2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

റോഡപകടം: ബംഗ്ലാദേശില്‍ വിദ്യാര്‍ഥി പ്രക്ഷോഭം അക്രമാസക്തം, ഇന്റര്‍നെറ്റ് റദ്ദാക്കി

ധാക്ക: റോഡ് സുരക്ഷയുടെ ശോചനാവസ്ഥയ്‌ക്കെതിരേ ബംഗ്ലാദേശില്‍ നടത്തുന്ന വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായി തുടരുന്നു. അതിനിടെ പൊലിസും സമരക്കാരും തമ്മില്‍ വ്യാപക സംഘര്‍ഷം ഉണ്ടായി. ഇതോടെ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു.

എട്ടാമത്തെ ദിവസമാണ് ആയിരക്കിന് വിദ്യാര്‍ഥികള്‍ തലസ്ഥാന നഗരിയായ ധാക്കയില്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ വിവിധ കോളജുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നു മെത്തിയ വിദ്യാര്‍ഥികള്‍ ധാക്കയില്‍ ട്രാഫിക്ക് നിയന്ത്രിക്കാന്‍ തുടങ്ങി. ഇതോടെ പൊലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റതായാണ് റിപ്പോര്‍ട്ട്. ഭരണകക്ഷി പാര്‍ട്ടിയായ അവാമി ലീഗിന്റെ പ്രവര്‍ത്തകരെത്തി ക്യാമറകള്‍ വലിച്ചെറിയുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് 3ജി 4ജി സേവനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൊലിസുമായുള്ള സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റുവെന്ന് ധാക്ക ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒരാഴ്ച മുന്‍പ് അമിതവേഗതയില്‍ ഓടിയ ബസിടിച്ച് ദിയ ഖാനം മിം, അബ്ദുല്‍ കരീം റാജിബ് എന്നീ കൗമാരക്കാര്‍ മരിച്ചതിനെത്തുടര്‍ന്നാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. വിദ്യാര്‍ഥികള്‍ ധാക്കയിലും മറ്റു നഗരങ്ങളിലും സംഘടിച്ചെത്തുകയും വാഹനങ്ങളുടെ ലൈസന്‍സും രജിസ്‌ട്രേഷനും പരിശോധിക്കുകയും ചെയ്യാന്‍ തുടങ്ങി.

കഴിഞ്ഞവര്‍ഷം 4,200 പേരാണ് ബംഗ്ലാദേശില്‍ റോഡപകടത്തില്‍പ്പെട്ടു മരിച്ചത്. 2016 നേക്കാളും 25 ശതമാനം അപകടംകൂടിയെന്നും സ്വകാര്യ സര്‍വ്വേയില്‍ പറയുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.