2020 January 18 Saturday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ഉവൈസിക്ക് കടിഞ്ഞാണിടാന്‍ അമിത്ഷാ; ഹൈദരാബാദ് കേന്ദ്ര ഭരണ പ്രദേശമാക്കാന്‍ നീക്കം

 

ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിക്കും ടി.ആര്‍.എസിനും കടിഞ്ഞാണിടാന്‍ ഹൈദരാബാദിനെ കേന്ദ്രഭരണ പ്രദേശമാക്കാന്‍ ബി.ജെ.പി പദ്ധതിയിടുന്നതായി വിവരം. കേന്ദ്രം നേരിട്ടു ഭരിക്കുന്ന രീതിയിലേക്ക് ഹൈദരാബാദ് മാറിയാല്‍ ബി.ജെ.പിക്ക് വലിയ തലവേദനയായ ഉവൈസിയെ പിടിച്ചു കെട്ടാനാവുമെന്നാണ് ബി.ജെ.പിയുടെ കണക്ക് കൂട്ടല്‍. ഉവൈസിക്കും സഹോദരന്‍ അഖ്ബറുദ്ദീന്‍ ഉവൈസിക്കുമെതിരേ നടപടി എടുക്കാന്‍ ബി.ജെ.പി നേതാക്കള്‍ നേരത്തെ തന്നെ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

 

ഇത്തരമൊരു നീക്കം കേന്ദ്രം നടത്തിയാല്‍ സംയുക്ത പ്രക്ഷോഭങ്ങളിലേക്ക് പോവാനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനം. ഹൈദരബാദ് ലിബറേഷന്‍ ഡേ ആയ സെപ്തംബര്‍ 17 ന് അമിത്ഷാ ഹൈദരാബാദില്‍ ദേശീയ പാതാക ഉയര്‍ത്തുമെന്നാണ് ബി.ജെ.പി നേതാക്കള്‍ ഇപ്പോള്‍
പറയുന്നത്.

എന്നാല്‍ കേന്ദ്രഭരണ പ്രദേശമാക്കുക എന്നത് അത്ര എളുപ്പത്തില്‍ സാധ്യമാകില്ലെങ്കിലും കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ബി.ജി.പിയില്‍ നിന്നും ഇതും പ്രതീക്ഷിക്കാമെന്നാണ് കോണ്‍ഗ്രസ്, ടി.ആര്‍.എസ്, എം.ഐ.എം നേതാക്കള്‍ കരുതുന്നത്.
ബി.ജെ.പി ഇത്തരമൊരു നീക്കം നടത്തിയാല്‍ ടി.ആര്‍.എസിനും ചന്ദ്രശേഖര്‍ റാവുവിനും രാഷ്ട്രീയ കരുത്ത് വര്‍ധിക്കുക മാത്രമേ ചെയ്യുകയുള്ളുവെന്നും കേന്ദ്ര ഭരണ പ്രദേശമാക്കാനുള്ള നീക്കം ബി.ജെ.പി നടത്തുകയാണെങ്കില്‍ ഈ നാട്ടിലെ ജനങ്ങള്‍ മുഴുവന്‍ തെരിവിലിറങ്ങുമെന്നുമാണ് ടി.എര്‍.എസിന്റെ പോളിറ്റ് ബ്യൂറോ മെമ്പറായ ബി വിനോദ്കുമാര്‍ പറയുന്നത്.

ഭരണഘടനയിലെ ആര്‍ട്ടിക്ക്ള്‍ 370 റദ്ദ് ചെയ്ത ശേഷമാണ് ഇത്തരം ഒരു വാര്‍ത്ത സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചു തുടങ്ങിയതെന്നും ഇതു വ്യാജമാണെന്നുമാണ് ചില കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ഇത്തരം ഒരു നീക്കം അസാധ്യമാണെന്നും തെലുങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡി പറഞ്ഞു.

ബി.ജെ.പിയുടെ ഇത്തരം കിവംദന്തിയെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും ഞങ്ങളുടെ പാര്‍ട്ടി ആദ്യം മുതല്‍ തന്നെ ഇതിനെ എതിര്‍ത്തുവരികയാണെന്നുമാണ് എം.ഐ.എം ജനറല്‍ സെക്രട്ടറി അഹമ്മദ് പാഷാ ഖാദിരിയുടെ പ്രതികരണം. ഇത്തരം ഒരു നീക്കം ബി.ജെ.പി നടത്തുകയാണെങ്കില്‍ പാര്‍ട്ടി സമര രംഗത്തിറങ്ങുമെന്നും ഹൈദരാബാദില്ലാതെ തെലുങ്കാന എന്ന സംസ്ഥാനത്തിന് പ്രസക്തിയില്ലെന്നും ഒരു മുതിര്‍ന്ന എം.ഐ.എം നേതാവ് പറയുന്നു. തെലുങ്കാന രൂപീകരിച്ചത് മുതല്‍ ബി.ജെ.പി ഹൈദരാബാദ് ലിബറേഷന്‍ ഡേയുമായി ബന്ധപ്പെട്ടു ടി.ആര്‍.എസിനെതിരേ രംഗത്തു വരുന്നുണ്ട്. ടി.ആര്‍.എസിനേയും ചന്ദ്രശേഖര്‍ റാവുവിനേയും ബി.ജെ.പി പാളയത്തിലേക്ക് കൊണ്ടുവരാനുള്ള ഒരു ശ്രമമാണോ ഇതെന്നും ഉറ്റു നോക്കുന്നവരുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.