2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

യതീംഖാന വിവാദം: മാധ്യമവേട്ടക്ക് പിന്നിലെന്ത്

ബക്കര്‍ പേരാമ്പ്ര

അനാഥാലയത്തിന്റെ മറവില്‍ മനുഷ്യക്കടത്തോ എന്ന ചോദ്യം ഉന്നയിച്ചാണ് ചാനലുകള്‍ ഒന്‍പതുമണി ചര്‍ച്ചകള്‍ നിരന്തരം നടത്തിയത്.
സംഘടിത സാമുദായിക ശക്തിയുടെ ബലത്തില്‍ കേരളത്തിലെ ഇസ്‌ലാമിക സമൂഹം യതീംഖാനകളെ മറയാക്കി ഗുരുതര കുറ്റകൃത്യം ചെയ്യുന്നുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ രാത്രി ചര്‍ച്ചകളിലെ ‘ജഡ്ജിമാര്‍’ ആവതു ശ്രമിച്ചു.
കുട്ടികള്‍ക്കൊപ്പമെത്തിയ എട്ടുപേരെ മനുഷ്യക്കടത്ത് അടക്കമുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്തി റിമാന്‍ഡിലയക്കാന്‍ ഈ മാധ്യമപ്രചാരണം ഭരണകൂടത്തിന് സഹായം ചെയ്തു.
അന്നും അനാഥാലയങ്ങളെ അടുത്തറിഞ്ഞ മുസ്‌ലിം സമുദായത്തെ അയല്‍ക്കാരനായി കാണാന്‍ ഹൃദയമുള്ള ചില മാധ്യമപ്രവര്‍ത്തകര്‍ സത്യസന്ധമായ നിലപാട് സ്വീകരിച്ചു.
ടി.എം ഹര്‍ഷന്‍ അക്കൂട്ടത്തില്‍ ഒരാളാണ്. മുസ്‌ലിം ജീവിത പരിസരത്തെക്കുറിച്ചുള്ള പരിചയമായിരിക്കാം ഹര്‍ഷന് അതിനു ധൈര്യം പകര്‍ന്നത്. യതീംഖാനകള്‍ക്കെതിരായ ആരോപണങ്ങളെല്ലാം സി.ബി.ഐ തള്ളിക്കളയുന്ന ഈ ഘട്ടത്തില്‍ താന്‍ അന്നു സ്വീകരിച്ച നിലപാട് ഫേസ്ബുക്കില്‍ ഹര്‍ഷന്‍ പങ്കിടുകയും ചെയ്തു.
യതീംഖാന വിവാദകാലത്ത് മാധ്യമങ്ങള്‍ എന്തുകൊണ്ട് ഇരകളെ വേട്ടയാടിയെന്നും മുസ്‌ലിം സമുദായത്തെ ഹിംസിച്ചെന്നും വിശദമായി പരിശോധന അര്‍ഹിക്കുന്ന കാര്യമാണ്.
കുട്ടികളെ തടഞ്ഞുവച്ച പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ഭരണകൂടത്തിന്റെ എല്ലാ സംവിധാനങ്ങളും നിയന്ത്രിച്ചത് സത്യത്തില്‍ അന്നത്തെ സി.ഡബ്ല്യു.സി ചെയര്‍മാന്‍ ഫാദര്‍ ജോസ് പോളായിരുന്നു.
അര്‍ധ ജുഡീഷ്യല്‍ അധികാരവും പുരോഹിത വസ്ത്രത്തിന്റെ മേലാപ്പും ഉപയോഗിച്ച് ഫാദര്‍ പോള്‍ മാധ്യമങ്ങളെ കൃത്യമായി വഴിതിരിച്ചുവിട്ടു. കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിച്ചെന്ന ആരോപണം മുതല്‍ മനുഷ്യക്കടത്ത് വരെയുള്ള കുറ്റങ്ങള്‍ ആരോപിക്കാന്‍ കഴിയുംവിധം കഥകളുണ്ടാക്കി പാലക്കാട്ടെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് കൈമാറി.
ഇക്കാര്യത്തില്‍ സത്യവിരുദ്ധവും പദവിക്ക് നിരക്കാത്തതുമായ സമീപനമാണ് ഫാദറില്‍ നിന്നുണ്ടായത്. മാധ്യമങ്ങളാകട്ടെ കിട്ടിയ വിവരങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങി.
കുട്ടികളുടെ ജന ന സര്‍ട്ടിഫിക്കറ്റ് വ്യാജം, ജാര്‍ഖണ്ഡ് ബിഹാര്‍ സര്‍ക്കാരുകളെ അറിയിക്കാതെ കടത്തി, റിക്രൂട്ടിങ് ഏജന്റുമാരെ നിയമവിരുദ്ധമായി ഉപയോഗിച്ചു തുടങ്ങിയ കഥകളൊക്കെ മാധ്യമങ്ങള്‍ വഴി വരുന്നത് അങ്ങനെയാണ്. മാധ്യമങ്ങളില്‍ വരുന്ന ഇത്തരം വിവരങ്ങള്‍ ഉണ്ടാക്കുന്ന സമ്മര്‍ദം പൊലിസ് നടപടികളില്‍ പ്രതിഫലിച്ചു.
ബാലാവകാശ കമ്മിഷന്‍ ഇടപെട്ട് കുട്ടികളെ മൂന്നാഴ്ചയ്ക്കകം തിരിച്ചയക്കാന്‍ നിര്‍ദേശിക്കുന്നതെല്ലാം ഇത്തരം പ്രചാരണങ്ങളെ തുടര്‍ന്ന് ഉണ്ടായതാണ്.
ഈ വിഷയം മുസ്‌ലിംവിരുദ്ധ മുന്‍വിധിയോടെ മാധ്യമങ്ങളില്‍ കത്തിച്ചു നിര്‍ത്താന്‍ മനുഷ്യാവകാശ കമ്മിഷനിലെ അന്നത്തെ ഐ.ജിയും പരമാവധി ശ്രമിച്ചു. മുക്കം അടക്കമുള്ള ഓര്‍ഫനേജുകളില്‍ പോയി അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന്‍ തന്നെ വൈകിട്ട് ചാനല്‍ സ്റ്റുഡിയോയില്‍ ഇരുന്ന് യതീംഖാനകള്‍ക്കെതിരേ വിധിയെഴുത്ത് നടത്തുന്ന വിചിത്ര നാടകങ്ങളാണ് ആ ദിനങ്ങളില്‍ അരങ്ങേറിയത്.
മുസ്‌ലിം സമുദായത്തില്‍നിന്ന് തന്നെയുള്ള ചിലരെ പോലും തെറ്റിദ്ധരിപ്പിക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിയുകയും ചെയ്തു.
അന്നത്തെ യു.ഡി.എഫ് സര്‍ക്കാരില്‍ ഉണ്ടായിരുന്ന മുസ്‌ലിംലീഗ് ആകട്ടെ മാധ്യമപ്രചാരണങ്ങളില്‍ വല്ലാതെ വേവലാതിപ്പെടുകയും ചെയ്തു. മാധ്യമങ്ങളുടെയും ഹിന്ദുത്വ ശക്തികളുടെയും സ്ഥാപിത പ്രചാരണങ്ങളെ അതേ നാണയത്തില്‍ നേരിട്ടില്ലെങ്കില്‍ എന്തു സംഭവിക്കുമെന്ന് അഞ്ചാം മന്ത്രി വിവാദം ഉദാഹരണമാണ്.
അഞ്ചാം മന്ത്രിയുടെ പേരില്‍ ലീഗിനും മുസ്‌ലിം സമുദായത്തിനുമെതിരേ സംഘടിത സവര്‍ണ ശക്തികള്‍ നടത്തിയ പ്രചാരണത്തിന്റെ പ്രതിഫലനമാണ് കേരളത്തില്‍ ബി.ജെ.പിക്കുണ്ടായ വളര്‍ച്ച. അത്തരം പ്രചാരണങ്ങള്‍ ബദല്‍ പ്രചാരണം (ആഖ്യാനം) കൊണ്ട് നേരിടുന്നതില്‍ ലീഗ് അന്ന് ശ്രദ്ധിച്ചില്ല. യതീംഖാന വിഷയത്തിലും ഇ.ടി മുഹമ്മദ് ബഷീറിനെ പോലെ ചിലര്‍ ശക്തമായി രംഗത്തുവന്നതൊഴിച്ചാല്‍ കാര്യമായ പ്രതിരോധം സാമുദായിക രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് കണ്ടില്ല.
ഇത്തരം പ്രചാരണങ്ങള്‍ തനിയെ അവസാനിച്ചുകൊള്ളും എന്ന് കരുതിയാല്‍ സാമുദായിക രാഷ്ട്രീയം തന്നെ അസാധ്യമാകുന്ന രാഷ്ട്രീയ സാഹചര്യം ഉരുത്തിരിയുന്നത് കാണേണ്ടിവരും.
അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദിക്കാനോ സ്വത്വം പ്രകാശിപ്പിക്കാനോ കഴിയാത്ത സാഹചര്യം രൂപപ്പെടും.
മാധ്യമങ്ങളുടെയും സംഘടിത സവര്‍ണ ഗ്രൂപ്പുകളുടെയും കുത്സിത നീക്കങ്ങളെ ബദല്‍ പ്രചാരണത്തിലൂടെ തന്നെ നേരിടണം.
കെ. കേളപ്പനും വി.എം കൊറാത്തും സി.കെ ഗോവിന്ദനുമെല്ലാം ജീവിച്ച കേരളത്തിലാണ് സി.എച്ച് മുഹമ്മദ് കോയ സര്‍ഗാത്മക പ്രതിരോധം തീര്‍ത്ത് സാമുദായിക ജീവിതവും സാമുദായിക രാഷ്ട്രീയ ജീവിതവും സാധ്യമാക്കിയത് എന്ന് മറക്കരുത്. മാധ്യമപ്രചാരണങ്ങളെ പറഞ്ഞും എഴുതിയും തന്നെ നേരിടണം. മാധ്യമങ്ങളെ വിമര്‍ശിക്കുകയും മാധ്യമപ്രവര്‍ത്തകരെ കാര്യങ്ങള്‍ സമയോചിതം ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടി വരും.
ചിലപ്പോള്‍ പ്രതിഷേധങ്ങള്‍ വേണ്ടി വരും. അല്ലാതെ എല്ലാം തനിയെ ശരിയാകുമെന്ന് കരുതരുത്. പത്രമുത്തശ്ശിമാര്‍ ലൗ ജിഹാദെന്ന സംഘടിത പ്രചാരണം നടത്തിയപ്പോള്‍ പറഞ്ഞും എഴുതിയും തന്നെയാണ് സമുദായം നേരിട്ടത്. കോഴിക്കോട് കേന്ദ്രീകരിച്ച് സംഘ്പരിവാറിന്റെ മാനസപുത്രന്‍ അക്ബര്‍ അലി ലൗ ജിഹാദ് കുന്തവുമായി വീണ്ടും ഇറങ്ങിയപ്പോള്‍ ഇത്തരം പത്രങ്ങള്‍ ഏറ്റെടുക്കാന്‍ ധൈര്യപ്പെടാതിരുന്നതും ബദല്‍ പ്രചാരണത്തിന്റെ ശക്തിയാണ്.
അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ഈ കുറിപ്പുകാരന്‍ പഴയതെല്ലാം കുത്തിപ്പൊക്കി കള്ളപ്രചാരണത്തിന്റെ കഥ പറയുന്നതും ഇനിയും ഈ സമുദായം അന്യായങ്ങള്‍ക്ക് ഇരയാകാതിരിക്കാനാണ്.
കേരളത്തിലെ മാധ്യമപ്രവര്‍ത്തകരില്‍ വലിയൊരു ശതമാനത്തിന് ഇസ്‌ലാമോഫോബിയയുണ്ട്. മുസ്‌ലിം സമുദായത്തിനെതിരായ ഓരോ വാര്‍ത്തയും അവര്‍ പരമാവധി പ്രഹരശേഷിയോടെയാണ് സമൂഹത്തിലേക്ക് നല്‍കുന്നത്. സംശയത്തിന്റെ ആനുകൂല്യം ഈ സമുദായത്തിന് ലഭിക്കാറില്ല. മാധ്യമങ്ങളെ മാനേജ് ചെയ്യുന്നതില്‍ ഈ സമുദായം സംഘടിതമായി ശ്രമിക്കാറുമില്ല. ഈ വിടവില്‍ ഇസ്‌ലാം മുസ്‌ലിംവിരുദ്ധ പ്രചാരണം നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് എളുപ്പമാവുകയാണ്. യതീംഖാന വിവാദത്തിലും തെളിഞ്ഞുകണ്ടത് ഈ വംശീയ മുന്‍വിധി തന്നെയാണ്.
സ്വതന്ത്രമെന്ന് കരുതുന്ന മാധ്യമങ്ങളിലെ മുസ്‌ലിം റിപ്പോര്‍ട്ടര്‍മാര്‍ പോലും സമുദായത്തിനെതിരേ കഥകള്‍ മെനയുന്നതില്‍ അന്ന് പങ്കാളിത്തം വഹിച്ചതും ഓര്‍ക്കണം. നഖ്‌വിമാരും ചേന്ദമംഗല്ലൂരുകാരും രാഷ്ട്രീയത്തിലും സാഹിത്യത്തിലും മാത്രമല്ല, മാധ്യമപ്രവര്‍ത്തകരിലുമുണ്ട് എന്ന് തിരിച്ചറിയണം.
ഇനിയെന്ത്
യതീംഖാനകളിലേക്ക് വരുന്ന കുട്ടികള്‍ ഇനിയും ഇതുപോലെ തടഞ്ഞുവയ്ക്കപ്പെടാം. ഭരണകൂടം അവരെ നിര്‍ദയം കൈകാര്യം ചെയ്യാം. പക്ഷേ അന്നെല്ലാം നീതിക്കു വേണ്ടി നിര്‍ഭയം പോരാടന്‍ ഈ സമുദായത്തിന് മുന്‍പത്തേതിനേക്കാള്‍ കരുത്തുണ്ടാകണം. അതിന് ഇന്നലെകളിലെ കല്ലേറുകളെ കുറിച്ച് ഓര്‍മയുണ്ടാകണം.
നീതിയെക്കുറിച്ചുള്ള ബോധ്യവും അതിനായി നിലകൊള്ളാനുള്ള ധൈര്യവും പ്രധാനമാണ്. ഭരണകൂടം ആരുടെ കൈയിലാണെങ്കിലും നീതി താലത്തില്‍വച്ച് കിട്ടുമെന്ന് പ്രതീക്ഷിക്കരുത്. ജാഗ്രതയും സ്വയംവിമര്‍ശനവുമുള്ള ഒരു സമുദായത്തിനല്ലാതെ അതിജീവിക്കാനാകില്ല.
അതുകൊണ്ട് മാധ്യമങ്ങള്‍ ജോലി തുടരട്ടെ, ഭരണകൂടം ഭരിക്കട്ടെ. നമുക്ക് സമുദായത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും ചിന്തിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.