2020 March 28 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

റയല്‍ മാഡ്രിഡും ബാഴ്സലോണയും ജനുവരിയില്‍ ജിദ്ദയില്‍ കളിക്കും

വെള്ളിയാഴ്ച റിയാദില്‍ നടക്കുന്ന അര്‍ജന്റീന - ബ്രസീല്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ റെക്കോര്‍ഡ് വേഗത്തില്‍ വിറ്റഴിഞ്ഞു

ജിദ്ദ: മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് ഫുട്ബോള്‍ ആരാധകരുടെ ഹൃദയം കീഴടക്കാന്‍ റയല്‍ മാഡ്രിഡും ബാഴ്സലോണയും ജനുവരിയില്‍ ജിദ്ദയില്‍ കളിക്കും. പുതിയ രൂപത്തില്‍ നടപ്പാക്കുന്ന സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ ആദ്യ മൂന്ന് എഡിഷനാണ് സഊദി അറേബ്യയില്‍ അരങ്ങേറുക. ഇതുമായി ബന്ധപ്പെട്ട് സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ സഊദിയുമായി കരാറൊപ്പിട്ടു. പതിനാറ് കോടി റിയാലിന് സഊദിയുമായി കരാറൊപ്പിട്ടതായി സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷനാണ് അറിയിച്ചത്.

ഇതുവരെ സ്പാനിഷ് ലീഗ് ചാമ്പ്യന്മാരും കോപ ഡെല്‍റേ ചാമ്പ്യന്മാരും തമ്മിലുള്ള ഒരു മത്സരമായിരുന്നു സ്പാനിഷ് സൂപ്പര്‍ കപ്പ്. ഈ സീസണ്‍ മുതല്‍ അത് നാലു ടീമുകളുടെ പോരാട്ടമാക്കി മാറ്റുകയാണ്. ആദ്യ മത്സരത്തില്‍ ബാഴ്സലോണ അത്ലറ്റിക്കോ മാഡ്രിഡിനെയും റയല്‍ മാഡ്രിഡ് രണ്ടാം മത്സരത്തില്‍ വലന്‍സിയയെയും നേരിടും. ജനുവരി എട്ടിനാണ് ബാഴ്സലോണ- അത്ലറ്റിക്കോ പോരാട്ടം. റയല്‍ അടുത്ത ദിവസം വലന്‍സിയയെ നേരിടും, വിജയികള്‍ 12 ന് ഫൈനലില്‍ ഏറ്റുമുട്ടും. ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ ആയിരിക്കും മത്സരങ്ങള്‍ നടക്കുക. സ്പാനിഷ് സൂപ്പര്‍ കപ്പ് നടത്താന്‍ അമേരിക്ക, ചൈന, ഖത്തര്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷനും ആയി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

അതേസമയം തലസ്ഥാന നഗരിയായ റിയാദില്‍ നടക്കുന്ന അര്‍ജന്റീന – ബ്രസീല്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ റെക്കോര്‍ഡ് വേഗത്തില്‍ വിറ്റഴിഞ്ഞു. വെള്ളിയാഴ്ച രാത്രി എട്ടിനാണ് മത്സരം. റിയാദിലെ കിങ് സഊദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകള്‍ കഴിഞ്ഞ ദിവസമാണ് വെബ്സൈറ്റില്‍ ലഭ്യമായത്. 25,000 സീറ്റുകളുള്ള സ്റ്റേഡിയത്തിലേക്ക് ഇനി അവശേഷിക്കുന്നത് അമ്പതില്‍ താഴെ ഫാമിലി ടിക്കറ്റുകളാണ്. 200 റിയാലിന്റെയും 1800, 2000, 5000 റിയാലിന്റെയും ടിക്കറ്റുകള്‍ റെക്കോര്‍ഡ് വേഗത്തിലാണ് വിറ്റുപോയത്. വൈകുന്നേരം നാലു മുതലായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാവുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.