2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

ബൈക്കിന് ഇന്ധനമായി പച്ചവെള്ളം: ഫുള്‍ ടാങ്കില്‍ 600 കിലോമീറ്റര്‍!

 

  • കണ്ടുപിടിത്തവുമായി എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍

കോട്ടയം: ഒരിടത്ത് പെട്രോളിന് പൊള്ളുന്ന വിലയും മറുവശത്ത് ഇലക്ട്രിക് എന്‍ജിനിലേക്കുള്ള മാറ്റവും ചര്‍ച്ചയാവുന്നതിനിടയില്‍ ഇതാ പുതിയൊരു വാര്‍ത്ത. വെറും പച്ചവെള്ളമുപയോഗിച്ച് വാഹനമോടിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് രണ്ട് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍. കോട്ടയം ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിങ് കോളജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ ഇ.എസ് അനല്‍, അല്‍ സൂഫിയാന്‍ എന്നീ വിദ്യാര്‍ഥികളാണ് ഇന്ധനത്തിന് പകരം ജലമുപയോഗിച്ച് ബൈക്കോടിക്കാമെന്ന കണ്ടുപിടിത്തം നടത്തിയത്.

ജലത്തെ ഹൈഡ്രജനും ഓക്‌സിജനുമായി വേര്‍തിരിച്ചശേഷം രാസമാറ്റത്തിലൂടെയുണ്ടാക്കുന്ന ഹൈഡ്രജന്‍ വാതകം ഊര്‍ജമായുപയോഗിച്ച് വാഹനമോടിക്കുന്ന സാങ്കേതികവിദ്യയാണ് ഇവര്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ കാല്‍സ്യം കാര്‍ബൈഡ് കലര്‍ത്തി വെള്ളത്തില്‍നിന്ന് അസറ്റലിന്‍ വാതകമുണ്ടാക്കുന്നു. ഇതുപയോഗിച്ച് വാഹനം സ്റ്റാര്‍ട്ട് ചെയ്യും. അപ്പോള്‍ സ്പാര്‍ക്ക് പ്ലഗ് പ്രവര്‍ത്തിപ്പിക്കാനുള്ള ഊര്‍ജം എന്‍ജിനില്‍ രൂപപ്പെടും. ഈ ഊര്‍ജം സൂപ്പര്‍ കപ്പാസിറ്റര്‍ എന്ന ഉപകരണംവഴി ഹൈ കറന്റ് ആംപിയറില്‍ വെള്ളത്തെ ഇലക്ട്രോലൈസ് ചെയ്യാനുപയോഗിക്കുകയെന്നതാണ് അടുത്തഘട്ടം. ഈ പ്രതിഭാസം വഴിയാണ് വെള്ളം ഹൈഡ്രജനും ഓക്‌സിജനുമായി രൂപാന്തരം പ്രാപിക്കുന്നത്. ഇങ്ങനെയുണ്ടാവുന്ന ഹൈഡ്രജനുപയോഗിച്ച് ഇരുചക്രവാഹനം ഓടിക്കാമെന്നാണ് വിദ്യാര്‍ഥികള്‍ അവകാശപ്പെടുന്നത്.

ഇവര്‍ കണ്ടെത്തിയ സാങ്കേതികവിദ്യയില്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് രണ്ട് മിനുട്ടിനുള്ളില്‍ ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കപ്പെടും. ഹൈഡ്രജന്‍ വാതകം പെട്ടെന്ന് തീപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക നിയന്ത്രണ സംവിധാനം ഉപയോഗിച്ച് അമിതമായുണ്ടാവുന്ന ഹൈഡ്രജന്റെ അളവ് കുറച്ചു അപകടസാധ്യത പൂര്‍ണമായും ഒഴിവാക്കാനാകുമെന്ന് ഇവര്‍ വ്യക്തമാക്കി. ബൈക്കിന്റെ പെട്രോള്‍ ടാങ്കില്‍ 12 ലിറ്റര്‍ വെള്ളം നിറച്ചാല്‍ 600 കിലോമീറ്റര്‍ യാത്ര ചെയ്യാനാവും. കേരളത്തിലെ റോഡിന്റെ അവസ്ഥ കണക്കിലെടുത്ത് 450 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ കഴിയും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.