
മുംബൈ: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെയും തൊഴിലില്ലായ്മയുടെയും പേരില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് ബജാജ് ഓട്ടോ കമ്പനി ചെയര്മാന് രാഹുല്‍ ബജാജും മകനും മാനേജിങ് ഡയറക്ടറുമായ രാജീവ് ബജാജും. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കും തൊഴില്‍ നഷ്ടത്തിലേക്കും ആഭ്യന്തര വാഹന വ്യവസായം നിപതിച്ചുകൊണ്ടിരിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ വിവേകരഹിത നടപടികള്‍ മൂലമാണെന്ന് ബജാജ് ഉടമകള്‍ വ്യക്തമാക്കി. ബജാജ് ഓട്ടോയുടെ 12 മത് വാര്‍ഷിക പൊതുയോഗത്തില്‍ ഇരുവരും കനത്ത ആശങ്കകള്‍ ഓഹരി ഉടമകളുമായി പങ്കുവയ്ക്കുകയും ചെയ്തു.
വാഹന വ്യവസായ രംഗത്ത് ഡിമാന്‍ഡും സ്വകാര്യ നിക്ഷേപവുമില്ലാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ വളര്‍ച്ച എവിടെ നിന്ന് വരും? അത് ആകാശത്ത് നിന്ന് പൊട്ടി വീഴില്ല. വാഹന വ്യവസായം വളരെ പ്രയാസകരമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കാറുകളും വാണിജ്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഇക്കാര്യത്തില്‍ ഏകദേശം ഒരു പോലെ തന്നെയാണെന്നും രാഹുല്‍ ബജാജ് കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തര വാഹന വ്യവസായം കനത്ത മാന്ദ്യത്തെ അഭിമുഖീകരിക്കുന്നു. എല്ലാ വിധ വാഹനങ്ങളുടെയും വില്‍പ്പന ഓരോ മാസവും കുത്തനെ കുറയുന്നു. ഇതിനു പുറമേ, വിസ്മയം ജനിപ്പിക്കുന്ന തരത്തിലുള്ള അവ്യക്തതകള്‍ നിറഞ്ഞതാണ് സര്‍ക്കാരിന്റെ ഇവാഹന നയമെന്ന് അച്ഛനും മകനും ചൂണ്ടിക്കാട്ടി.
Bajaj father-son duo hits out at govt on slowdown