2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബാങ്കുകള്‍ കൊള്ളക്കാരാവുമ്പോള്‍

പൊതുമേഖലാ ബാങ്കുകളുടെ മൂലധനം വര്‍ധിപ്പിക്കാന്‍ 2.11 ലക്ഷം കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഒഴുക്കുകയാണ് ഫിനാന്‍ഷ്യല്‍ എന്‍ജിനീയറിങ്ങിലൂടെ ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടുന്ന സൂത്രവിദ്യകളിലൂടെയാണ് ഈ തുക ശേഖരിക്കാന്‍ പോകുന്നത്. ഇതിനുവേണ്ടി സര്‍ക്കാര്‍ പുറത്തിറക്കാന്‍ പോകുന്ന ബാങ്ക് റീ കാപിറ്റലൈസേഷന്‍ ബോണ്ട് എപ്രകാരത്തിലുള്ളതാണെന്നു വ്യക്തമല്ല.

വി.ആര്‍ ഗോവിന്ദനുണ്ണി

ബാങ്ക് കൊള്ളയും എ.ടി.എം കവര്‍ച്ചയും ധനമിടപാടു സ്ഥാപനങ്ങളിലെ മോഷണവും മറ്റും നാം നിത്യേന കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്നതാണ്. അതേസമയം, ബാങ്കുകള്‍ നേരിട്ടു നമ്മുടെ നാട്ടില്‍ ദിവസംപ്രതി നടത്തിക്കൊണ്ടിരിക്കുന്ന അപഹരണത്തെപ്പറ്റി നമുക്കൊന്നും അറിഞ്ഞുകൂടാ! ബാങ്കുകളുടെ ഈ അപഹരണത്തിനു വിധേയരാവുന്നത് ഇന്നാട്ടിലെ കോടീശ്വരന്‍മാരോ കോര്‍പറേറ്റുകളോ അല്ല, ലക്ഷക്കണക്കിനു സാധാരണക്കാരാണ്. കോടീശ്വരന്‍മാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും നേരേ ഉദാരസമീപനം സ്വീകരിക്കുന്ന ബാങ്കുകളും സര്‍ക്കാരും കൈയിട്ടുവാരുന്നത് പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിലാണ്. ഈ ‘പിന്‍വാതില്‍ തട്ടിപ്പി’നെപ്പറ്റി നമ്മള്‍ മനസ്സിലാക്കേണ്ടതും പ്രതികരിക്കേണ്ടതുമുണ്ട്.

 

ഇനി ചില പത്രവാര്‍ത്തകള്‍ ഉദ്ധരിക്കാം.

ആലപ്പുഴ: കയര്‍തൊഴിലാളി ക്ഷേമ പെന്‍ഷനായി സര്‍ക്കാര്‍ ഹമീദാബീവിക്കു നല്‍കിയത് 3300 രൂപ. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പിഴയായി 3050 രൂപയും ബാങ്ക് പിടിച്ചെടുത്തു.
ആലത്തൂര്‍: പൊതുമേഖലാ ബാങ്കില്‍ 248.10 രൂപയുള്ള അക്കൗണ്ട് അവസാനിപ്പിക്കാന്‍ വീട്ടമ്മക്ക് അടക്കേണ്ടി വന്നത് 252 രൂപ. പെരുങ്കുളം സൗത്ത് വില്ലേജ് കൊറോട്ടുകുടി അല്ലി തങ്കച്ചനാണ് ഈ ദുരനുഭവം. 2013 മാര്‍ച്ചിലാണ് ആലത്തൂര്‍ ശാഖയില്‍ അക്കൗണ്ട് തുറന്നത്. പാചകവാതക സബ്‌സിഡി കിട്ടാനും ഈ അക്കൗണ്ടാണ് കൊടുത്തത്.
വന്‍കിട ബാങ്കുകള്‍ ഇങ്ങനെ പാവപ്പെട്ട ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത് ഇരു ചെവിയറിയാതെയാണ്, ഇടപാടുകാരനെ അറിയിക്കാതെയാണ്. ഹമീദയും അല്ലിയും മാത്രമല്ല ഈ കൊള്ളയുടെ ഇരകള്‍, ബാങ്ക് അക്കൗണ്ടുള്ള ഓരോരുത്തരുമാണ്.

വന്‍കിട ബാങ്കുകള്‍ നമ്മെ കൊള്ളയടിക്കാന്‍ അവലംബിച്ച ചില വഴികളിതാ:

1. 25,000 രൂപയ്ക്കു മുകളിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് 150 രൂപ നികുതി.
2. മറ്റു ബാങ്കുകളുടെ എ.ടി.എമ്മില്‍നിന്ന് ഒരു മാസം മൂന്നു മുതല്‍ അഞ്ചുതവണ വരെ പണം പിന്‍വലിക്കുന്നവര്‍ 20 രൂപ അധികം നല്‍കണം.
3. ഫോട്ടോ, ഒപ്പ്, ബാലന്‍സ് തുടങ്ങിയവ തിട്ടപ്പെടുത്താന്‍ 150 രൂപ.
4. ഒരു മാസം മൂന്നുതവണയില്‍ കൂടുതല്‍ പണം പിന്‍വലിക്കുന്നതിന് തുകയ്ക്കനുസരിച്ച് 50 മുതല്‍ 150 രൂപ വരെ പിടിച്ചെടുക്കും.
5. സേവിങ്‌സ് അക്കൗണ്ടിലെ ചെക്ക്ബുക്കില്‍ ആറുമാസത്തേക്ക് 25 താളുകള്‍ മാത്രം. പുതിയ ഓരോ ചെക്ക് പുസ്തകത്തിനും 75 രൂപ അധികം നല്‍കണം.
6. 25,000 രൂപ ബാലന്‍സ് മൂന്നുമാസത്തില്‍ നിലനിര്‍ത്തിയില്ലെങ്കില്‍ ബാങ്ക് അയക്കുന്ന ഓരോ എസ്.എം.എസിനും 15 രൂപ.
7. നഗരങ്ങളുടെ പ്രദേശത്തിന്റെ നിലവാരമനുസരിച്ച് ഓരോ അക്കൗണ്ടിലും മിനിമം തുക ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ സേവിങ്‌സ് അക്കൗണ്ടുകാര്‍ നൂറു രൂപയും നികുതിയും ഒടുക്കണം.
8. മെട്രോ നഗരങ്ങളിലെ എസ്.ബി.ഐ എ.ടിഎമ്മുകളില്‍നിന്നു മാസം മൂന്നു തവണ മാത്രം പണം പിന്‍വലിക്കാം. കൂടുതലായാല്‍ ഓരോ ഇടപാടിനും 10 രൂപ.
9. ചെറിയ ലോക്കറുകള്‍ക്ക് പുതിയ ചാര്‍ജ് 1500 രൂപയും നികുതിയും വലിയവക്ക് 9000 രൂപയും നികുതിയും.

ആനുകൂല്യങ്ങള്‍ നേരിട്ടു ലഭിക്കാനാണു കേന്ദ്രസര്‍ക്കാര്‍ തീരുമാനപ്രകാരം ‘ഡയരക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ സ്‌കീം’ (ഡി.ബി.ടി) നടപ്പാക്കിയത്. ആനുകൂല്യങ്ങള്‍ ബാങ്ക് അക്കൗണ്ടിലൂടെ നല്‍കുകയാണ് ഈ രീതി. മിനിമം ബാലന്‍സില്ലാത്തതിനു പിഴ ഈടാക്കുന്നതോടെ ഇതിന്റെ പ്രസക്തി നഷ്ടമായി. ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരെയും ചെറിയ തുക സ്‌കോളര്‍ഷിപ്പ് വാങ്ങുന്നവരെയും ഇതു ബാധിച്ചു തുടങ്ങിയിട്ടുണ്ട്.

എസ്.ബി അക്കൗണ്ടില്‍ മിനിമം തുക സൂക്ഷിക്കാത്തതിന്റെ പേരില്‍ രാജ്യത്തെ പൊതുമേഖലാബാങ്കുകള്‍ 2017 ഏപ്രിലിനും നവംബറിനുമിടയില്‍ ഈടാക്കിയത് 2330 കോടി രൂപ. ഇതില്‍ 1771 കോടിയും ഈടാക്കിയത് എസ്.ബി.ഐ.
നാലു ലക്ഷം കോടി രൂപയാണ് ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം. ഇതില്‍ 2015-2016 സാമ്പത്തികവര്‍ഷത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത് 8033 കോടി രൂപ.

ഇതു വന്‍സ്രാവുകള്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന സൗജന്യമാണ്. പാവപ്പെട്ടവര്‍ക്ക് ഇതിനര്‍ഹതയില്ല. രണ്ടുലക്ഷം രൂപ വായ്പ വാങ്ങിച്ചതിന്റെ തിരിച്ചടവു മുടങ്ങിയാല്‍ സാധാരണക്കാരനു ജപ്തി നോട്ടീസ് വരും. ടാറ്റയും ബിര്‍ളയും റിലയന്‍സും അദാനിയും മറ്റും എന്തുചെയ്താലും കുഴപ്പമില്ല. പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരുന്നവരായിരിക്കുന്നു നമ്മുടെ ബാങ്കുകള്‍.
എ.ടി.എം ഇടപാടുകള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു ബാങ്കുകള്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചിരിക്കുകയാണ്. അക്കൗണ്ടില്ലാത്ത ബാങ്കിന്റെ എ.ടി.എം ഉപയോഗിച്ചാല്‍ അധികചാര്‍ജ് ഈടാക്കാനും തീരുമാനമുണ്ട്. നാണയത്തിന്റെ ഒരു വശം മാത്രമാണിത്. മറ്റൊരു വശം ഇങ്ങനെ: മൂന്നുനാലു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും എ.ടി.എമ്മുകളും അപ്രസക്തമാകുമെന്നു നീതി ആയോഗ് സി.ഇ.ഒ അമിതാഭ്കാന്ത്. കാര്‍ഡുകളുടെയും എ.ടി.എമ്മിന്റെയും സ്ഥാനം മൊബൈല്‍ഫോണ്‍ കൈയടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ജനസംഖ്യയുടെ 72 ശതമാനം ആളുകളും 32 വയസില്‍ താഴെയുള്ളവരാണെന്നും അവര്‍ കംപ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ കഴിവുറ്റവരാണെന്നുമുള്ള ധാരണയിലാണ് ഈ നയം. ജനസംഖ്യയില്‍ 28 ശതമാനം 32 വയസിനും മീതെയുള്ളവരാണെന്ന കാര്യം വിസ്മരിച്ചിരിക്കുകയാണ്. 72 ശതമാനത്തില്‍ എത്രപേര്‍ക്ക് ആധുനികസാങ്കേതികവിദ്യയില്‍ പരിജ്ഞാനമുണ്ടെന്നതും കണക്കിലെടുത്തിട്ടില്ല.

100 കോടി മൊബൈല്‍ കണക്ഷന്‍ ഇന്ത്യയിലുണ്ടെന്നാണു കണക്ക്. ഭൂരിഭാഗം ഉപഭോക്താക്കളും വ്യക്തികള്‍ തമ്മില്‍ വിവരക്കൈമാറ്റത്തിനു മാത്രമാണ് ഫോണ്‍ ഉപയോഗിക്കുന്നത്. അമേരിക്കയെപ്പോലുള്ള വികസിതരാജ്യത്ത് ഇന്നും 26 ശതമാനവും പേപ്പര്‍ കറന്‍സി മുഖേനയുള്ള പരമ്പരാഗതരീതിയെയാണ് ആശ്രയിക്കുന്നത്. സാങ്കേതികവിദ്യയില്‍ മഹാഭൂരിപക്ഷവും നിരക്ഷരരായ ഇന്ത്യയുടെ കാര്യം പറയാനില്ലല്ലോ. രാജ്യത്താകെ 29 ശതമാനം സ്ത്രീകള്‍ക്കു മാത്രമാണ് ഇന്റര്‍നെറ്റ് പ്രാപ്യമെന്നാണു യുനെസ്‌കോയുടെ കണ്ടെത്തല്‍. ഗ്രാമീണ ഇന്ത്യയിലെ ഒരാളുടെ വാര്‍ഷികവരുമാനത്തിന്റെ 16 ശതമാനമാണു സ്മാര്‍ട്ട് ഫോണിന്റെ ശരാശരി വില. സാമ്പത്തിക കാരണത്തിനു പുറമെ സാമൂഹികാസമത്വങ്ങളും ഇന്റര്‍നെറ്റ് പ്രചരണത്തിനു വിലങ്ങുതടിയാണെന്നു യുനെസ്‌കോ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകള്‍ക്കും സാങ്കേതികപരിജ്ഞാനമില്ലാത്തവര്‍ക്കും ബാങ്കിങ് മേഖല അപ്രാപ്യമാകട്ടെയെന്നാണോ നമ്മുടെ സര്‍ക്കാര്‍-ബാങ്കിങ് രംഗത്തെ മേലാളര്‍ കരുതിയിരിക്കുന്നത്.

പൊതുമേഖലാ ബാങ്കുകളുടെ മൂലധനം വര്‍ധിപ്പിക്കാന്‍ 2.11 ലക്ഷം കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഒഴുക്കുകയാണ്.ഫിനാന്‍ഷ്യല്‍ എന്‍ജിനീയറിങ്ങിലൂടെ ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടുന്ന സൂത്രവിദ്യകളിലൂടെയാണ് ഈ തുക ശേഖരിക്കാന്‍ പോകുന്നത്. ഇതിനുവേണ്ടി സര്‍ക്കാര്‍ പുറത്തിറക്കാന്‍ പോകുന്ന ബാങ്ക് റീ കാപിറ്റലൈസേഷന്‍ ബോണ്ട് എപ്രകാരത്തിലുള്ളതാണെന്നു വ്യക്തമല്ല. ഇവ വിപണിയില്‍ വില്‍പ്പനസാധ്യതയുള്ളതാണോ! ഈ ബോണ്ടുകള്‍ എസ്.എല്‍.ആര്‍ (ടമൗേൃറമ്യ ഘശൂൗശറശ്യേ ഞമശേീ) യോഗ്യതയുള്ളവയാണോ!
ബാങ്കുകള്‍ നേരിട്ടു നല്‍കുകയാണോ അതോ ഓഹരിവിപണിയില്‍ വില്‍പ്പനയ്ക്കു വയ്ക്കുകയാണോ തുടങ്ങിയ കാര്യങ്ങളിലൊന്നും ഇതെഴുതുന്നതുവരെയും വ്യക്തതയില്ലാതെ തുടരുകയാണ്. പൊതുമേഖലാബാങ്കുകളുടെ കിട്ടാക്കടം കഴിഞ്ഞവര്‍ഷം 18 ശതമാനം വര്‍ധിച്ചപ്പോള്‍ സ്വകാര്യബാങ്കുകളിലേത് 40.8 ശതമാനമാണ്. ഇന്ത്യന്‍ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ 70 ശതമാനത്തിനും മുകളില്‍ പതിനഞ്ചോളം വരുന്ന പൊതുമേഖലാ ബാങ്കുകളുടേതാണ്. അതായത് എട്ടുലക്ഷം കോടിയോളം വരുന്ന മൊത്തം നിഷ്‌ക്രിയാസ്തിയില്‍ 5,84,412 കോടി രൂപ പതിനഞ്ചോളം വരുന്ന പൊതുമേഖലാ ബാങ്കുകളുടേതാണ്. ഇത്രയും ഭീമമായ തുകയില്‍ വരുന്ന നേരിയ ശതമാനവര്‍ധനപോലും രൂപ കണക്കില്‍ വന്‍തോതിലുള്ളതായിരിക്കും.

രാജ്യത്തെ 63 ശതമാനത്തിനും മുകളില്‍ ജനങ്ങള്‍ പൊതുമേഖലാ ബാങ്കുകളെയാണ് ഇടപാടുകള്‍ക്കായി ആശ്രയിക്കുന്നത്. അതിനാല്‍, പൊതുമേഖലാബാങ്കുകള്‍ സൂക്ഷ്മമായ വിലയിരുത്തലിനു വിധേയമാക്കപ്പെടേണ്ടതുണ്ട്. സ്വകാര്യമേഖലയില്‍ കാര്യങ്ങള്‍ ഭദ്രമാണെന്നല്ല. സംഭവിക്കാന്‍ പോകുന്ന മറ്റൊരു ദുരന്തം, റിക്കവറി സാധ്യതകള്‍ പരിഗണിക്കാത്ത വായ്പാനടപടി തന്നെയാകും ബാങ്കുകള്‍ തുടരുക. സ്വാര്‍ഥപ്രേരിതമായ രാഷ്ട്രീയ ഇടപെടലുകളും ഇവിടെ നിര്‍ണായകമായിരിക്കും.
അമേരിക്കയിലും യൂറോപ്പിലുമൊക്കെ ‘ബെയ്ല്‍ ഇന്‍’ വഴി സാധാരണനിക്ഷേപകരുടെ കഞ്ഞിച്ചട്ടിയില്‍ കൈയിട്ടു വാരാറില്ല. അവിടെ മരവിപ്പിച്ചത് കൂറ്റന്‍സ്രാവുകളുടെ വന്‍നിക്ഷേപങ്ങളെയാണ്. ഇവിടെ മറിച്ചാണു കാര്യങ്ങള്‍. അതിനാല്‍ ഈ ‘മഹാഭാരതത്തില്‍’ കോരനു കഞ്ഞിയെന്നും കുമ്പിളില്‍ത്തന്നെയായിരിക്കും.
ആധാറിലൂടെ സര്‍ക്കാര്‍ ഇതുവരെ ശേഖരിച്ച 100 കോടിയോളം പേരുടെ സ്വകാര്യവിഷയങ്ങള്‍ വെറും 500 രൂപ നല്‍കിയാല്‍ 10 മിനിറ്റിനുള്ളില്‍ ചോര്‍ത്തിക്കിട്ടുമെന്നു വെളിപ്പെട്ടിരിക്കുന്നു. 300 രൂപ അധികം നല്‍കിയാല്‍ ആധാര്‍ കാര്‍ഡ് രൂപത്തില്‍ പ്രിന്റ് ചെയ്യാവുന്ന സോഫ്റ്റ് വെയറും ലഭ്യമാണ്. ജനുവരി ആദ്യവാരത്തില്‍ ട്രൈബ്യൂണ്‍ പത്രത്തിലാണ് ഈ വാര്‍ത്ത വന്നത്. പിന്നീട് മറ്റു പത്രങ്ങളിലും ചാനലുകളിലും വാര്‍ത്തവന്നു.

ആധാറിന്റെ ചുമതലയുള്ള അതോറിറ്റി (യു.ഐഡി.എ.ഐ) യുടെ ഇതുസംബന്ധിച്ച ആദ്യ പ്രഖ്യാപനം കൂടുതല്‍ ആശങ്കയോടെയാണ് നമ്മള്‍ വീക്ഷിക്കേണ്ടത്. സുരക്ഷ കൂടുമെന്നു മാത്രമായിരുന്നു ഇത്. ഇതിനര്‍ഥം ഇതുവരെ ശേഖരിച്ച 100 കോടി പേരുടെ സ്വകാര്യ വിഷയങ്ങള്‍ ഒട്ടും സുരക്ഷിതമല്ലാതായിരുന്നു എന്നാണല്ലോ.
സുരക്ഷ വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ മറ്റൊരു വാര്‍ത്തയുമെത്തി. യു.ഐ.ഡി.എ.ഐ യുടെ ഔദ്യോഗിക വെബ്‌സൈറ്റ് (ുീൃമേഹ ശിറശമ ഴീ്‌.േശി) മരവിപ്പിച്ചുവെന്നായിരുന്നു വാര്‍ത്ത. ഇതു സ്ഥിതി കൂടുതല്‍ വഷളാക്കുമെന്ന സൂചന നല്‍കുന്നു. ആധാര്‍ എന്റോള്‍മെന്റിനും രജിസ്‌ട്രേഷനും തടസമില്ലെന്ന് അധികൃതര്‍ അറിയിക്കുന്നുണ്ടെങ്കിലും ഇതുവരെ ശേഖരിച്ച 100 കോടിയുടെ വിവരങ്ങള്‍ സൈബര്‍ തട്ടിപ്പിനും അനുബന്ധക്രമക്കേടുകള്‍ക്കും കാരണമായേക്കുമെന്നതിന് അധികൃതരുടെ ഭാഗത്തുനിന്നു കൃത്യമായ ഒരു മറുപടിയും ലഭിച്ചിട്ടില്ല.

ജനങ്ങളുടെ അടിസ്ഥാനവിവരങ്ങള്‍ കൈക്കലാക്കാന്‍ ഇന്ത്യയിലെ കമ്പനികള്‍ക്കു മാത്രമല്ല രാജ്യാന്തര സ്ഥാപനങ്ങള്‍ക്കും താല്‍പര്യമുണ്ടെന്നറിയുക. ആധാര്‍ കാര്‍ഡ് പ്രിന്റ് ചെയ്യുന്നതിനുള്ള സോഫ്റ്റ് വെയര്‍ പോലും ലഭ്യമായത് ഭയം ഇരട്ടിപ്പിക്കുന്നു. മൊബൈല്‍ കണക്ഷന്‍, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയെല്ലാം ആധാറുമായി ബന്ധിപ്പിക്കാനുള്ള നടപടികള്‍ക്കിടെയാണ് ചോര്‍ച്ചയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത് എന്നത് എത്രമാത്രം ഭീതിജനകമാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.