2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ബാപ്പൂട്ടിയുടെ കൃഷിപാഠം

തയാറാക്കിയത്: ഗീതുതമ്പി

വിഷമുക്തമായ പച്ചക്കറി വീട്ടിലുണ്ടാക്കിക്കഴിച്ചൂടേ എന്ന ഉപദേശം കേട്ടു മടുത്തവര്‍ക്കിതാ പുതിയൊരു കൃഷിപാഠം. ഉപദേശത്തിനു പകരം നിങ്ങള്‍ക്കു സൗജന്യമായി വിത്തുകള്‍ തരാന്‍ നമ്മുടെ നാട്ടില്‍ തന്നെ ഒരാളുണ്ട്. മലപ്പുറം സ്വദേശി പി.കെ.ബാപ്പൂട്ടി. ഫേസ്ബുക്ക് കൂട്ടായ്മകള്‍ വഴി ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കു സൗജന്യമായി വിത്തുകള്‍ വിതരണം ചെയ്ത് അവരെക്കൊണ്ട് കൃഷി ചെയ്യിക്കലാണ് ഇദ്ദേഹത്തിന്റെ ദൗത്യം. കൃഷിചെയ്യാന്‍ സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് തുച്ഛവിലയില്‍ ഗ്രോബാഗുകളും നല്‍കുന്നുണ്ടു ബാപ്പൂട്ടി.
മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പ് സ്വദേശിയായ ബാപ്പൂട്ടി ഇങ്ങനെയൊരു ദൗത്യമേറ്റെടുത്തു നടത്താനാരംഭിച്ചിട്ട് രണ്ടുവര്‍ഷം പൂര്‍ത്തിയായി. ലോകത്തെവിടെയുമുള്ള ആളായിക്കോട്ടെ, വിത്തയക്കാനായി സ്റ്റാമ്പൊട്ടിച്ച കവര്‍ അയച്ചാല്‍ പിറ്റേദിവസം തന്നെ നിങ്ങള്‍ക്കാവശ്യമുള്ള വിത്തുകളുമായി ആ കവര്‍ നിങ്ങളെത്തേടി യാത്ര തുടങ്ങിയിരിക്കും. ഒരു മാസം മിനിമം 400 പേര്‍ക്കെങ്കിലും ഇദ്ദേഹം വിത്തുകള്‍ അയച്ചുകൊടുക്കുന്നുണ്ട്. സ്വന്തമായി വികസിപ്പിച്ചെടുക്കുന്നതും പലരില്‍ നിന്നും ശേഖരിക്കുന്നതുമായ വിത്തുകളാണ് ഇങ്ങനെ അയച്ചുകൊടുക്കുന്നത്. അതിനായി വലിയ ചെലവുണ്ടെങ്കിലും ആരില്‍ നിന്നു വിത്തിനു പണം വാങ്ങില്ല.
ബാപ്പൂട്ടിയുടെ വീട്ടുമുറ്റത്തും വലിയൊരു തോട്ടമുണ്ട്. വിശാലമായ മുറ്റത്ത് നീളത്തില്‍ കെട്ടിയ മഴമറയാണ്. മഴമറയ്ക്കുള്ളില്‍ കോളിഫ്‌ളവര്‍ നിത്യവഴുതന, ചതുരപ്പയര്‍, ചുവന്ന വെണ്ട, തക്കാളി, വിവിധ തരം പയറുകള്‍, വിവിധ തരം ചീരകള്‍, പാവല്‍, കോവല്‍ തുടങ്ങി പലതരം പച്ചക്കറികള്‍. പുറത്ത് ജെര്‍ജില്‍ മുതല്‍ കാസ് വരെ. പേര, മുരിങ്ങ, സ്‌ട്രോബറി, റമ്പൂട്ടാന്‍ തുടങ്ങി വിവിധയിനം ഫലവൃക്ഷങ്ങള്‍, കുറ്റിച്ചെടിയായി വളരുന്ന കുരുമുളക്, വിവിധയിനം തെങ്ങുകള്‍, കമുകുകള്‍, അസോള, പിന്നെ എല്ലാവര്‍ക്കും കൂട്ടായി ഒരു വെച്ചൂര്‍ പശുവും. ഒരേക്കറോളം സ്ഥലത്ത് ലാഭകരമായി നെല്‍കൃഷിയും നടത്തുന്നുണ്ട് ഇദ്ദേഹം. സ്വന്തമായി തയാറാക്കുന്ന ജൈവവള-കീടനാശിനികളാണു പച്ചക്കറികളിലും ഫലവൃക്ഷങ്ങളിലും ഉപയോഗിക്കുന്നത്. എല്ലാത്തിനും കൂട്ടായി ഭാര്യ മൈമുനക്കൊപ്പം ഫസ്‌ന, നഹാന, ഫാത്തിമ ഫൈമി എന്നീ മൂന്നു പെണ്‍മക്കളും പേരക്കുട്ടികളായ അയിഷയും രഹനുമുണ്ട്
ബാപ്പൂട്ടിക്കയുടെ വീടിനോട് ചേര്‍ന്നു തന്നെ മറ്റൊരു കൊച്ചു വീടുകൂടിയുണ്ട്. പച്ചപുതച്ച ചെറിയൊരു വീട്. അതാണ് ഹോപ്പിന്റെ ആസ്ഥാനമന്ദിരം. ഹോപ് എന്നാല്‍ പ്രതീക്ഷ. ഒരുപാടാളുകളുടെ പ്രതീക്ഷ. ഭാര്യയുടെ കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് ആര്‍.സി.സി യില്‍ താമസിച്ചിരുന്ന സമയത്താണ് 2012 ഏപ്രിലില്‍ ഗുജറാത്ത് മോര്‍ബിയില്‍ നിന്ന് സുഹൃത്തിന്റെ ഒരു ഫോണ്‍ കോള്‍ ബാപ്പൂട്ടിക്കു വരുന്നത്. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കാന്‍സര്‍ ആയിരുന്നു. പക്ഷേ കണ്ടുപിടിക്കാന്‍ വൈകി. മരണവാര്‍ത്തയറിയിച്ചു കൊണ്ടുള്ളതായിരുന്നു ആ ഫോണ്‍കോള്‍. അവിടെയാണു ഹോപ്പിന്റെ തുടക്കം.
‘കുറച്ചു മാസങ്ങള്‍ക്കു ശേഷം ഞങ്ങള്‍ രണ്ടു പേരും മുന്‍കൈയെടുത്തു മറ്റു ചില കൂട്ടുകാരും ചേര്‍ന്നു കാന്‍സറിനെതിരേ കഴിയുന്ന രീതിയില്‍ പ്രതികരിക്കുവാന്‍ തീരുമാനിച്ചു മുന്നോട്ടുനീങ്ങി. ആദ്യമായി 32 പേര്‍ ചേര്‍ന്ന് ഒരു കൂട്ടായ്മ രൂപം കൊണ്ടത് 2014 മെയ് ഏഴിന് നോര്‍ത്ത് ഇന്ത്യയിലാണ്’.
ഈ കൂട്ടായ്മയിലെ ഏക മലയാളി ബാപ്പൂട്ടിക്ക മാത്രമാണ്. ഒരു വര്‍ഷം തികയുന്ന 2015 മെയ് ഏഴിന് ഈ കൃഷി സുഹൃത്തുക്കള്‍ രാജസ്ഥാനില്‍ ഒത്തുകൂടി. അന്ന് സംഘടനയ്ക്ക് ഒരു പേരുമിട്ടു. ഹോപ്. വിഷരഹിത ജൈവകൃഷി പ്രോത്സാഹിപ്പിക്കാനായി വിത്തുകള്‍, ഗ്രോ ബാഗുകള്‍ തുടങ്ങി പലവിധ സഹായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും പുറമെ കേരളത്തിലെ ഒരു പാവപ്പെട്ട കര്‍ഷക കുടുംബത്തിന് 10000 രൂപയും ട്രോഫിയും നല്‍കുന്നു. ബാപ്പൂട്ടിക്കയില്‍ നിന്നു പച്ചക്കറി വിത്തുകള്‍ ആവശ്യമുള്ളവര്‍ക്ക് കൃഷി, കൃഷിഭൂമി, വയലും വീടും, നമ്മുടെ അടുക്കളത്തോട്ടം, ഓരോ വീട്ടിലും അടുക്കളത്തോട്ടം തുടങ്ങിയ ഫേസ്ബുക്ക് കൂട്ടായ്മകളിലൂടെ വിത്തുകളും ഗ്രോ ബാഗുകളും ലഭിക്കും. ആവശ്യക്കാര്‍ക്ക് ബാപ്പൂട്ടിക്കയെ നേരിട്ടു വിളിക്കാം. ഫോണ്‍: 9995611631

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.