2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

നേതാക്കളെ വിമര്‍ശിക്കുന്നവരുടെ കൈവെട്ടുമെന്ന് ഹിമാചല്‍ ബിജെപി പ്രസിഡന്റ്

ഷിംല: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പാര്‍ട്ടിയിലെ മറ്റുനേതാക്കള്‍ക്കെതിരേ ആരെങ്കിലും ഒരു ചെറുവിരലെങ്കിലുമുയര്‍ത്തിയാല്‍ അവരുടെ കൈ വെട്ടുമെന്ന് ബിജെപി ഹിമാചല്‍ പ്രദേശ് യൂണിറ്റ് പ്രസിഡന്റ് സത്പാല്‍ സിങ് സട്ടി. ഹിമാചല്‍ പ്രദേശിലെ മന്ദിയില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പേരുപറയാതെ കുറ്റപ്പെടുത്തുന്നതിനിടെയായിരുന്നു സത്പാല്‍ സിങിന്റെ വിവാദ പരാമര്‍ശം. ‘രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് അയാള്‍ പറയുന്നു. തങ്ങളുടെ പിതാവിനെ കള്ളനെന്ന് വിളിക്കുന്നയാള്‍ക്ക് അതിനു യോജിച്ച മറുപടി നല്‍കും. ബിജെപി നേതാക്കള്‍ ഇവിടെയിരിക്കുന്നുണ്ട്. ആരെങ്കിലും അവര്‍ക്കെതിരേ ഒരു വിരലുയര്‍ത്തിയാല്‍ തങ്ങള്‍ അവരുടെ കൈ വെട്ടി മാറ്റും’ – സത്പാല്‍ സിങ് പറഞ്ഞു.

എന്നാല്‍ ആളുകളുടെ കൈ വെട്ടിമാറ്റുന്നതിനെക്കുറിച്ച് താന്‍ എന്തെങ്കിലും പറഞ്ഞതായി ഓര്‍ക്കുന്നില്ലെന്ന് സിങ് പിന്നീട് അവകാശപ്പെട്ടു. സംഭവത്തില്‍ സിങിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്ന് ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കുല്‍ദീപ് സിങ് റാഥോഠ് പ്രതികരിച്ചു. കോണ്‍ഗ്രസിനെതിരേ സിങ് ഉപയോഗിച്ച ഭാഷ അംഗീകരിക്കാനാവാത്തതാണ്. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് അയാളെ വിലക്കണമെന്ന് റാഥോഠ് പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശത്തിന്റെ പേരില്‍ ഈ മാസം 13ന് സത്പാല്‍ സിങിനെ പ്രചാരണത്തില്‍ നിന്ന് 48 മണിക്കൂര്‍ വിലക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. രാഹുലിനെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തിലായിരുന്നു സിങിന്റെ പരാമര്‍ശമെന്ന് കാണിച്ച് കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷന്റെ നടപടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.