2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഷാക്കിബ് സൂപ്പറാ…

ബംഗ്ലാദേശിന് ഏഴു വിക്കറ്റ് വിജയം

 

ഷാക്കിബിന് സെഞ്ചുറി, 124* റണ്‍സും
രണ്ട് വിക്കറ്റും, മാന്‍ ഓഫ് ദ മാച്ച്
ലിന്റന്‍ദാസ് 94*

ടോണ്ടന്‍: എത്ര അഭിനന്ദിച്ചാലും മതിയാകില്ല ഈ ബംഗ്ലാ പോരാളിയെ. കിടുവകളല്ല കടുവകളാണ് തങ്ങളെന്ന് ഒരിക്കല്‍ കൂടി ലോകത്തിന് കാണിച്ചു കോടുക്കുകയായിരുന്നു ഈ ബംഗ്ലാ ഓള്‍റൗണ്ടര്‍. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 322 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ബംഗ്ലദോശിന് വേണ്ടി വന്നത് വെറും 41.3 ഓവര്‍. ഷാക്കിബ് മുന്നില്‍നിന്നു നയിച്ചപ്പോള്‍ മറ്റുള്ളവര്‍ അദ്ദേഹത്തിനു കൂട്ടായിനിന്നു. ഊ ലോകകപ്പിലെ തന്റെ രണ്ടാമത്തെ സെഞ്ചുറി നേടിയ ഷാക്കിബ് ഏകദിനത്തില്‍ 6000 റണ്‍സെന്ന നാഴികക്കല്ലും പിന്നിട്ടു. 16 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് ഷാക്കിബിന്റെ ഇന്നിങ്‌സ്. ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം ഇന്നിങ്‌സിലാണ് ഈ ബംഗ്ലാ കടുവ അന്‍പത് റണ്‍സ് പിന്നിടുന്നത്. 321 റണ്‍സ് നേടിയിട്ടും ബംഗ്ലദേശ് ബാറ്റ്‌സ്മാന്‍മാരെ പ്രതിരോധിക്കുന്നതില്‍ ഒരിക്കല്‍ പോലും വിജയം കണ്ടില്ല വിന്‍ഡീസ് ബൗളര്‍മാര്‍

കടലാസിലല്ല കളിക്കളത്തിലാണ് കരുത്ത് തെളിയിക്കേണ്ടത്

കടലാസിലെ കളിക്കണക്കില്‍ ബംഗ്ലാദേശിനെക്കാള്‍ ഏറെ മുന്നിലായിരുന്നു വിന്‍ഡീസ്. ഗെയ്‌ലും റസ്സലും അമ്പമ്പോ എതിര്‍ ടീമുകള്‍ പേരുകേട്ടാല്‍ തന്നെ വിറയ്ക്കും. എന്നാല്‍ കരുത്തു കാട്ടേണ്ടത് കളിക്കളത്തിലാണ് എന്ന് തെളിയ്ക്കുന്നതായിരുന്നു ബംഗ്ലാദേശിന്റെ കളി. ബംഗ്ലാദേശ് നിരയില്‍ മുഷ്ഫിഖ്വര്‍ റഹീമൊഴികെ ബാക്കിയെല്ലാവരും തിളങ്ങി. തമീം 45 (53),സൗമ്യ സര്‍ക്കാര്‍ 29 (23). ഷാക്കീബിനു കൂട്ടായി ലിന്റന്‍ ദാസ് എത്തിയതോടു കൂടി ബംഗ്ലദേശ് മത്സരം പിടിച്ചെടുത്തു. നാലാം വിക്കറ്റില്‍ 189 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും തീര്‍ത്തത്. ബാറ്റിങ് വെടിക്കെട്ടു നടത്തിയ ലിന്റന്റെ 94(69) ഇന്നിങ്‌സില്‍ എട്ടുഫോറും നാലു സിക്‌സും ഉള്‍പ്പെടുന്നു.

ഷാനോണ്‍ ഗബ്രിയേലിന്റെ
എക്‌സ്‌പെന്‍സീവ് ഓവര്‍
38ാം ഓവര്‍ എറിയാന്‍ വന്ന ഷാനോണ്‍ ലിന്റനിന്റെ ബാറ്റിങ് ചൂട് ശരിക്കും അറിഞ്ഞു. ആദ്യ മൂന്നു പന്തില്‍ സിക്‌സര്‍ പറത്തിയ ലിന്റന്‍ നാലാം പന്തില്‍ സിംഗില്‍ നേടി, അടുത്ത പന്തില്‍ ഷാക്കിബ് ഫോര്‍ നേടിയപ്പോള്‍ അവസാന പന്തില്‍ വീണ്ടും സിംഗിള്‍ ആകെ നേടിയത് 24 റണ്‍സ്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനു തുണയായത് ഹോപ് (96), എവിന്‍ ലൂയിസ് (70) , ഹെറ്റ്‌മെയര്‍ (50) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ്.

അയ്യയ്യേ നാണക്കേട്
ക്രിസ്‌ഗെയ്ല്‍- 0(13), റസ്സല്‍ -0(2)
ഈ ലോകകപ്പ് തുടങ്ങുന്നതിനു മുന്നേ ക്രിസ്‌ഗെയ്ല്‍ നടത്തിയ വീരവാദം ഇങ്ങനെയായിരുന്നു. ഏതു ലോകോത്തര ബൗളര്‍ക്കും ഞാനൊരു പേടി സ്വപ്നമാണ്. എന്നാല്‍ ഇക്കാര്യം ആരും പരസ്യമായി സമ്മതിക്കണമെന്നില്ല. എന്നാല്‍ ഉള്ളിന്റെയുള്ളില്‍ അവര്‍ക്ക് ഗെയ്‌ലെന്നാല്‍ ഭയമാണ്. ഇപ്പോള്‍ ഈ സംഭവം തിരിഞ്ഞു കൊത്തുകയാണെന്നു തോന്നും ഗെയ്‌ലിന്റെ കളി കാണുമ്പോള്‍. ആദ്യ മത്സരത്തില്‍ പാകിസ്താനോടു നേടിയ അര്‍ധസെഞ്ചുറി ഒഴിച്ചാല്‍ അമ്പേ പരാജയം. റണ്‍ കണ്ടെത്തുനന്തില്‍ പരുങ്ങുകയാണ് ഗെയ്ല്‍. മുക്കിയും മൂളിയും ഒരു റണ്‍ നേടാന്‍ ശ്രമിക്കുന്ന ഗെയ്‌ലിന്റെ നില ഏറെ പരിതാപകരം. ഇന്നലത്തെ മത്സരത്തില്‍ 13 പന്തുകള്‍ നേരിട്ടങ്കിലും ഒന്നും ചെയ്യാനായില്ല ഗെയ്‌ലിന്.
ഐ.പി.എല്ലില്‍ തകര്‍ത്തടിച്ച റസ്സലിനെയല്ല ലോകകപ്പില്‍ കാണാനായത്. തീര്‍ത്തും നിരാശാജനകം. ഫോമിന്റെ നിഴലുപോലുമില്ല റസ്സലിന്റെ കളിയില്‍.

ഷാക്കിബ് 6000 റണ്‍സ് ക്ലബില്‍

ലണ്ടന്‍: വിന്‍ഡീസിനെതിരേയുള്ള മത്സരത്തില്‍ ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ 6000 റണ്‍ ക്ലബില്‍ കയറി. തന്റെ 190ാം മത്സരത്തിലാണ് ഷാക്കിബ് നേട്ടം കരസ്ഥമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ബംഗ്ലാദേശ് താരമാണ് ഷാക്കിബ്.
മത്സരത്തില്‍ സെഞ്ചുറി നേടിയ താരം ഈ ലോകകപ്പില്‍ തന്റെ രണ്ടാമത്തെ സെഞ്ചുറിയാണ് കണ്ടെത്തിയത്. താരത്തിന്റെ ഒന്‍പതാം ഏകദിന സെഞ്ചുറി കൂടിയാണ് കൗണ്ടി ഗ്രൗണ്ടില്‍ പിറന്നത്.
തമീം ഇഖ്ബാലാണ് ഷാക്കിബിനു മുന്നേ 6000 റണ്‍ ക്ലബിലെത്തിയത്. ഈ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ആദ്യ മത്സരത്തില്‍ ഏകദിനത്തില്‍ 250 വിക്കറ്റ് നേട്ടവും അദ്ദേഹം കുറിച്ചിരുന്നു.
ബംഗ്ലദേശിനു വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ പട്ടികയിലും ഷാക്കിബ് രണ്ടാമനാണ്. 190 ഇന്നിങ്‌സുകളില്‍ നിന്നായി 254 വിക്കറ്റുകളാണ് ഷാക്കിബ് വീഴ്ത്തിയത്. 264 വിക്കറ്റുകള്‍ നേടിയ ക്യാപ്റ്റന്‍ മൊര്‍ത്താസ മാത്രമാണ് ഷാക്കിബിന് മുന്നിലുള്ളത്. ഏകദിനത്തില്‍ 250 വിക്കറ്റും 5000ത്തിനു മുകളില്‍ റണ്‍സും നേടുന്ന അഞ്ചാമത്തെ താരമായി മാറിയിരിക്കുകയാണ് ഷാക്കിബ്. പാകിസ്താന്റെ അബ്ദുല്‍ റസാഖ്, ഷാഹിദ് അഫ്രീദി, ശ്രീലങ്കയുടെ സനത് ജയസൂര്യ, ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസ് എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റു താരങ്ങള്‍ .

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.