2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

നേന്ത്രപ്പഴം: കേരളത്തിന്റെ പഴം

ഷാക്കിര്‍ തോട്ടിക്കല്‍

നേന്ത്രപ്പഴത്തിനെ കേരളത്തിന്റെ പഴം എന്നു വിളിക്കുന്നതില്‍ തെറ്റില്ല. പന്ത്രണ്ടുമാസവും കേരളത്തില്‍ സുലഭമായ ഒന്നാണിത്. ഉല്‍പാദനത്തില്‍ കേരളവും തമിഴ്‌നാടും കര്‍ണാടകവുമാണ് ഇന്ത്യയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. നമുക്കു ലഭ്യമാകുന്ന പഴങ്ങളില്‍ ചക്ക കഴിഞ്ഞാല്‍ ഏറ്റവും വിലക്കുറവുള്ളതും നേന്ത്രപ്പഴമാണ്. അതുകൊണ്ടിതിന് പാവപ്പെട്ടവന്റെ പഴം എന്ന വിളിപ്പേരുമുണ്ട്. എല്ലാ വാഴപ്പഴങ്ങളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുമെങ്കിലും ഗുണത്തില്‍ മുന്‍പില്‍ നില്‍ക്കുന്നത് നേന്ത്രപ്പഴമാണ്.
നേന്ത്രപ്പഴം ഒരു സമ്പൂര്‍ണ ആഹാരമായി കണക്കാക്കപ്പെടുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശിശുക്കള്‍ക്ക് ആദ്യം കൊടുക്കുന്ന ആഹാരമാണിത്. കേരളത്തിലും കുഞ്ഞുങ്ങള്‍ക്ക് ഏത്തക്കാപ്പൊടി കുറുക്കിക്കൊടുക്കുന്ന സമ്പ്രദായം പണ്ടുമുതല്‍ക്കെ നിലവിലുണ്ട്.
സമ്പൂര്‍ണ ഭക്ഷണം (ഇീാുഹലലേ എീീറ) എന്ന നിലയിലുള്ള പ്രാധാന്യംമൂലം ഈര്‍പ്പവും സൂര്യപ്രകാശവും ലഭിക്കുന്ന ഒട്ടുമിക്ക ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഇത് കൃഷിചെയ്യുന്നുണ്ട്. അമേരിക്കന്‍ രാജ്യങ്ങളിലും ഏഷ്യയിലുമാണ് വാഴയുടെ പ്രധാന കൃഷിയുള്ളത്. കറുത്ത സുന്ദരിമാരുടെ നാടായ ജമൈക്കയിലെ മുഖ്യഭക്ഷണമാണ് വാഴപ്പഴവും വാഴപ്പഴം കൊണ്ടുളള വിവിധ വിഭവങ്ങളും ഏറ്റവും വലിയ ഔഷധിയായ വാഴയ്ക്ക് മലയാളിയുടെ ജീവിതത്തിന്റെ മുഖ്യമായ ഒരു സ്ഥാനമുണ്ട്. വാഴയില നമുക്ക് ഊണിനുള്ള വിശിഷ്ടമായ പാത്രം മുതല്‍ മരണക്കിടക്കവരെ ആകാറുണ്ട്. മലയാളിയുടേതു മാത്രമായ ഓണത്തിന്റെയും ഓണവിഭവങ്ങളുടെയും ചുക്കാന്‍ പിടിക്കുന്നത് വാഴയും നേന്ത്രപ്പഴവുമാണെന്നത് അതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

പോഷകമൂല്യങ്ങള്‍
നൂറുഗ്രാം നേന്ത്രപ്പഴത്തില്‍ 116 കലോറി ഊര്‍ജം അടങ്ങിയിരിക്കുന്നു. കാത്സ്യം, പ്രോട്ടീന്‍, കരോട്ടിന്‍ എന്നിവയും ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്. മനുഷ്യ ശരീരത്തിന്റെ ശരിയായ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഘടകങ്ങളാണ് മിനറലുകള്‍ അഥവാ ധാതുക്കള്‍. പത്തോളം ധാതുക്കള്‍ നമ്മുടെ ശരീരത്തിന് ആവശ്യമുണ്ട്. ധാതുക്കളുടെ കലവറയാണ് നല്ലപോലെ പഴുത്ത നേന്ത്രപ്പഴം.

ഔഷധ
ഗുണങ്ങള്‍

 ശിശുക്കള്‍ക്ക് ഇത് വളരെ നല്ലൊരു ഭക്ഷണപദാര്‍ഥമാണ്. നേന്ത്രപ്പഴം തൈരില്‍ ഉടച്ചു ചേര്‍ത്ത് അല്‍പം തേനും ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ ശരീരശക്തിയും പ്രതിരോധശേഷിയും വര്‍ദ്ധിക്കും.
നേന്ത്രക്കായ ഉണക്കിപ്പൊടിച്ചത് കുറുക്കിയോ കഞ്ഞിയുടെ രൂപത്തിലോ കഴിച്ചാല്‍ വയറുവേദന, അതിസാരം, ആമാശയവ്രണം, മൂത്രാശയരോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം ആശ്വാസമാകും.
ഒരു നേന്ത്രപ്പഴം തേന്‍ ചേര്‍ത്ത് ദിവസേന കഴിച്ചാല്‍ പിള്ളവാതം, മൂത്രനാളത്തിലുള്ള നീറ്റല്‍ തുടങ്ങിയവയ്ക്ക് ആശ്വാസം ലഭിക്കും.
ഒരു നേന്ത്രപ്പഴം തൊലിയോടു കൂടി അല്‍പം കുരുമുളകും ചേര്‍ത്ത് കഴിച്ചാല്‍ ചുമയ്ക്ക് ആശ്വാസം കിട്ടും.
നേന്ത്രപ്പഴം ദിവസവും ഓരോന്ന് കഴിക്കുകയാണെങ്കില്‍ വെള്ള പോക്കിന് ശമനം ലഭിക്കും.
തൊലി കറുക്കുന്നതുവരെ ചുട്ടെടുത്ത ഒരു പഴം ഉടച്ച് അല്‍പം ഏലക്കാപ്പൊടിയും കരയാമ്പുപൊടിയും ചേര്‍ത്തു കഴിച്ചാല്‍ തുടക്കത്തിലാണെങ്കില്‍, ക്ഷയരോഗത്തെ തടയാന്‍ കഴിയും.

 ചെമ്പു കുഴലിലിട്ട് ചുട്ടെടുത്ത നേന്ത്രപ്പഴം ദിവസേന ഉടച്ചു നല്‍കിയാല്‍ എത്രശോഷിച്ച കുട്ടികള്‍ക്കും ദേഹപുഷ്ടി കൈവരും.
 തീ പൊള്ളിയ ഭാഗത്ത് നല്ലവണ്ണം പാകമായ നേന്ത്രപ്പഴം ഉടച്ചു പരത്തിയിട്ടാല്‍ പൊള്ളലിനു ശമനമുണ്ടാകും. വേഗത്തില്‍ കരിയും.
സൗന്ദര്യ വര്‍ധനവിനും നേന്ത്രപ്പഴം അത്യുത്തമമാണ്. നേന്ത്രപ്പഴം പനിനീരില്‍ ചാലിച്ച് പുരട്ടിയാല്‍ മുഖത്തെ കുരുക്കള്‍, കലകള്‍ എന്നിവ നീങ്ങി മുഖം തേജസുറ്റതാവും.
നേന്ത്രപ്പഴത്തിന്റെ തൊലിയും ഔഷധഗുണമുള്ളതാണ്. തൊലി കഷായം വച്ചു കുടിച്ചാല്‍ വയറിളക്കം ശമിക്കും. ടൈഫോയ്ഡ്, അതിസാരം, കുടല്‍പുണ്ണ്, പ്രമേഹം, ക്ഷയം എന്നീ രോഗങ്ങളുടെ ചികിത്സയിലും  നേന്ത്രപ്പഴത്തിന് സ്ഥാനമുണ്ട്.
തലച്ചോറിനെ ഊര്‍ജസ്വലമാക്കാനുള്ള കഴിവ് നേന്ത്രപ്പഴത്തിനുണ്ട്. അതുകൊണ്ടുതന്നെ തളര്‍ച്ചയകറ്റാന്‍ നേന്ത്രപ്പഴം ഉത്തമമാണ്.

നേന്ത്രപ്പഴത്തില്‍ കൂടിയ അളവില്‍ പൊട്ടാസിയം അടങ്ങിയിട്ടുള്ളതുകൊണ്ട് വൃക്ക സംബന്ധമായ അസുഖമുള്ളവര്‍ നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതല്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News