2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

അതിജീവനത്തിന്റെ ഉത്സവം

 

ബഷീര്‍ മാടാല#

മണിപ്പൂര്‍ ഇന്നും അസ്തിത്വപ്രതിസന്ധിയില്‍നിന്നു മോചനം നേടിയിട്ടില്ല. ആരാണ് അണ്ടര്‍ ഗ്രൗണ്ട്? ആരാണ് ഓവര്‍ ഗ്രൗണ്ട് എന്നു തിരിച്ചറിയാനാവാത്ത നില. ഭരണകൂടവും തീവ്രവാദ ഗ്രൂപ്പുകളും സമാന്തര ഭരണം നടത്തുന്ന രാജ്യത്തെ ഏക പ്രദേശമാണിപ്പോഴും മണിപ്പൂര്‍. ഈ അസ്തിത്വ പ്രതിസന്ധികളെ അതിജീവിക്കാന്‍ ഇവിടുത്തെ ജനസമൂഹം നിരവധി പരീക്ഷണങ്ങള്‍തന്നെ നേരിടുന്നുണ്ട്. ഇതില്‍നിന്നെല്ലാം മുക്തി നേടാന്‍ അവര്‍ വര്‍ഷത്തിലൊരിക്കല്‍ ഇംഫാല്‍ പട്ടണത്തില്‍ ഒത്തുകൂടും. ‘സാംഗായ് ‘ ഉത്സവത്തിനായി. എല്ലാ വര്‍ഷവും നവംബര്‍ 21 മുതല്‍ മുതല്‍ 30 വരെ പത്തുദിവസങ്ങളിലായി നടക്കുന്ന സാംഗായ് മഹോത്സവത്തിന് മണിപ്പൂരിന്റെ നാനാദിക്കുകളില്‍നിന്നായി ആയിരങ്ങളാണ് ഒഴുകിയെത്തുക.

സാംഗായ് അഥവാ കലമാനെ സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമായാണ് മണിപ്പൂരികള്‍ വിശ്വസിക്കുന്നത്. അനേകം വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന സംസ്‌കാരങ്ങളുടെ ഭാഗമായിട്ടുതന്നെയാണ് സാംഗായ് ഉത്സവത്തെയും മണിപ്പൂരികള്‍ കാണുന്നത്. എന്നാല്‍, വ്യത്യസ്ത ഗോത്ര, ജാതി, മതങ്ങളുടെ സംഗമഭൂമിയായ ഇവിടെ ഒരു കുടക്കീഴില്‍ തങ്ങളുടെ പരമ്പരാഗത കലാവിഷ്‌കാരങ്ങളുടെ ചെപ്പ് തുറക്കാനുള്ള വേദിയായിട്ടുകൂടിയാണ് മണിപ്പൂരികള്‍ ഈ ഉത്സവത്തെ കരുതുന്നത്.
മുന്‍വര്‍ഷങ്ങളിലെന്ന പോലെ കഴിഞ്ഞ വര്‍ഷവും സാംഗായ് ഉത്സവത്തിനായി മാസങ്ങള്‍ക്കുമുന്‍പു തന്നെ ഇംഫാല്‍ പട്ടണം അണിഞ്ഞൊരുങ്ങിയിരുന്നു. ആദ്യമായി സംസ്ഥാനത്ത് അധികാരത്തിലെത്തിയ ബി.ജെ.പി സര്‍ക്കാര്‍ സാംഗായ് ഉത്സവം ജനകീയമാക്കാനുള്ള ശ്രമം നേരത്തെ ആരംഭിച്ചിരുന്നു. ഉദ്ഘാടകനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് എത്തുമെന്ന് ഉറപ്പായതോടെ, കമനീയമായി അലങ്കരിക്കപ്പെട്ട ഇംഫാല്‍ പട്ടണം രാത്രികാലത്തും തിളങ്ങിക്കൊണ്ടിരുന്നു. എന്നാല്‍, ബന്ദുകളും ഹര്‍ത്താലുകളും കര്‍ഫ്യൂവുമൊക്കെ നിത്യസംഭവമായ മണിപ്പൂരില്‍ സാംഗായ് തുടങ്ങുന്ന ദിവസം തന്നെ വിഘടനവാദികള്‍ 48 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചു. എന്തിനും ഏതിനും അക്രമങ്ങള്‍ അഴിച്ചുവിടുന്ന വിഘടനവാദികളെ നിയന്ത്രിക്കാന്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും ഒരു മാറ്റവുമുണ്ടായില്ല എന്നു തെളിയിക്കുന്നതായി ആദ്യ സാംഗായ് ദിവസങ്ങളിലെ ബന്ദ്. രാഷ്ട്രപതി ഇംഫാല്‍ പട്ടണത്തിലെ പൊലിസ് പരേഡ് ഗ്രൗണ്ടിലെത്തി ഉദ്ഘാടന പ്രഖ്യാപനം നടത്തി തിരിച്ചുപോയി. പിന്നെയും ഒരു ദിവസം കഴിഞ്ഞാണ് സാംഗായ് ഉത്സവത്തിന് ആളുകളെത്തിയത്.

മണിപ്പൂരില്‍ വിന്യസിക്കപ്പെട്ടിരുന്ന ഇന്ത്യന്‍ പട്ടാളത്തിന്റെയും മണിപ്പൂര്‍ പൊലിസിന്റെയും കനത്ത സുരക്ഷാവലയത്തില്‍ മണിപ്പൂരിലെ മന്ത്രിമാര്‍ സാംഗായ് വേദിയില്‍ വന്നുംപോയും കൊണ്ടിരുന്നു. ആയിരക്കണക്കിനു വരുന്ന ആസ്വാദകരെ മെറ്റല്‍ ഡിറ്റക്ടറുകള്‍ വഴിയാണു കടത്തിവിട്ടുകൊണ്ടിരുന്നത്. മിക്കവാറും വര്‍ഷവും സാംഗായ് ഉത്സവം ഇങ്ങനെയൊക്കെത്തന്നെയാണു നടക്കാറുള്ളത് എന്നതുകൊണ്ട് മണിപ്പൂരികള്‍ക്ക് ഇതൊന്നും പുതുമയല്ല. മണിപ്പൂരിലേക്കെത്തുന്ന ഇതരരാജ്യക്കാര്‍ക്കോ മറ്റു സംസ്ഥാനത്തുള്ളവര്‍ക്കോ മാത്രമാണ് ഇതെല്ലാം അമ്പരപ്പിക്കുന്ന കാഴ്ചയായി അനുഭവപ്പെടുക.

ഇംഫാലിലെ പ്രസിദ്ധമായ കാംഗ്ലാ ഫോര്‍ട്ടിനു സമീപത്തുള്ള പൊലിസ് പരേഡ് ഗ്രൗണ്ടിലും പോളോ ഗ്രൗണ്ടിലുമാണ് സാംഗായ് ഉത്സവം അരങ്ങേറുക. മണിപ്പൂരിലെ ഗോത്രവിഭാഗക്കാരുടെ പരമ്പരാഗത കലകള്‍ അവതരിപ്പിക്കുന്നതോടൊപ്പം ഇവിടുത്തെ വ്യത്യസ്ത വിഭാഗക്കാരായ മൈത്തേയ്, പങ്കല്‍സ് എന്നിവരുടെ കലാവിഷ്‌കാരങ്ങളും പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ അരങ്ങേറും. ഏറ്റവും മനോഹരമായി ഒരുക്കിയ പ്രത്യേക സ്റ്റേജില്‍ മണിപ്പൂരിന്റെ തനതായ സംസ്‌കാരങ്ങള്‍ പ്രകടിപ്പിക്കുന്ന കലകളുടെ ആവിഷ്‌കാരം ഏതു രംഗകലകളെയും അമ്പരപ്പിക്കും.

മണിപ്പൂരിന്റെ സ്വന്തമായ രാസലീലയുടെ നൃത്താവിഷ്‌കാരത്തോടു കിടപിടിക്കാന്‍ കഴിയുന്ന ഒരു നൃത്തവും ഇന്ത്യയിലില്ല. ലോകപ്രശസ്തമായ രാസലീലയുടെ അവതരണത്തില്‍ ഇവിടുത്തെ കലാകാരികള്‍ കാഴ്ചവയ്ക്കുന്ന മനോഹരമായ ചുവടുകള്‍ ആസ്വാദകഹൃദയങ്ങളെ കീഴടക്കും. ഒരു മണിക്കൂറിലധികം നീണ്ടുനില്‍ക്കുന്ന ഈ നൃത്തം അതിന്റെ ചടുലതയാര്‍ന്ന ഭംഗികൊണ്ടുതന്നെ എല്ലാവരെയും ആകര്‍ഷിക്കും. ഗോത്രവര്‍ഗക്കാരായ കുക്കികളുടെ ബാംബൂ ഡാന്‍സ് സാംഗായ് ഫെസ്റ്റിവലിന്റെ മാറ്റുകൂട്ടുന്നതാണ്. ഗോത്രവര്‍ഗക്കാരായ സ്ത്രീകളും പുരുഷന്മാരും അണിനിരക്കുന്ന ബാംബൂ ഡാന്‍സിന്റെ ഓരോ ചുവടുകളിലും പതിയിരിക്കുന്ന അപകടങ്ങളെ വളരെ മനോഹരമായി മറികടക്കുന്ന കാഴ്ച അതീവ ശ്രദ്ധയോടെ കണ്ണിമവെട്ടാതെ ആരും നോക്കിനില്‍ക്കും. മൈത്തേയ് വിഭാഗക്കാരുടെ കബായ് രാഗനൃത്തങ്ങള്‍, മൈബി നൃത്തം, ലായ് ഹരോബാ നൃത്തം, മണിപ്പൂരിലെ മറ്റൊരു ഗോത്രവര്‍ഗമായ നാഗന്മാരുടെ ബാംബകോബി നൃത്തവുമൊക്കെ മനോഹരമായി സാംഗായ് വേദിയില്‍ അരങ്ങുതകര്‍ത്താടുമ്പോള്‍, പുറത്ത് മണിപ്പൂരികളുടെ കരകൗശലത്തിന്റെ വേറിട്ട കാഴ്ചകള്‍ സമ്മാനിക്കുന്ന ധാരാളം നാട്ടുകച്ചവടക്കാരുടെ കേന്ദ്രങ്ങളില്‍ തിരക്കിന്റെ പൊടിപൂരമാണു കാണാനാവുക. മണിപ്പൂരിലെ സ്ത്രീകള്‍ സ്വന്തമായി നെയ്തുകൊണ്ടുവരുന്ന വസ്ത്രങ്ങള്‍ മുതല്‍ മുളകൊണ്ടുണ്ടാക്കിയ അത്യപൂര്‍വ വസ്തുക്കള്‍വരെ വളരെ ചുരുങ്ങിയ വില നല്‍കി ആര്‍ക്കും വാങ്ങാം. ഗോത്രവര്‍ഗക്കാരുടെ കച്ചവടകേന്ദ്രങ്ങളില്‍ വ്യത്യസ്ത വര്‍ണങ്ങളിലുള്ള പരമ്പരാഗത രീതിയില്‍ നിര്‍മിച്ചെടുത്ത പ്രത്യേകതരം ഗൃഹോപകരണങ്ങള്‍വരെ വില്‍പ്പനയ്ക്കായി നിരത്തിവച്ചിട്ടുണ്ട്.

നവംബറിലെ തണുപ്പിന്റെ ദിവസങ്ങളില്‍ നടക്കുന്ന സാംഗായ് ഇവിടുത്തെ രാത്രികാലത്തെ ചൂടുള്ളതാക്കി മാറ്റുന്നു. ആയിരക്കണക്കിനാളുകള്‍ വെട്ടിത്തിളങ്ങുന്ന വിളക്കുകള്‍ക്കിടയില്‍നിന്ന് ഓരോ കാഴ്ചകളില്‍ ആഴ്ന്നിറങ്ങുമ്പോള്‍ സാംഗായ് ഫെസ്റ്റിവല്‍ നഗരി കലാപത്തിനു പേരുകേട്ട നാട്ടില്‍ തന്നെയാണോ നടക്കുന്നതെന്നു സംശയിച്ചുപോകും. സാംഗായ് വേദിയെ ധന്യമാക്കിക്കൊണ്ട് ഗോത്രവിഭാഗക്കാരുടെ നാടോടി നൃത്തങ്ങള്‍ മെയ്‌വഴക്കത്തോടെ ആടിത്തിമിര്‍ക്കുമ്പോള്‍, മറ്റൊരു സ്റ്റേജില്‍ മണിപ്പൂരി യുവാക്കളുടെ ഹരമായ റോക്ക് ഡാന്‍സിന്റെ ചുവടുകള്‍ ചേര്‍ന്നാടുമ്പോള്‍ മണിപ്പൂരിലെ അധിനിവേശത്തിന്റെ പുത്തന്‍ കാഴ്ചകളും കാണാന്‍ കഴിയും. ഹിന്ദി വിരോധം ഇന്നും നിലനില്‍ക്കുന്ന ഇവിടെ മണിപ്പൂരിയും മീതൈയും ഇംഗ്ലീഷുമൊക്കെയായി യുവാക്കളും യുവതികളും സ്റ്റേജുകളില്‍നിന്ന് സ്റ്റേജുകളിലേക്കും ചിലപ്പോള്‍ തെരുവിലേക്കും തങ്ങളുടെ സംഗീതത്തെ കൊണ്ടുപോകുന്നു.

സാംഗായ് ഫെസ്റ്റിവലിനോടനുബന്ധിച്ച് മണിപ്പൂരിലെ വിവിധ ഭക്ഷണങ്ങളും രുചിച്ചുനോക്കാം. ഇവിടുത്തെ പ്രധാന ഭക്ഷണമായ ഇറൂമ്പ എല്ലാവര്‍ക്കും ഇഷ്ടപ്പെടാനിടയില്ല. വെജിറ്റേറിയന്‍ എന്നു പറഞ്ഞാലും മണിപ്പൂരില്‍ മീന്‍ ഉണ്ടാകും. യഥേഷ്ടം മീന്‍ ലഭിക്കുന്ന സ്ഥലമായതുകൊണ്ട് മീനില്ലാതെ മണിപ്പൂരികള്‍ക്കു ഭക്ഷണമില്ല. മലയാളികളുടെ ഭക്ഷണരീതികളോടു സാമ്യമുള്ളതായതുകൊണ്ട് ചോറും കറിയും ലഭിക്കാന്‍ വിഷമമില്ല. മണിപ്പൂരിലെ ഗോത്രവര്‍ഗക്കാര്‍ വിളയിച്ചെടുക്കുന്ന ഖീര്‍ എന്ന കറുത്ത അരി (ആഹമരസ ഞശരല) കൊണ്ട് പായസവും മറ്റു മധുരപലഹാരളും ഇവര്‍ ഉണ്ടാക്കുന്നു. വ്യത്യസ്തതരം വിഭവങ്ങളുടെ നീണ്ട നിരതന്നെ സാംഗായ് ഉത്സവമൈതാനത്ത് കാണാനും രുചിച്ചറിയാനുമാകും.

സാംഗായിയോടനുബന്ധിച്ചാണ് മണിപ്പൂരില്‍ പോളോ (ജഛഘഛ) മത്സരം നടക്കുന്നത്. ഇന്ത്യയില്‍ മണിപ്പൂര്‍ മാത്രമാണിതിനു വേദയാവാറുള്ളത്. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് ഇത്തവണയും പന്ത്രണ്ട് ടീമുകള്‍ മത്സരത്തിനെത്തിയിരുന്നു. കുതിരപ്പുറത്തിരുന്ന്, കുതിരയെ നിയന്ത്രിച്ചു പന്തുകളിക്കുന്ന ‘പോളോ’ പഴയ ബ്രിട്ടീഷ് അധിനിവേശക്കാലത്തെ ഓര്‍മകളെ അടയാളപ്പെടുത്തുന്നതാണ്. ഓരോ ദിവസവും നടക്കുന്ന കളി കാണാന്‍ ഇംഫാലിലെ പോളോ ഗ്രൗണ്ടില്‍ തടിച്ചുകൂടുന്നവരില്‍ ലോകത്തെ സമ്പന്നരുമുണ്ടാകാറുണ്ട്. ലക്ഷങ്ങള്‍ സമ്മാനം ലഭിക്കുന്ന ഈ കളി രാജ്യത്ത് മറ്റൊരിടത്തും ഇല്ലാത്തതുകൊണ്ടുതന്നെ ഇതൊരു അംഗീകാരമായി മണിപ്പൂരികള്‍ കരുതുന്നു.
പൊലിസിന്റെയും പട്ടാളത്തിന്റെയും നിയന്ത്രണത്തില്‍ ജനകീയമായി നടക്കുന്ന ഈ ഉത്സവത്തിനിടയിലും ഇവിടെ ഒരു ബോംബ് പൊട്ടിയാല്‍ അതു വാര്‍ത്തയാവാറില്ല. കാരണം, ബോംബ് പൊട്ടുന്നതും വെടിവച്ചു കൊല്ലുന്നതും തട്ടിക്കൊണ്ടുപോകുന്നതുമൊക്കെ നിത്യസംഭവങ്ങളായതുകൊണ്ട് സാംഗായ് ഫെസ്റ്റിവലിലെ മെറ്റല്‍ ഡിറ്റക്ടറും കടന്ന് ഒരു ബോംബ് വീണു പൊട്ടിയാലും മണിപ്പൂരികള്‍ അതു ഗൗനിക്കാറില്ല. എന്തായാലും സാംഗായ് ഉത്സവകാലത്ത് മണിപ്പൂരികള്‍ കൈമെയ് മറന്ന് ഉത്സവത്തില്‍ മുഴുകിയിരിക്കും. ഈ ഒരു കാലം മാത്രമാണവര്‍ക്ക് ആസ്വാദനത്തിന്റേതായിട്ടുള്ളത്. 12 മണിക്കൂര്‍ മുതല്‍ ആയിരം മണിക്കൂര്‍വരെ നീണ്ടുനില്‍ക്കുന്ന ബന്ദുകളില്‍ മണിപ്പൂര്‍ നിശ്ചലമാവുമ്പോള്‍, ഭരണകൂടം വിഘടനവാദ ഗ്രൂപ്പുകള്‍ക്കുമുന്‍പില്‍ ചിലപ്പോഴെങ്കിലും മുട്ടുമടക്കുമ്പോള്‍ എല്ലാം മറന്ന് അവര്‍ ഒത്തുചേരുന്നത് സാംഗായ് ഫെസ്റ്റിവലില്‍ മാത്രമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News