2020 January 25 Saturday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ബഹ്‌റൈന്‍ ഒരുങ്ങി; ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രഥമ ചരിത്ര സന്ദര്‍ശനം ഇന്ന്

>നാഷണല്‍ സ്റ്റേഡിയത്തില്‍ പ്രവാസികളെ അഭിസംബോധന ചെയ്യും,
>മനാമ ശ്രീകൃഷ്ണ ക്ഷേത്ര നവീകരണദ്ഘാടനം ഞായറാഴ്ച

#ഉബൈദുല്ല റഹ് മാനി

മനാമ: പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ദ്വിദിന ചരിത്ര സന്ദര്‍ശനത്തിന് ഇന്ന്‌
ബഹ്‌റൈന്‍ സാക്ഷിയാകും. ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ബഹ്‌റൈന്‍ ഭരണാധികളും പ്രവാസികളും ആവേശകരമായ ഒരുക്കത്തിലാണ്. ബഹ്‌റൈന്‍ എയര്‍പോര്‍ട്ടു മുതല്‍ പ്രധാനമന്ത്രി പൊതു സമൂഹത്തെ അഭിസംബോധന ചെയ്യുന്ന ഈസാടൗണ്‍ നാഷണല്‍ സ്റ്റേഡിയം വരെ പല ഭാഗങ്ങളിലും നിരത്തുകളില്‍ മോദിക്ക് സ്വാഗതമരുളുന്ന ബോര്‍ഡുകളും ഇന്ത്യന്‍ ദേശീയ പതാകകളും നിറഞ്ഞു കഴിഞ്ഞു.

വെള്ളിയാഴ്ച യു.എ.ഇയിലെത്തിയ നരേന്ദ്രമോദിക്ക് ശനിയാഴ്ച നടക്കുന്ന ചടങ്ങില്‍ പരമോന്നത സിവിലിയന്‍ ബഹുമതിയായ ശൈഖ് സായിദ് മെഡല്‍ സമ്മാനിക്കും. തുടര്‍ന്ന് ശനിയാഴ്ച ഉച്ചക്ക് പ്രാദേശിക സമയം ഒരു മണിയോടെയാണ് മോദി ആദ്യമായി ബഹ്‌റൈനിലെത്തുന്നത്.
ബഹ്‌റൈനില്‍ ഉന്നത തല കൂടിക്കാഴ്ചകള്‍ക്കു ശേഷം വൈകിട്ട് 5മണിക്ക് റിഫഈസാടൗണിലെ ബഹ്‌റൈന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന മോദി രാത്രി ബഹ്‌റൈന്‍ രാജാവ് ഒരുക്കുന്ന അത്താഴവിരുന്നിലും പങ്കെടുക്കും.

ഇന്ത്യബഹ്‌റൈന്‍ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെടുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഈ ചരിത്ര സന്ദര്‍ശനം ഏറെ പ്രതീക്ഷകളോടെയാണ് ഇരു രാജ്യങ്ങളിലെയും രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ സുപ്രധാനമായ ചില വ്യാപാര കരാറുകളില്‍ ഒപ്പുവെക്കുന്നതിനു പുറമെ, രൂപ ക്രഡിറ്റ് കാര്‍ഡ് ലോഞ്ചിങ്, ഖലീജ് അല്‍ ബഹ്‌റൈന്‍ ബേസിന്‍ എന്നിവയിലെ നിക്ഷേപം തുടങ്ങിയവക്കും തുടക്കമാകും. ഇവയുള്‍പ്പെടെ മറ്റു വിവിധ ഇന്ത്യന്‍ വ്യവസായ സംരംഭങ്ങളിലും ഇന്ത്യയും ബഹ്‌റൈനും ഒപ്പു വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബഹ്‌റൈനിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ചരിത്രത്തിന്റെ നാഴികക്കല്ലായി മാറുമെന്ന് വിവിധ മേഖലയിലുള്ളവര്‍ ഇതിനകം പ്രതികരിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധം ശക്തമാക്കുന്ന ഒരു ചരിത്ര സന്ദര്‍ശനമാണിതെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടറുമായ എം.എ .യൂസഫലി പറഞ്ഞു.

20182019 വര്‍ഷത്തെ ഇന്ത്യ ബഹ്‌റൈന്‍ ഉഭയകക്ഷി വ്യാപാര വളര്‍ച്ച 1.282 ഡോളറില്‍ എത്തി നില്‍ക്കുകയാണെന്നും ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനത്തിന്റെ വര്‍ദ്ധനവാണെന്നും അഭിപ്രായപ്പെട്ട അദ്ധേഹം ബഹ്‌റൈന്റെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ എന്നും കൂട്ടിച്ചേര്‍ത്തു. ബഹ്‌റൈന്‍ സന്ദര്‍ശനത്തിന്റെ രണ്ടാംദിനമായ ഞായറാഴ്ച കാലത്ത് 7 മണിയോടെ, ബഹ്‌റൈനിലെ ഏറ്റവും വലിയ പുരാതന ഹൈന്ദവ ക്ഷേത്രമായ മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ 200 ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ക്ഷേത്ര നവീകരണത്തിന്റെ ഉദ്ഘാടനവും മോദി നിര്‍വ്വഹിക്കും.
ബഹ്‌റൈന്‍ തലസ്ഥാന നഗരിയായ മനാമയില്‍ 45000 ചതുരശ്ര അടി വിസ്തൃതിയില്‍ മൂന്നൂ നിലകളിലായി 30 കോടി രൂപയുടെ ക്ഷേത്രസമുച്ചയമാണ് നിര്‍മ്മിക്കുന്നത്.
ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഞായറാഴ്ച പ്രധാനമന്ത്രി തുടക്കം കുറിക്കുന്നതെന്ന് ബഹ്‌റൈന്‍ തട്ടായി ഹിന്ദു കമ്മ്യൂണിറ്റി പ്രസിഡന്റ് ബോബ്താക്കര്‍ വ്യക്തമാക്കി.
ബഹ്‌റൈനില്‍ 200 വര്‍ഷം മുന്പ് സ്ഥാപിതമായ പൂരാതന ക്ഷേത്രത്തിന്റെയും ബഹ്‌റൈനിന്റെയും ചരിത്രത്തില്‍ ഇത് ഒരു നാഴിക കല്ലാകും. ഇസ്ലാമിക രാഷ്ട്രമായിരിക്കെ തന്നെ ഇതര മതസ്ഥരോട് ബഹ്‌റൈന്‍ കാണിക്കുന്ന സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും ഉജ്ജ്വല പ്രതീകം കൂടിയാണ് ബഹ്‌റൈന്‍ തലസ്ഥാന നഗരിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ ശ്രീകൃഷ്ണ ക്ഷേത്രം. നേരത്തെ സുഷമാ സ്വരാജിന്റെ ബഹ്‌റൈന്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഈ ക്ഷേത്ര സമുച്ചയമുള്‍ക്കൊള്ളുന്ന പ്രദേശങ്ങളെ ലിറ്റില്‍ ഇന്ത്യാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ചിരുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനാര്‍ത്ഥം ബഹ്‌റൈനിലെ നിരത്തുകളില്‍ ബഹ്‌റൈന്‍ പതാകകള്‍ക്കൊപ്പം ഇന്ത്യന്‍ പതാകകളും ഉയര്‍ന്നപ്പോള്‍ ഗ്രാന്റ് മോസ്‌കിന്റെ പശ്ചാതലത്തില്‍ ജുഫൈറില്‍ നിന്നുള്ള കാഴ്ച


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.