2018 December 14 Friday
ശരീരത്തിനെ ആരോഗ്യപൂര്‍ണമായി സൂക്ഷിക്കുക എന്നത് കടമയാണ്. അല്ലെങ്കില്‍ മനസിനെ ശക്തമായും ശുദ്ധമായും സൂക്ഷിക്കാനാകില്ല

ബാനി ഹസ്രത്ത്: ആധുനിക ഇന്ത്യയുടെ ജ്ഞാനഗോപുരം

 സ്മരണ

പി.കെ.എം. ബാഖവി ചെമ്പ്രശ്ശേരി 9847 225 628

തെന്നിന്ത്യയിലെ ഇല്‍മിന്റെ പ്രകാശ ഗോപുരം ശൈഖ് അബ്ദുല്‍ വഹാബുല്‍ ഖാദിരി(റ) എന്ന ബാനി ഹസ്രത്ത് (ഹി: 1247 1337 ) റബീഉല്‍ ആഖര്‍ 22നാണ് വഫാത്തായത്. തന്റെ ആത്മീയ ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജീലാനി (റ) വഫാത്തായ മാസമാണത്.

 

വളരെ ചെറുപ്പത്തില്‍ പിതാവ് മരണപ്പെട്ട ബാനിഹസ്രത്തിന്റെ മാതാവ് ഫാത്തിമ ബീവി, ഖുത്തുബെ വേലൂര് സയ്യിദ് ഷാഹ് മുഹ്‌യുദ്ദീന്‍(റ) എന്ന ശൈഖിന്റെ മുരീദത്തായിരുന്നു. കുട്ടിയെ ഇല്‍മ് പഠിപ്പിക്കണമെന്നും സമൂഹത്തില്‍ ഇല്‍മ് കൊണ്ട് പ്രസിദ്ധനാകുമെന്നും ശൈഖ് അവര്‍കള്‍ മാതാവിനോട് പ്രവചിച്ച പ്രകാരം മകന് ഇല്‍മ് നല്‍കുന്നതില്‍ മാതാവ് ശ്രദ്ധചെലുത്തി. പക്ഷേ, കുട്ടിയുടെ 11ാം വയസ്സില്‍ മാതാവ് വഫാത്തായി. സംരക്ഷണത്തിന് ആരുമില്ലാത്ത ബാനി ഹസ്രത്ത് ഇല്‍മിന്റെ വഴിയില്‍ നിന്ന് പിന്‍മാറിയില്ല. അല്ലാഹു മഹാനവര്‍കള്‍ക്ക് വിജ്ഞാനത്തിന്റെ വഴി തുറന്നുകൊടുത്തു.
അക്കാലഘട്ടത്തില്‍ അറിയപ്പെട്ടിരുന്ന പല പണ്ഡിതരില്‍ നിന്നും ശിഷ്യത്വം സ്വീകരിച്ചു. നഫാഇസുല്‍ ഉര്‍തുളിയ്യഃ യുടെ രചയിതാവ് ഖാസി മുഹമ്മദ് ഇര്‍തളാ അലീഖാന്‍ (റ) തന്റെ ഗുരുക്കളില്‍പ്പെട്ട വ്യക്തിയാണ്. അവസാനം മക്കയില്‍ പോയി മഹാനായ റഹ്മത്തുല്ലാഹില്‍ കീറാനവി (റ)യെ സമീപിച്ചു. അവിടെത്തെ പഠനത്തിന് ശേഷം മക്കയില്‍ നിന്ന് ധാരാളം പുണ്യസ്ഥലങ്ങളിലേക്ക് ബാനി(റ) യാത്രകള്‍ നടത്തി വെല്ലൂരില്‍ തിരിച്ചെത്തി.

ഹിജ്‌റ 1274ല്‍ യുവാക്കളും വൃദ്ധരും കുട്ടികളും അടങ്ങുന്ന ഒരു ജനസമൂഹത്തെ വിളിച്ചുകൂട്ടി സ്വന്തം വീട്ടില്‍ ദര്‍സ് ആരംഭിച്ചു. തനിക്ക് പല മഹാന്മാരില്‍ നിന്നും കൈമാറിക്കിട്ടിയ പരിശുദ്ധ ദീനിന്റെ ജ്ഞാനം പകര്‍ന്ന് നല്‍കി ആ ദര്‍സ് 12 വര്‍ഷം തുടര്‍ന്നു. ജന ബാഹുല്യം കാരണം പള്ളിച്ചെരുവിലേക്ക് ദര്‍സ് മാറ്റേണ്ടി വന്നു. അവിടെ നിന്നാണ് ‘ബാഖിയ്യാത്ത് ‘ എന്ന ജ്ഞാന വൃക്ഷം പടര്‍ന്ന് പന്തലിക്കാന്‍ തുടങ്ങിയത്. ഇന്ത്യയാകമാനം പരിശുദ്ധ അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ നിലനിര്‍ത്തിയതില്‍ മഹാനവര്‍കളുടെ പങ്ക് ചെറുതല്ല.
കേരളത്തില്‍ തലയെടുപ്പുള്ള ധാരാളം പണ്ഡിതരുടെ ഇല്‍മിന്റെ ഉറവിടം ബാനി ഹസ്രത്തിലേക്കാണ് മടങ്ങുന്നത്. കേരളത്തിലെ ആദ്യത്തെ ബാഖവി മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദാജി (ഖു.സി) യാണ്. മദ്‌റസ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനും, മൗലാനാ ഖുതുബി, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവരുടെ ഉസ്താദുമായ ചാലിലകത്തിന്റെ വഫാത്ത് നടന്നതും ബാനി (റ) യുടെ വഫാത്തിന്റെ തൊട്ടുപിറകെ അതെ വര്‍ഷത്തിലാണ്.

ഇന്ത്യന്‍ മണ്ണില്‍ ജനിച്ചുവളര്‍ന്ന മുസ്‌ലിം നേതാക്കളുടെ ചരിത്രം പകര്‍ത്തിയ ‘നുസ്വ്ഹത്തു ഖവാഥിറി ‘ ന്റെ കര്‍ത്താവായ മൗലാന സയ്യിദ് അബ്ദുല്‍ ഹയ്യില്‍ ഹസന്‍ തന്റെ ഗ്രന്ഥത്തില്‍ ‘ഇന്ത്യയിലെ ഉന്നത ശൈഖുമാരിലൊരാള്‍’ എന്ന് പരിചയപ്പെടുത്തിയ ബാനി ഹസ്രത്ത് ശാഹ് അബ്ദുല്‍ വഹാബ്(റ)ന്റെ പേരില്‍ ഇന്ന് കോഴിക്കോട് വച്ച് ബാഖവി മജ്‌ലിസുല്‍ ഉലമായുടെ കീഴില്‍ പ്രാര്‍ഥനാ മജ്‌ലിസ് നടക്കുകയാണ്. അഹ്‌ലസുന്നത്തി വല്‍ ജമാഅത്തിന്റെ പ്രചാരകരാകാന്‍ ബാനി ഹസ്രത്ത് ഉയര്‍ത്തിപ്പിടിച്ച ആശയസ്രോതസുകളുമായി നമുക്ക് മുന്നേറാം. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.