2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

സഊദി വനിതയുടെ പേരില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിയ ഇന്ത്യക്കാരനെ കോടതി ശിക്ഷിച്ചു

നിസാര്‍ കലയത്ത്

ജിദ്ദ: സഊദി വനിതയുടെ പേരില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിയ ഇന്ത്യക്കാരനെ കോടതി ശിക്ഷിച്ചു. സഊദിയിലെ സകാക്കയിലെ അല്‍ജൗഫില്‍ ബിനാമി ബിസിനസ് സ്ഥാപനം നടത്തിയ മുഹമ്മദ് ഖാലിദ് അബ്ദുല്‍ അസീസിനെയും സഊദി പൗരന് അബ്ദുസ്സലാം ബിന്‍ മുഖ്ബുല്‍ അല്‍അദ്‌വാന്‍ എന്നിവരെയാണ് വാണിജ്യ മന്ത്രാലയത്തിന്റെ പരാതിയില്‍ സകാക്ക കോടതി ശിക്ഷിച്ചത്. ഇരുവര്‍ക്കും പിഴയും ചുമത്തി അതേ സമയം ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യക്കാരനെ നാടുകടത്താനും പുതിയ തൊഴില്‍ വിസയില്‍ വീണ്ടും സഊദിയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുന്നതിനും കോടതി നിര്‍ദേശിച്ചു.

അല്‍ജൗഫില്‍ പ്രവര്‍ത്തിക്കുന്ന ഇവരുടെ ബാര്‍ബര്‍ ഷോപ്പ് ബിനാമി സ്ഥാപനമാണെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് ഇരുവരെയും ചോദ്യം ചെയ്തു. സഊദി പൗരന്റെ ഭാര്യയുടെ പേരിലാണ് ബാര്‍ബര്‍ ഷോപ്പിന് ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും ലഭിച്ചിരുന്നത്. തുടര്‍ന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. ഇവരുടെ സ്ഥാപനം അടച്ചുപൂട്ടുന്നതിനും നിയമലംഘകരുടെ പേരുവിവരങ്ങളും നിയമലംഘനങ്ങളും ശിക്ഷയും കുറ്റക്കാരുടെ സ്വന്തം ചെലവില്‍ പ്രാദേശിക പത്രത്തില്‍ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു. അതേ സമയം ബിനാമി ബിസിനസ് കേസ് പ്രതികള്‍ക്ക് പത്തു ലക്ഷം റിയാല്‍ വരെ പിഴയും രണ്ടു വര്‍ഷം വരെ തടവു ശിക്ഷയുമാണ് നിയമം അനുശാസിക്കുന്നത്. ബിനാമി സ്ഥാപനങ്ങള്‍ നടത്തുന്ന വിദേശികള്‍ക്കും അവര്‍ക്ക് ഒത്താശ ചെയ്യുന്ന സ്വദേശികള്‍ക്കും ഒരുപോലെ ശിക്ഷ ലഭിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.