2019 December 11 Wednesday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

നീതി കിട്ടി, ഇനിയെനിക്കും കുടുംബത്തിനും ജീവിക്കണം: ബില്‍ഖീസ് ബാനു

ലഭിക്കുന്ന പണത്തിന്റെ വിഹിതം കലാപത്തിലെ ഇരകള്‍ക്ക് ചെലവഴിക്കും

ന്യൂഡല്‍ഹി: ”നീതികിട്ടി.. ഇനിയെനിക്കും കുടുംബത്തിനും ജീവിക്കണം..” ഗുജറാത്ത് വംശഹത്യക്ക് ഇരയായ ബില്‍ഖീസ് ബാനു പറയുന്നു. തനിക്ക് ലഭിച്ച 50 ലക്ഷം രൂപയില്‍ നിന്ന് ഒരു വിഹിതം കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതിനും അവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുമായി നല്‍കും. ഗുജറാത്ത് സര്‍ക്കാറിന്റെ ശത്രുതാ മനോഭാവമാണ് കേസ് നീളാന്‍ കാണമെന്നും തനിക്ക് സുരക്ഷയോ സഹായമോ നല്‍കാതെ ശത്രുതയോടെയാണ് ഗുജറാത്ത് സര്‍ക്കാര്‍ പെരുമാറിയതെന്നും അവര്‍ പറഞ്ഞു. ബില്‍ഖീസിന് 50 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും വീടും നല്‍കണമെന്ന സുപ്രിംകോടതി ഉത്തരവിനുപിന്നാലെ ഡല്‍ഹിയില്‍ ഭര്‍ത്താവ് യഅ്ഖൂബ് റസൂലിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സംസാരിക്കുന്നതിനിടെ വിതുമ്പിയ ബില്‍ഖീസ് അന്ന് അക്രമികള്‍ കണ്‍മുന്നില്‍ തലതകര്‍ത്തുകൊന്ന മൂന്നുവയസുകാരി മകള്‍ സാലിഹയെക്കുറിച്ചു പറയുമ്പോള്‍ വിങ്ങിക്കരഞ്ഞു.

”അവള്‍ക്കൊപ്പം എനിക്ക് ജീവിക്കാന്‍ കഴിഞ്ഞില്ല. നാളെ സ്വര്‍ഗത്തില്‍ എനിക്കവളോടൊപ്പം ജീവിക്കാന്‍ കഴിയട്ടെ. അവരെന്നെ ബലാത്സംഗം ചെയ്യുമ്പോള്‍ അഞ്ചുമാസം ഗര്‍ഭത്തിലുണ്ടായിരുന്ന മകള്‍ക്ക് ഇന്ന് 17 വയസുണ്ട്. അവളെ ഞാന്‍ അഭിഭാഷകയാക്കും. അവള്‍ ഇരകള്‍ക്കുവേണ്ടി പോരാടും”- ബില്‍ഖീസ് പറഞ്ഞു.

കേസ് പ്രതികാരമായിരുന്നില്ല, നീതിക്കുവേണ്ടിയായിരുന്നു. തുടക്കത്തില്‍ സി.ബി.ഐയിലെ കുറെ നല്ല ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിച്ചത്. അവര്‍ കൂടെ നിന്നു. സഹായിച്ചവരുടെ പേരെടുത്തുപറഞ്ഞ ബില്‍ഖീസ് എല്ലാവര്‍ക്കും നന്ദി പറഞ്ഞു. എങ്ങനെ 17 കൊല്ലം നീണ്ട പോരാട്ടം നടത്താനുള്ള മനശക്തിയുണ്ടായെന്ന ചോദ്യത്തിന് മാതാപിതാക്കളും മകളും കുടുംബത്തിലെ എല്ലാവരും നഷ്ടപ്പെട്ട തനിക്ക് നഷ്ടപ്പെടാന്‍ മറ്റെന്താണുണ്ടായിരുന്നതെന്ന് ബില്‍ഖീസ് തിരിച്ചുചോദിച്ചു. വൈകിയാലും നീതി ഉറപ്പുണ്ടായിരുന്നു. ജൂഡീഷ്യറിയിലും നിയമ വ്യവസ്ഥയിലും വിശ്വസിച്ചു. അതിന് 2002 മുതലുള്ള തന്റെ ക്ലേശവും വേദനയും മനസിലാകുമെന്ന് ഉറപ്പുണ്ടായിരുന്നു. ഇരകളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ അവര്‍ തനിക്കൊന്നും ചെയ്തുതന്നില്ല. സ്വപ്‌നങ്ങള്‍ തച്ചുതകര്‍ത്തു. തന്റെ വിജയം നിരവധി സ്ത്രീകളുടെ വിജയമാണ്. പണത്തിനുവേണ്ടിയായിരുന്നില്ല പോരാട്ടം. പണം തനിക്കുമാത്രമായുള്ളതാണെന്ന് കരുതുന്നില്ല.

”എന്റെ ആദ്യ കുഞ്ഞിന് സാലിഹ എന്ന് പേരിടുകയെന്നത് സ്വപ്‌നമായിരുന്നു. അവര്‍ എന്റെ സാലിഹയെ കൊന്നു. കുഞ്ഞിന് മാന്യമായി അന്ത്യകര്‍മങ്ങള്‍ ചെയ്യുകയെന്ന അവളുടെ പിതാവിന്റെ അവകാശവും ഹനിക്കപ്പെട്ടു. ഞങ്ങള്‍ക്കൊന്നുപോയി പൊട്ടിക്കരയാന്‍ അവളുടെതായി ഒരു ഖബറിടം പോലും ബാക്കിയില്ല. അവളുടെ ആത്മാവ് എനിക്കൊപ്പമുണ്ട്. മറ്റുള്ളവരെ സഹായിക്കുമ്പോള്‍ അവരുടെ കുഞ്ഞുങ്ങളിലൂടെ അവള്‍ ജീവിക്കുന്നതായി എനിക്ക് കാണാനാവും. അവള്‍ക്കും അവളെപ്പോലെ അന്ന് മരിച്ചവര്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്.” ബില്‍ഖീസ് പറഞ്ഞു. ഭാര്യയുടെ ദുരിതത്തിനൊപ്പം നിലകൊള്ളേണ്ട ബാധ്യതയുണ്ടെന്ന ബോധ്യത്താലാണ് ബില്‍ഖീസിനൊപ്പം നിലകൊണ്ടതെന്ന് ഭര്‍ത്താവ് യഅ്ഖൂബ് പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.