത്തില്‍ ഇടപഴകി ശീലമില്ലാത്ത, അധികം കൂട്ടുകാരില്ലാത്ത കുട്ടികളുണ്ടാകാം. അവരുടെ ലോകവും കൂട്ടുകെട്ടും ഇന്റര്‍നെറ്റും കംപ്യുട്ടറുമായിരിക്കും. ഇങ്ങനെ ഇന്റര്‍നെറ്റില്‍ ജീവിക്കുന്ന കുട്ടികള്‍ അപകടകാരികളായ രഹസ്യഗ്രുപ്പുകളും ഗെയിമുകളും കണ്ടുപിടിക്കാന്‍ അധികം മെനക്കെടണമെന്നില്ല. യാദൃച്ഛികതയോ കൗതുകമോ അമിതാവേശമോ ഇവരെ ഇത്തരം അപകടങ്ങളില്‍ കൊണ്ടെത്തിക്കാം.

2. ഒരുപാടു സമയം സോഷ്യല്‍ വെബ്്‌സൈറ്റുകളില്‍ ചെലവഴിക്കുന്നവരും ഇത്തരം ഗെയിമുകളുടെ പിടിയിലാകുന്നു.

3. അപകര്‍ഷതാബോധം (ഇന്‍ഫീരിയോറിറ്റി കോംപ്ലക്‌സ്) ഉള്ള കുട്ടികള്‍: അപകര്‍ഷതാബോധത്തെ മറയ്ക്കാന്‍ ഇത്തരക്കാര്‍ ഇത്തരം കളികളുടെ സഹായം തേടാറുണ്ട്്. വിഷമംപിടിച്ച കളികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ കിട്ടുന്ന പ്രോത്സാഹനങ്ങളും പ്രശംസകളും മറ്റും അപകര്‍ഷതാബോധം മറക്കാന്‍ സഹായിക്കും. ഇത്തരം കളിയിലെ പ്രോത്സാഹനം അംഗീകാരമായി കണ്ട് അതിന് അടിമപ്പെടും.

4. സാഹസികത ഇഷ്ടപ്പെടുന്നവര്‍: എപ്പോഴും സാഹസികതയും പുതുമയും തേടുന്ന സ്വഭാവം ചിലരില്‍ കാണപ്പെടാറുണ്ട്. മറ്റാര്‍ക്കും സാധിക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പര്യമുള്ള ഇവര്‍് അതിസാഹസികമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ശരീരത്തില്‍ അധികമായ പുറപ്പെടുവിക്കുന്ന അഡ്രിനാലിന്‍ എന്ന ഹോര്‍മാണിന്റെ പ്രവര്‍ത്തനംമൂലമുള്ള ആവേശമാണു തേടുന്നത്. അഡ്രിനാലിന്‍ റഷ്് എന്നു അറിയപ്പെടുന്ന ഈ പ്രക്രിയ വളരെയേറെ ലഹരിപിടിപ്പിക്കുന്ന ഒന്നാണ്.

ഈ സ്വഭാവം കണ്ടുവരുന്ന കുട്ടികള്‍ ഇതുപോലെ സാഹസികത തോന്നിക്കുന്ന കളികള്‍ ഇന്റര്‍നറ്റില്‍ തപ്പിക്കൊണ്ടിരിക്കും. ശരിയേത്, തെറ്റേത് എന്നു തിരിച്ചറിയാന്‍ പക്വതയില്ലാത്ത കൗമാരപ്രായക്കാര്‍ക്ക് ഇങ്ങനെയുള്ള കളികളിലെ ഒളിഞ്ഞിരിക്കുന്ന ആപായം കാണാനാകില്ല. സാഹസികതയില്‍നിന്നു കിട്ടുന്ന അഡ്രിനാലിന്‍ റഷിന് അടിമപ്പെട്ടു പോകുകയാണവര്‍. സാഹസികമായ ഡ്രെവിങ്, മറ്റുള്ളവര്‍ ചെയ്യുന്ന അപകടകരമായ കാര്യങ്ങള്‍ അനുകരിക്കല്‍ തുടങ്ങിയ സ്വഭാവങ്ങള്‍ കൗമാരപ്രായത്തില്‍ കാണുന്നതിനു കാരണം ഇതുതന്നെയാണ്.

5. രക്ഷിതാക്കളുമായി അടുപ്പം കുറവുള്ള കുട്ടികള്‍: ചില വീടുകളില്‍ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള അടുപ്പം തീരെ കുറവായിരിക്കും. ജോലിത്തിരക്കുകൊണ്ടും മറ്റും ചില രക്ഷിതാക്കള്‍ കുട്ടിളുടെ കൂടെ വേണ്ടത്ര സമയം ചെലവഴിക്കാറില്ല. കുട്ടിളുമായി സംസാരിക്കാനോ അടുത്തിടപഴകാനോ അവരുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കാനോ രക്ഷിതാക്കള്‍ക്കു കഴിയാതെ വരുമ്പോള്‍ കുട്ടികള്‍ക്കു ശരിയായ മാര്‍ഗനിര്‍ദ്ദേശം കിട്ടാതാകും. ശരിയും തെറ്റും തിരിച്ചറിയാനാകാത്ത ഇവര്‍ ചിലപ്പോള്‍ ഇന്റര്‍നറ്റിലെ പല കെണികളിലും പെട്ടെന്നുവരാം. രക്ഷിതാക്കളില്‍നിന്നു കിട്ടാത്ത സ്‌നേഹവും അംഗീകാരവും ഇന്റര്‍നറ്റ് ഗ്രൂപ്പുകളില്‍നിന്നു കിട്ടുമ്പോള്‍ അത് അവരെ പെട്ടന്ന് ആകര്‍ഷിക്കും.

6. വ്യക്തിത്വവൈകല്യങ്ങളുള്ള കുട്ടികള്‍: ചില കുട്ടികളില്‍ ഇമോഷണലി അണ്‍സ്റ്റേബില്‍ പേഴ്‌സണാലിറ്റി എന്ന പ്രത്യേകതരം സ്വഭാവവൈകല്യം രുപപ്പെടാം. ഇവര്‍ക്ക്് എന്തിനോടും മടുപ്പായിരിക്കും. പുതിയ കൂട്ടുകെട്ടുകളുണ്ടാക്കിയാല്‍പോലും രണ്ടുദിവസത്തിനകം മടുപ്പുതോന്നും. ഇവരിലെ സ്വഭാവത്തില്‍ പെട്ടന്നു മാറ്റം സംഭവിക്കും. പെട്ടന്നുള്ള ദേഷ്യം, സങ്കടം ,പൊട്ടിത്തെറി എന്നിവ ഉദാഹരണമായി പറയാം. ഇവരില്‍ പലര്‍ക്കുമുള്ളില്‍ ആത്മഹത്യാപ്രവണത ഒളിഞ്ഞിരിക്കാറുണ്ട്്. പലപ്പോഴും ഇതു പുറത്തേയ്ക്കു പ്രകടിപ്പിച്ചെന്നു വരില്ല. എന്നാല്‍, ചെറിയപ്രശ്‌നങ്ങള്‍പോലും ഇവരെ ആത്മഹത്യക്കു പ്രേരിപ്പിച്ചേക്കാം. ബ്ലൂവെയ്ല്‍ പോലുള്ള ഗെയ്മുകള്‍ ഇവരിലെ ആത്മഹത്യാപ്രവണതയെ പുറത്തേക്കെടുക്കാനുള്ള വേദിയായി മാറുന്നു.

(ഇഖ്‌റ ആശുപത്രിയിലെ മനോരോഗചികിത്സകനാണ് ലേഖകന്‍)

(തയാറാക്കിയത്: ഋത്വിക് എസ്.കെ)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.