2019 November 14 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

പ്രവാസിയുടെ ആത്മഹത്യ: നഗരസഭ സെക്രട്ടറിയടക്കം നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

  • ഉദ്യോഗസ്ഥരെ  കരുവാക്കിപാര്‍ട്ടിയും സര്‍ക്കാരും പ്രശ്‌നത്തില്‍ നിന്ന് തലയൂരുന്നു

തിരുവന്തപുരം: പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭ സെക്രട്ടറിയടക്കം നാല്
ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് പാര്‍ട്ടിയും സര്‍ക്കാരും പ്രശ്‌നത്തില്‍ നിന്ന് തലയൂരുന്നു.  മരിച്ച സാജന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി സി.പി.എം നേതാക്കള്‍ മാധ്യമങ്ങളെ അറിയിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായ നടപടിയെ പാര്‍ട്ടി നേതാക്കള്‍ വിശദീകരിക്കുന്നത് പുതിയ സംഭവമാണെന്നാണ് വിലയിരുത്തുന്നത്.

ആന്തൂര്‍ നഗരസഭ സെക്രട്ടറി അടക്കമുള്ള നാല് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തതായി പി.ജയരാജന്‍ മാധ്യമങ്ങളെ അറിയിച്ചത്. വീഴ്ച വരുത്തിയത് ഉദ്യോഗസ്ഥരാണെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമളക്ക് സംഭവത്തില്‍ പങ്കില്ലെന്നുമാണ് നേതാക്കളുടെ വിശദീകരണം. കണ്‍വെന്‍ഷന്‍ സെന്റര്‍ സി.പിഎമ്മിന്റെ നേതൃത്വത്തില്‍ തന്നെ യാഥാര്‍ഥ്യമാക്കുമെന്നും നേതാക്കള്‍ അറിയിക്കുന്നു.

ഉദ്യോഗസ്ഥര്‍ നിരത്തിയ വാദങ്ങളെല്ലാം പൊള്ളയാണെന്നാണ് വ്യക്തമായത്. നഗരസഭ മനപൂര്‍വം ദ്രോഹിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കും തെളിവ് പുറത്തുവന്നു. സ്ഥാപനം ദൂരപരിധി ലംഘിച്ചായിരുന്നു നിര്‍മിച്ചതെന്നായിരുന്നു ഒരു കണ്ടെത്തല്‍. മൂന്നു ചട്ടലംഘനം നടത്തിയെന്നും  ആരോപിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഒന്നുമാത്രമാണ് കണ്ടെത്താനായതെന്നും ഇതും ഗൗരവമുള്ളതല്ലെന്നുമാണ് ടൗണ്‍ പ്ലാനര്‍ കണ്ടെത്തിയത്. ഇതിന്റെ പേരില്‍ ഫയലില്‍ അനാവശ്യക്കുറിപ്പുകള്‍ എഴുതി അംഗീകാരം നല്‍കുന്ന കാര്യത്തില്‍ വെച്ചു താമസിപ്പിക്കുകയായിരുന്നു ഉദ്യോഗസ്ഥരെന്നാണ് പരാതി.
വ്യവസായമന്ത്രി എ.സി മൊയ്തീന്‍ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചക്കിടെ ശാസിക്കുകയും ചെയ്തു. ഇവര്‍ നല്‍കിയ വിശദീകരണത്തില്‍ മന്ത്രി തൃപ്തനായില്ല. ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളുമായാണ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് എത്തിയിരുന്നത്.

ചെറിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുകയായിരുന്നെന്ന് പറഞ്ഞാണ് മന്ത്രി പൊട്ടിത്തെറിച്ചത്. പ്രവര്‍ത്തനാനുമതി നിഷേധിച്ചുള്ള ഫയല്‍ തിരുത്താന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ തയാറായപ്പോള്‍ തടസ്സം നിന്നത് നഗരസഭ സെക്രട്ടറിയാണ്. ബാലിശമായ കാരണങ്ങള്‍ എഴുതി ഫയല്‍ വൈകിപ്പിക്കാന്‍ സെക്രട്ടറി ശ്രമിക്കുകയായിരുന്നെന്ന് കണ്ടെത്തിയതായും മന്ത്രി പറഞ്ഞു.

തുടര്‍ന്ന് തദ്ദേശ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ച നടത്തി. ഓഡിറ്റോറിയം സംബന്ധിച്ച ഫയല്‍ വൈകിപ്പിക്കാന്‍ സെക്രട്ടറിയെ ഉപദേശിച്ചത് ആരാണെന്ന് കണ്ടെത്തണം. ഒരാഴ്ച്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ടൗണ്‍ പ്ലാനിംഗ് വിജിലന്‍സിന് നിര്‍ദേശം നല്‍കാനും ആ ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. ഇതിനുശേഷമാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്നു കണ്ടെത്തിയ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമുണ്ടായതെന്നാണ് അറിയുന്നത്.

കഴിഞ്ഞ ദിവസം സാജന്റെ ഭാര്യയും ബന്ധുക്കളും നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളക്കെതിരേയാണ് രംഗത്തെത്തിയിരുന്നത്. എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ ഇവരെ കണ്ടതിനുശേഷമുള്ള പ്രതികരണം അറിവായിട്ടില്ല. ഇവരുടെ വ്യക്തിവിരോധം മൂലം ഫയലില്‍ ഒപ്പിട്ട് നല്‍കാന്‍ വൈകിയതോടെ ഉദ്ഘാടനം അനന്തമായി നീണ്ടതുകൊണ്ടാണ് സാജന്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു ഭാര്യയുടെയും ബന്ധുക്കളുടെയും ആരോപണം. ആ ആരോപണത്തെയാണ് പാര്‍ട്ടി നേതൃത്വം തള്ളി ഉദ്യോഗസ്ഥരെ മാത്രം കരുവാക്കി പ്രശ്‌നത്തില്‍ നിന്ന് തടിയൂരുന്നത്. സി.പി.എം ഒറ്റയ്ക്ക് ഭരിക്കുന്ന ആന്തൂര്‍ നഗരസഭയില്‍ പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യ പി.കെ ശ്യാമളയാണ് നഗരസഭ അധ്യക്ഷ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News