2019 October 24 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

മോദി എന്ന പേര് 26 വട്ടം, ജോലി എന്നത് രണ്ടു വട്ടം മാത്രം: 2014 ലെ ബി.ജെ.പി പ്രകടന പത്രിക 2019 ലെത്തിയപ്പോള്‍ ഒരാളിലേക്ക് ചുരുങ്ങിയത് ഇങ്ങനെ

 

ബി.ജെ.പിയുടെ പ്രകടന പത്രികയുടെ പുറംചട്ടകളാണ് മുകളില്‍. ആദ്യത്തേത് 2014 ല്‍ പുറത്തിറക്കിയതും രണ്ടാമത്തേത് 2019 ലേതും. പുറംചട്ടയില്‍ തന്നെ കാര്യങ്ങള്‍ സുവ്യക്തം.

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ വാജ്‌പേയി, എല്‍.കെ അദ്വാനി, രാജ്‌നാഥ് സിങ്, മുരളി മനോഹര്‍ ജോഷി തുടങ്ങി നരേന്ദ്ര മോദിയെക്കൂടാതെ 10 പേര്‍ പുറംചട്ടയില്‍ ഇടംപിടിച്ചു. അഞ്ചുവര്‍ഷം പിന്നിട്ട് രാജ്യം മറ്റൊരു തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുമ്പോള്‍ പുറംചട്ടയില്‍ മോദി മാത്രം.

കോണ്‍ഗ്രസ് ആരോപിക്കുന്നതു പോലെ, ഒറ്റയാന്റെയും അഹങ്കാരിയുടെയും ശബ്ദമായി മാറിയിരിക്കുന്നുവോ?

പുറംചട്ടയില്‍ മാത്രമല്ല, ഉള്ളടക്കത്തിലും മോദി മയമാണ് 2019 ലെ പ്രകടന പത്രിക. ‘നരേന്ദ്ര’ എന്ന വാക്ക് 22 വട്ടം ആവര്‍ത്തിക്കുന്നുണ്ട്. ‘മോദി’ എന്ന വാക്ക് 26 വട്ടവും. മറ്റു സുപ്രധാന വാക്കുകളേക്കാളും ഇടം മോദിക്കാണെന്ന കാര്യവും ശ്രദ്ധേയമാണ്. പൗരന്‍ (17), പാവപ്പെട്ടവന്‍ (14), ആരോഗ്യം (22), വികസനം (14), സൈന്യം (14), അഴിമതി (11) ഇങ്ങനെയാണ് കണക്ക്. 2014 ല്‍ 13 പ്രാവശ്യം ആവര്‍ത്തിച്ച ‘ജോലി’ എന്ന വാക്ക് ഇപ്രാവശ്യം രണ്ടു തവണ മാത്രമാണ് പരാമര്‍ശിക്കുന്നത്.

പശുവിനെ കാണ്മാനില്ല

2014 ല്‍ ദേശീയ പൈതൃകമായി പശുവിനെ കണ്ട്, ദേശീയ കന്നുകാലി വികസന ബോര്‍ഡ് ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചു. പശുവിന്റെ പേരില്‍ വ്യാപകമായ അക്രമങ്ങള്‍ നടന്ന വര്‍ഷങ്ങളാണ് കഴിഞ്ഞുപോയത്.

എന്നാല്‍ 2019 പ്രകടന പത്രികയില്‍ പശു എന്ന ഒറ്റ വാക്കുപോലുമില്ല.

2015 മുതല്‍ രാജ്യത്ത് പശുവിന്റെ പേരില്‍ നൂറോളം അക്രമസംഭവങ്ങള്‍ അരങ്ങേറി. യു.പിയിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന 52 കാരനെ കൊന്നുകൊണ്ടാണ് ഇതിന് തുടക്കംകുറിച്ചത്.

നോട്ട് നിരോധനം ഒറ്റ പ്രാവശ്യം

കള്ളപ്പണവും വ്യാജനോട്ടും ഇല്ലാതാക്കാനെന്നു പ്രഖ്യാപിച്ച് നടത്തിയ നോട്ട് നിരോധനത്തെപ്പറ്റി ഒറ്റ പ്രാവശ്യമാണ് പ്രകടന പത്രികയില്‍ പറയുന്നത്. അഴിമതിയെക്കുറിച്ച് 2014 ല്‍ മൂന്ന് പ്രധാന വാഗ്ദാനങ്ങളാണ് നല്‍കിയത്. ഇതേപ്പറ്റിയും പരാമര്‍ശമില്ല.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.