2018 June 11 Monday
വിഷമങ്ങള്‍ നേരിടുമ്പോള്‍ ക്ഷമയാണ് ധീരത. നിരാശയുടെ ഇരുള്‍മുറിയില്‍ തളര്‍ന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസിനെ നയിക്കുക.
ശ്രീബുദ്ധന്‍

രാജ്യത്ത് ആദ്യമായി വഴിയോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്

കോഴിക്കോട്: ഇന്ത്യയില്‍ ആദ്യമായി വഴിയോരക്കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കൊടുത്ത സംസ്ഥാനമെന്ന ബഹുമതി ഇനി കേരളത്തിന് സ്വന്തം. പദ്ധതിക്ക് തുടക്കം കുറിച്ച ആദ്യ കോര്‍പറേഷനെന്ന നിലയില്‍ കോഴിക്കോടിനും അഭിമാനിക്കാം. ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ പലയിടങ്ങളിലായി വഴിയോരക്കച്ചവടം നടത്തുന്നവര്‍ക്ക് സ്മാര്‍ട്ട് തിരിച്ചറിയില്‍ കാര്‍ഡ് വിതരണം ചെയ്ത് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. സുലൈഖ, സി.കെ സബീന, അബൂട്ടി, സി.വി അബ്ദുറഹിമാന്‍, വി ചന്ദ്രന്‍, സി പി ഹംസ, കൃഷ്ണന്‍ തുടങ്ങിയ കച്ചവടക്കാര്‍ കാര്‍ഡുകള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ എം.കെ രാഘവന്‍ എം.പി അധ്യക്ഷനായി.
കോര്‍പറേഷനില്‍ നടത്തിയ വിശദമായ സര്‍വേയുടെ അടിസ്ഥാനത്തിലാണ് കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയത്. ഉപഭോക്താവിന് തെരുവു കച്ചവടക്കാര്‍ വിപണനം നടത്തുന്ന വ്യത്യസ്തമായ ഉത്പന്നങ്ങളുടെയും കച്ചവടക്കാരന്റെയും വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭിക്കാന്‍ ‘മിഠായിത്തെരുവ് ‘എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷനും ംംം.ിൗഹാ.ൗെ്െസലൃമഹമ.ീൃഴ എന്ന വെബ്‌സൈറ്റും പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചിട്ടുണ്ട്.
സാമൂഹ്യസേവനത്തില്‍ ബിരുദാനന്തര പഠനം നടത്തുന്ന വിദ്യാര്‍ഥികളെ ഉപയോഗിച്ച് നടത്തിയ സര്‍വേയിലൂടെയാണ് വഴിയോര കച്ചവടക്കാരുടെ പട്ടിക തയാറാക്കിയത്. 2015 സെപ്റ്റംബറില്‍ ആരംഭിച്ച സര്‍വേയില്‍ 2036 തെരുവ് കച്ചവടക്കാരെ കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ മറ്റുനഗരങ്ങളിലും ഈ പദ്ധതി നടപ്പാക്കുന്നുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.