2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ഭീമാ കൊറിഗാവ് കേസില്‍ ജെന്നി റൊവീനയുടെ ഡല്‍ഹിയിലെ വസതിയില്‍ റെയ്ഡ്; പുസ്തകങ്ങളും ഫോണും ലാപ്‌ടോപും പൊലിസ് എടുത്ത് കൊണ്ടുപേയി

 

ന്യൂഡല്‍ഹി: മനുഷ്യാവകാശ, സാമൂഹിക, ദലിത് പ്രവര്‍ത്തകരും എഴുത്തുകാരും പ്രതിചേര്‍ക്കപ്പെട്ട ഭീമാ കൊറിഗാവ് കേസുമായി ബന്ധപ്പെട്ട് മലയാളിയായ ജെന്നി റൊവീനയുടെ ഡല്‍ഹിയിലെ വസതിയില്‍ പൊലിസ് പരിശോധന. ജെന്നി റൊവീനയുടെ ഭര്‍ത്താവും ഡല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനുമായ ഹനി ബാബുവിന് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് പൊലിസ് റെയ്ഡിനെത്തിയതെങ്കിലും ജെന്നിയുടെ ലാപ്‌ടോപ് ഉള്‍പ്പെടെയുള്ളവ പൊലിസ് എടുത്തുകൊണ്ടുപോയി. പ്രമുഖ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ കോഴിക്കോട് സ്വദേശിനിയായ ജെന്നിയുടെ ഭര്‍ത്താവ് ഹനി ബാബു തൃശൂര്‍ സ്വദേശിയാണ്. ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ ഇദ്ദേഹം രാജ്യതലസ്ഥാനത്തെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും സജീവമാണ്.

 

ജെന്നി റൊവീന

ആറു മണിക്കൂറോളമാണ് പൊലിസ് ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയത്. നവീന്‍ ബാബുവിന്റെ ഫ്രം വര്‍ണ റ്റു ജാതി: പൊളിറ്റിക്കല്‍ ഇക്കണോമി ഓഫ് കാസ്റ്റ് ഇന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോര്‍മേഷന്‍, എന്‍. വേണുഗോപാലിന്റെ അണ്ടര്‍സ്റ്റാന്‍ഡിങ് മാവോയിസ്റ്റ്‌സ്: നോട്ട്‌സ് ഓഫ് എ പാര്‍ടിസിപന്റ് ഒബ്‌സര്‍വര്‍ ഫ്രം ആന്ധ്രപ്രദേശ് എന്നിവയുള്‍പ്പെടെ മൂന്നുപുസ്തകങ്ങളും ലാപ് ടോപ്, ഫോണ്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, പെന്‍ ഡ്രൈവുകള്‍ എന്നിവയുമാണ് എടുത്തുകൊണ്ടുപോയതെന്ന് ജെനി റൊവീന ഫേസ്ബുക്കില്‍ കുറിച്ചു. യാതൊരു സര്‍ച്ച് വാറണ്ടുമില്ലാതെയാണ് പൊലിസ് വന്നതെന്നും ജെനി ആരോപിച്ചു.

ജാതിവിരുദ്ധ പ്രസ്ഥാനങ്ങളില്‍ സജീവമായ ഹനി ബാബു, ഭീമാ കൊറിഗാവ് കേസുകളില്‍ നേരത്തെ അറസ്റ്റിലായ ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ ജി.എന്‍ സായിബാബയുള്‍പ്പെടെയുള്ളവരുടെ മോചനത്തിനായി രൂപീകരിച്ച സമിതിയുടെയും പ്രവര്‍ത്തകനാണ്. എന്തിന് വേണ്ടിയാണ് ഈ റെയ്‌ഡെല്ലാം എന്ന ചോദ്യത്തിന്, ഭീമാ കൊറിഗാവ് കേസില്‍ തനിക്ക് ബന്ധമുണ്ടെന്നും അതിന് തെളിവ് അന്വേഷിക്കുകയാണ് തങ്ങളെന്നുമാണ് പൊലിസ് മറുപടി നല്‍കിയതെന്നും ഹനി ബാബു പറഞ്ഞു.

ഭീമാകൊറിഗാവ് സംഘര്‍ഷത്തെത്തുടര്‍ന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ നിയമപ്രകാരം കഴിഞ്ഞവര്‍ഷം ആഗസ്ത് 28നാണ് വിപ്ലവ കവി വരവര റാവു, സുധാ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേറ എന്നിവരെ പൊലിസ് അറസ്റ്റ്‌ചെയ്തത്.

bhima-koregaon-case-pune-police-searches-premises-of-du-professor-hany-babu

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.