2020 August 06 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അടിയന്താരാവസ്ഥ കാലത്ത് എ.ബി.വി.പിയിലൂടെ വളര്‍ന്നു, പ്രതിസന്ധി ഘട്ടത്തിലും ബി.ജെ.പിയുടെ ആശ്രയത്വം- ജയ്റ്റ്‌ലിയുടെ നേതൃപാടവം ഇങ്ങനെ

 

‘പ്രശ്‌നങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചയും കാര്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ ധാരണയും രാജ്യത്തിനും പാര്‍ട്ടിക്കും മുതല്‍ക്കൂട്ടായിരുന്നു’- അന്തരിച്ച അരുണ്‍ ജയ്റ്റിലെ പറ്റി പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ സന്ദേശമാണിത്. ബി.ജെ.പിക്ക് എന്നും വിശ്വസിച്ച് ആശ്രയിക്കാന്‍ പറ്റിയ ഒരാളായിരുന്നു അരുണ്‍ ജയ്റ്റ്‌ലി. വിദ്യാര്‍ഥി കാലഘട്ടം മുതല്‍ തുടങ്ങിയ നേതൃപാടവവും ബി.ജെ.പിക്ക് എന്നും ഗുണംചെയ്തു.

1975 ല്‍ അടിയന്താരാവസ്ഥാ കാലത്ത് എ.ബി.വി.പി നേതാവായിരിക്കെയാണ് വിപ്ലവ പ്രവര്‍ത്തനത്തിലൂടെ അദ്ദേഹം രാഷ്ട്രീയമുഖമായി മാറുന്നത്. ജയപ്രകാശ് നാരായണന്റെ ആഹ്വാനം കേട്ട് നിരോധനാജ്ഞ ലംഘിച്ച് ഡല്‍ഹിയ യൂനിവേഴ്‌സിറ്റി ക്യാംപസില്‍ പ്രകടനം നടത്തി. ഇതോടെ അറസ്റ്റിലായ ജയ്റ്റ്‌ലി 19 മാസം തിഹാറിലെ ജയിലിലായിരുന്നു. തിരികെയെത്തി ജനസംഘത്തിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചു. പിന്നീട് എ.ബി.വി.പി ഡല്‍ഹി അധ്യക്ഷസ്ഥാനത്തും ദേശീയ സെക്രട്ടറിയുമായി. ബി.ജെ.പി രൂപീകരിക്കപ്പെട്ടപ്പോള്‍, 1980 ല്‍ പാര്‍ട്ടിയുടെ യുവജനവിഭാഗം അധ്യക്ഷനായി.

നിയമ ബിരുദമാണ് ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ജയ്റ്റ്‌ലി സ്വന്തമാക്കിയത്. പിതാവ് മഹാരാജ് കിഷന്റെ അഭിഭാഷകവൃത്തി ജയ്റ്റ്‌ലിയും ഒരു ഘട്ടത്തില്‍ സ്വീകരിച്ചു.

 

1999 ല്‍ വാജ്‌പേയി സര്‍ക്കാരില്‍ ആദ്യമായി മന്ത്രിസ്ഥാനത്തെത്തി. വാര്‍ത്താ വിതരണ- പ്രക്ഷേപണ സഹമന്ത്രിയായി തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ക്യാബിനറ്റ് പദവിയും ലഭിച്ചു. നിയമം, നീതിന്യായം, കമ്പനികാര്യം, ഷിപ്പിങ് മന്ത്രിയായായിരുന്നു ഈ അരങ്ങേറ്റം.

  

 

പിന്നീട് നരേന്ദ്ര മോദി മന്ത്രിസഭയില്‍ അദ്ദേഹം പ്രധാന സ്ഥാനത്തെത്തി. ലോക്‌സഭയിലേക്ക് മത്സരിച്ച് തോറ്റെങ്കിലും മോദിയുമായുള്ള അടുപ്പം അദ്ദേഹത്തെ പ്രധാന സ്ഥാനത്തു തന്നെ എത്തിച്ചു. ധനമന്ത്രിയായി അധികാരമേറ്റ ജയ്റ്റ്‌ലി, മനോഹര്‍ പരീക്കര്‍ രാജിവച്ചതോടെ പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതലയും ഏറ്റെടുത്തു.

നോട്ടു നിരോധനം, ജി.എസ്.ടി തുടങ്ങിയ പരിഷ്‌കാരങ്ങള്‍ മോദിക്കൊപ്പം നിന്ന് നടപ്പാക്കി. റെയില്‍വ്വേ ബജറ്റും പൊതുബജറ്റും ഒരുമിച്ച് കൂട്ടി അവതരിപ്പിച്ചും ചരിത്രംസൃഷ്ടിച്ചു. 92 വര്‍ഷക്കാലം ഇന്ത്യയില്‍ ഇവ രണ്ടും വെവ്വേറെയാണ് നടന്നിരുന്നത്. 2017 ല്‍ ഇത് ജയ്റ്റ്‌ലി ഒന്നിച്ച് അവതരിപ്പിക്കുകയായിരുന്നു.

പാര്‍ട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം വലിയ ഊര്‍ജ്ജം നല്‍കാന്‍ ജയ്റ്റ്‌ലിക്കായി. 2002 ലും 2004 ലും ജയ്റ്റ്‌ലിയായിരുന്നു ബി.ജെ.പി അധ്യക്ഷന്‍. 2009 ല്‍ രാജ്യസഭാ പ്രതിപക്ഷ നേതാവായതോടെയാണ് ഈ സ്ഥാനം രാജിവച്ചത്. ഇതിനിടെ യു.പി.എയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തേരാളിയുമായി. ഒരു ഘട്ടത്തില്‍ ബി.ജെ.പിയുടെ സ്റ്റാര്‍ ക്യാംപയിനറുമായിരുന്നു ജയ്റ്റ്‌ലി.

മോദി ആദ്യമായി മുഖ്യമന്ത്രിയായി വന്ന തെരഞ്ഞെടുപ്പു മുതല്‍ 2012 വരെ ഗുജറാത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയും ജയ്റ്റിലിക്കായിരുന്നു. ദക്ഷിണേന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാനത്ത് (കര്‍ണാടക) ഭരണം പിടിച്ചുകൊടുത്തത് ജയ്റ്റ്‌ലിക്ക് ചുമതലയുണ്ടായിരുന്ന കാലത്താണ്. പഞ്ചാബില്‍ അകാലിദളിലനെ കൂട്ടി സര്‍ക്കാരുണ്ടാക്കാനും ജയ്റ്റ്‌ലി കാരണം ബി.ജെ.പിക്കായി.

2000, 2006, 2012 വര്‍ഷങ്ങളില്‍ ഗുജറാത്തില്‍ നിന്നും 2018 ല്‍ ഉത്തര്‍പ്രദേശില്‍ നിന്നും രാജ്യസഭാംഗമായി. മത്സരിച്ച ജയിക്കണമെന്ന ആഗ്രഹത്തില്‍ 2014 ല്‍ പഞ്ചാബിലെ അമൃത്‌സറില്‍ നിന്നെങ്കിലും അമരീന്ദര്‍ സിങിനോട് തോറ്റു. 2019 തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും അസുഖം മൂര്‍ഛിച്ചിരുന്നു. മത്സരിക്കാനില്ലെന്നും മോദി സര്‍ക്കാര്‍ വീണ്ടും വന്നപ്പോള്‍, അനാരോഗ്യം അനുവദിക്കുന്നില്ലെന്നും മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ജയ്റ്റ്‌ലി മോദിക്ക് കത്തയച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.