2019 November 14 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

നഗരസഭാ അധ്യക്ഷയ്ക്ക് എതിരേ നേതാക്കള്‍ക്ക് പരാതി നല്‍കിയതിന്റെ പകയെന്ന് വ്യവസായിയുടെ ഭാര്യ: ആരോപണം ശുദ്ധ തെറ്റെന്നു അധ്യക്ഷ പി.കെ ശ്യാമള

  • ഒരൊപ്പില്‍ ജീവനും ജീവിതവും നഷ്ടപ്പെട്ട വേദനയില്‍ സാജന്റെ കുടുംബം: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

സ്വന്തം ലേഖിക

കണ്ണൂര്‍:’ലോണോ കടമോ തുടങ്ങി ബാങ്കുമായി യാതൊരു ഇടപാടും ഉണ്ടായിട്ടില്ല, കേവലം ഒരു ഒപ്പിന്റെ കാര്യം മാത്രമാണ് ഇത്രയും കടുത്ത മാനസിക സമ്മര്‍ദത്തിലേക്കെത്തിച്ചത്…’തളിപ്പറമ്പ് ബക്കളത്ത് 15കോടി രൂപാ ചെലവില്‍ നിര്‍മിച്ച പാര്‍ഥാസ് കണ്‍വന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ കെട്ടിട അനുമതി തടഞ്ഞുവച്ചതില്‍ മനംനൊന്തു ജീവനൊടുക്കിയ പ്രവാസി വ്യവസായി കൊറ്റാളി അരയമ്പേത്ത് ഗോകുലത്തില്‍ പാറയില്‍ സാജന്റെ ഭാര്യ ബീനയുടെ വാക്കുകള്‍ പാതിയില്‍ മുറിഞ്ഞു.

കേവലം ഒരു ഒപ്പിന്റെ കാര്യത്തില്‍ ജീവനും ജീവിതവും നഷ്ടപ്പെട്ട വേദനയിലാണുസാജന്റെ ഭാര്യയും കുടുംബവും. വീട്ടില്‍ തളര്‍ന്ന് അവശയായി കിടക്കുന്ന ബീന പിതാവിനെ ചേര്‍ത്തുപിടിച്ച് ഇനിയാര്‍ക്കും ഈ ഗതി വരരുതെന്നു പറഞ്ഞു നിയന്ത്രണംവിട്ടാണ് സാജന്‍ അനുഭവിച്ച മാനസിക സമ്മര്‍ദത്തെക്കുറിച്ചു മാധ്യമപ്രവര്‍ത്തകരോടു വിവരിച്ചത്.
സി.പി.എം ഭരിക്കുന്ന ആന്തൂര്‍ നഗരസഭാധ്യക്ഷയ്‌ക്കെതിരേ കടുത്ത ആരോപണമാണു കുടുംബാംഗങ്ങളുടെ വാക്കുകളില്‍. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയാണ് ആന്തൂര്‍ നഗരസഭാധ്യക്ഷ.

ഉറക്കം നഷ്ടപ്പെട്ടിട്ടു ദിവസങ്ങളും മാസങ്ങളമായി. കോടികള്‍ മുടക്കി ഉണ്ടാക്കിയ സംരംഭം തുരുമ്പെടുത്തു പോകുമല്ലോ എന്ന ചിന്തയില്‍ നിരാശനായിരുന്നു അദ്ദേഹം. ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും കണ്‍വന്‍ഷന്‍ സെന്ററിനായി മുടക്കി. ഇതില്‍ നിന്നു ലഭിക്കുന്ന വരുമാനത്തിലാണു മുന്നോട്ടുപോകേണ്ടത്. മുന്‍പ് കണ്‍വന്‍ഷന്‍ സെന്ററിന്റെ അനുമതിക്കായി സി. പി.എമ്മിലെ ഉയര്‍ന്ന നേതാക്കളെ സമീപിച്ചിരുന്നു. ഇതിന്റെ ഭാഗമായി നഗരസഭാധ്യക്ഷ അടക്കമുള്ളവരുമായി ചര്‍ച്ചയും നടത്തിരുന്നു. ഇനിയുള്ള കാര്യങ്ങളും ഉന്നത നേതാക്കളോടു പറഞ്ഞു നടത്തിക്കോയെന്ന വാശിയിലായിരുന്നു നഗരസഭാധ്യക്ഷയെന്നും ബീന ആരോപിക്കുന്നു. പാര്‍ട്ടിക്കുവേണ്ടി എല്ലാം ചെയ്തു. എന്നാല്‍ അവരില്‍ നിന്നു തിരിച്ച് ഒരു സഹായവും ലഭിച്ചില്ല.
നഗരസഭാധ്യക്ഷ പി.കെ ശ്യാമളയെ നിരന്തരം സമീപിച്ചപ്പോഴെല്ലാം ഓരോ കാരണങ്ങള്‍ പറഞ്ഞു ലൈസന്‍സ് നീട്ടി കൊണ്ടുപോവുകയായിരുന്നു. താന്‍ ഇവിടെയുള്ളിടത്തോളം കാലം അനുമതി കിട്ടില്ല. ഇത് ഒരു സ്തൂപമായി ഇരിക്കട്ടെയെന്നു നഗരസഭാധ്യക്ഷ സാജനോടു പറഞ്ഞതായും ബീന പറഞ്ഞു. മരിക്കുന്ന ദിവസം ചര്‍ച്ച നടക്കാനിരിക്കുകയായിരുന്നു. ആ സ്ത്രീ ലൈസന്‍സ് തരില്ലെന്ന് അദ്ദേഹം നിരന്തരം പറയുകയും മനസില്‍ ലൈസന്‍സ് കിട്ടില്ലെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്തിരുന്നു. അതു തന്നെയാണ് ആത്മഹത്യയിലെത്തിച്ചത്. ദിവസങ്ങള്‍ക്കു മുമ്പേ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു അദ്ദേഹമെന്നും ഭാര്യ പറഞ്ഞു.

താല്‍ക്കാലിക അനുമതിയില്‍ മൂന്നു വിവാഹം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്നു. അങ്ങനെയെങ്കില്‍ എന്തുകൊണ്ട്സ്ഥിരം അനുമതി നല്‍കിക്കൂടെന്നും നഗരസഭാധ്യക്ഷയ്ക്ക് അനുമതി നല്‍കാനാവില്ലെന്ന ശാഠ്യവുമായിരുന്നുവെന്നും സാജന്റെ സഹോദരി ശ്രീലതയും പറഞ്ഞു.

കോടികള്‍ മുടക്കി നിര്‍മിച്ച കണ്‍വന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ ഉടമസ്ഥാവകാശ രേഖ നല്‍കുന്നതു വൈകിച്ചതില്‍ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യചെയ്ത സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസാണു സ്വമേധയാ കേസെടുത്തത്.
ജില്ലാ പൊലിസ് മേധാവി വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ആവശ്യമായ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം കമ്മിഷനില്‍ റിപ്പോര്‍ട്ട് നല്‍കണം. ഉടമസ്ഥാവകാശരേഖ നല്‍കുന്നതില്‍ കാലതാമസമുണ്ടായതിനെക്കുറിച്ച് തദ്ദേശ ഭരണ സെക്രട്ടറി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. കേസ് കണ്ണൂരില്‍ നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.

അതേ സമയം പാര്‍ഥാസ് ഗ്രൂപ്പ് ഉടമ സാജന്‍ പാറയിലിന്റെ മരണവുമായി ബന്ധപ്പെട്ട് നഗരസഭയ്ക്കും തനിക്കുമെതിരെ അദ്ദേഹത്തിന്റെ ഭാര്യയുടെ ആരോപണം ശുദ്ധ തെറ്റാണെന്നു അധ്യക്ഷ പി.കെ ശ്യാമള. 1970 മുതല്‍ പൊതുരംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന തന്നെപ്പറ്റി ജനങ്ങള്‍ക്കറിയാമെന്നും അവര്‍ പറഞ്ഞു. മരിച്ച സാജനുമായി വ്യക്തി വിരോധമില്ല. കെട്ടിടവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളും ചട്ടങ്ങളും ഉണ്ടായിരുന്നു. അതു പരിഹരിക്കാനാണു നഗരസഭ ശ്രമിച്ചത്. ചട്ടലംഘനം നടത്തിയതിന്റെ പേരിലുള്ള ഔദ്യോഗിക നടപടികള്‍ മാത്രമാണു നഗരസഭയുടെ ഭാഗത്തു നിന്നുണ്ടായത്. സാജന്‍ സുഹൃത്ത് മുഖേനയാണു തന്നെ കാണാന്‍ വന്നത്. കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്‌നം ഭരണസമിതി ചര്‍ച്ച ചെയ്തിട്ടില്ല. നഗരസഭാധ്യക്ഷ വിചാരിച്ചാല്‍ നിയമപ്രകാരം നടക്കുന്ന കെട്ടിട നിര്‍മാണം തടയാനാവില്ല. എന്നിട്ടും തനിക്കെതിരേ മാത്രം സാജന്റെ ഭാര്യയും കുടുംബവും ആരോപണം ഉന്നയിക്കുന്നതിന്റെ കാരണമറിയില്ല. ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ സ്വാഭാവികമായ കാലതാമസം മാത്രമേ കാണിച്ചിട്ടുള്ളൂവെന്നും പി.കെ ശ്യാമള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News